ഉറ്റവരുടെ ഹൃദയം ഉലച്ച് കണ്ണീർ നനവുള്ള മണ്ണിലൂടെ...
text_fieldsകൊച്ചി: ഇതിഹാസ രാഷ്ട്രീയ സപര്യക്ക് വിട നൽകി ബുധനാഴ്ച കെ.എം. മാണിയുടെ വിലാപയാത്ര കടന്നുപോയ മണ്ണിന് കണ്ണീരിെൻറ നനവായിരുന്നു. നേതൃത്വത്തിലേക്കുള്ള വളർച്ചക്ക് വിള നിലമായ പാലായുടെ ഭൂമികയിലേക്കുള്ള യാത്രയിലുടനീളം കണ്ണീർ തളംകെട്ടിനിന്നു. എറണാ കുളം ലേക് ഷോർ ആശുപത്രി മുതൽ കരഞ്ഞുകലങ്ങിയ കണ്ണുകൾ പ്രിയ നേതാവിനോട് ചേർന്നുനിന്നു . വിയോഗത്തിലും വിരൽത്തുമ്പ് നെഞ്ചോട് അടക്കിപ്പിടിച്ച പ്രിയ ഭാര്യ കുട്ടിയമ്മയും എന്നു ം തലോടലായി ചേർത്തുനിർത്തിയ മകൻ ജോസ് കെ. മാണിയും പ്രാണൻ പിടയുന്ന വേദനയിൽ കൈ ചേർത് തുപിടിച്ചു. ആർത്തിരമ്പുന്ന മുദ്രാവാക്യങ്ങൾക്കിടയിലൂടെ അതികായെൻറ രാജകീയ യാത്ര. ചോരാത്ത ആവേശത്തിനിടയിലും പ്രിയ നേതാവിെൻറ വിയോഗം നൽകിയ വേദന അണികളുടെ കണ്ഠനാദത് തെ വിറങ്ങലിപ്പിച്ചു. കരിങ്ങോഴക്കൽ തറവാട്ടിലേക്കുള്ള അവസാന യാത്രക്ക് കേരളത്തിെൻറ മാണിസാർ തയാറായിരിക്കുന്നു. സദാ കേരളം അദ്ദേഹത്തെ കണ്ടിട്ടുള്ളതുപോലെ തേച്ച് വടിവൊത്ത തൂവെള്ള ജുബ്ബ ധരിച്ചിരിക്കുന്നു.
ബുധനാഴ്ച രാവിലെ കൊച്ചിയിലെ ആശുപത്രിയിൽ കണ്ടപാടെ ജോസ് കെ. മാണിയെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർക്കുമ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചുണ്ടുകൾ സങ്കടത്താൽ വിതുമ്പുന്നുണ്ടായിരുന്നു. ശീതീകരിച്ച പെട്ടിക്കുള്ളിൽ പ്രിയനേതാവ് എന്നെന്നേക്കുമായുള്ള ഉറക്കത്തിൽ കിടക്കുമ്പോൾ അരികിലായി അവർ നിന്നു. എന്നും ഒപ്പമുണ്ടായിരുന്ന പി.ജെ. ജോസഫ് നേതാവിെൻറ മുഖത്തുനിന്ന് കണ്ണെടുക്കാതെ നിശ്ചലനായി. ആളുകളെ നിയന്ത്രിക്കുന്നതിനിടെ റോഷി അഗസ്റ്റിൻ എം.എൽ.എ പലവട്ടം പൊട്ടിക്കരച്ചിലിെൻറ വക്കോളമെത്തി.
ടി.യു. കുരുവിളയും മോൻസ് ജോസഫും ജോസഫ് എം. പുതുശ്ശേരിയുമടക്കമുള്ളവർ കൈകൾ ചേർത്തുപിടിച്ച് നിന്നപ്പോൾ നേതാക്കൾ വലയം വെച്ചു. ജീവൻ പിടിച്ചുനിർത്താൻ ശ്രമിച്ച ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ചാരെനിന്ന് കെ.എം. മാണി ഒടുവിലെ യാത്രക്കായി പുറപ്പെടുകയാണ്. മുന്നിലായി ജോസ് കെ. മാണി നിന്നു. കുട്ടിയമ്മയും മറ്റുമക്കളും ഈനേരം അവരുടെ അച്ചാച്ചെൻറ ചാരത്തേക്കെത്തി. ആശുപത്രി മുറ്റത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. ‘ഹൃദയത്തിെൻറ സ്പന്ദനമായി ജീവിക്കുന്നൂ ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ ജീവിക്കുന്നൂ മാണിസാർ...’ സങ്കടം അലകടലായ നിമിഷങ്ങൾ. കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് പ്രത്യേകം തയാറായി നിന്നു.
നേതാക്കൾ ഒരുമിച്ച് പ്രിയനേതാവിെൻറ ഭൗതികശരീരം വഹിച്ച പെട്ടിയിൽ പിടിച്ചു. അകത്തുകയറ്റി വെച്ചശേഷം തലക്കൽ ജോസ് കെ. മാണി ഇരുന്നു. ആശുപത്രിക്കുള്ളിൽനിന്ന് പുറത്തിറക്കാൻ മാത്രം 15 മിനിറ്റോളം വേണ്ടി വന്നു. സമയം രാവിലെ10.15. വാഹനം പുറപ്പെടുകയാണ്. ഒപ്പം പി.ജെ. ജോസഫും മോൻസ് ജോസഫും റോഷി അഗസ്റ്റിനുമടക്കം നേതാക്കൾ. ആശുപത്രിയിൽനിന്ന് പുറത്തിറങ്ങുന്നത് കാത്ത് നിന്നത് നൂറുകണക്കിനാളുകൾ. ലേക്ഷോർ ആശുപത്രിയിൽ നിന്ന് മരട് ജങ്ഷനിലെത്താൻ മാത്രമെടുത്തു ഒരു മണിക്കൂർ. ഹൈവേയിലുടനീളം നൂറുകണക്കിനുപേർ കാത്തുനിന്നു. നൂറോളം വാഹനങ്ങൾ അകമ്പടി സേവിച്ചു. ഓരോ ചെറു ജങ്ഷനിലും വൻ ജനാവലി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ലോ ഫ്ലോർ ബസിെൻറ വശങ്ങളിൽ വലയം വെച്ച ആളുകൾ പ്രിയനേതാവിെൻറ സമീപത്തുനിന്ന് മാറാൻ കൂട്ടാക്കാതെ വന്ന ഘട്ടങ്ങളിൽ പൊലീസ് ഇടപെട്ടു. വൈകിയപ്പോഴും ഓരോ സ്ഥലത്തും ജനസഞ്ചയം കാത്തുനിന്നു. മുൻ നിശ്ചയിച്ച പ്രകാരമുള്ള സമയമെല്ലാം അതിക്രമിച്ചു. 12ന് കോട്ടയത്ത് എത്താനാകുമെന്ന് വിചാരിച്ചിരുന്നെങ്കിലും തൃപ്പൂണിത്തുറയിൽ പോലും എത്താനായില്ല. ഇവിടെയും വലിയ ജനക്കൂട്ടമായിരുന്നു. സമയം ഉച്ചക്ക് 2.15. കോട്ടയം ജില്ല അതിർത്തിയായ പൂത്തോട്ടയിലേക്ക് കടക്കുകയാണ്. കെ.എം. മാണിയുടെ രാഷ്ട്രീയ വളർച്ചക്ക് സാക്ഷ്യം വഹിച്ച കോട്ടയം ജില്ല. ദൂരെനിന്ന് വാഹനങ്ങളിൽ അനൗൺസ്മെൻറ് മുഴങ്ങുന്നത് കേട്ടപ്പോൾ തന്നെ പ്രവർത്തകർ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു.
തുടർന്ന് ചരിത്രമുറങ്ങുന്ന വൈക്കത്തിെൻറ മണ്ണിലേക്ക്. വൈക്കം സത്യഗ്രഹ സ്മാരകത്തിന് മുന്നിലും നൂറുകണക്കിന് പേർ കാത്തുനിന്നു. നഗരത്തെ വലയം വെച്ച് മടക്കം. തുടർന്ന് കേരള കോൺഗ്രസിെൻറ കോട്ടകളിലേക്ക്. തലയോലപ്പറമ്പിൽ കാത്തുനിന്ന വൻ സഞ്ചയത്തിന് കാണാൻ അവസരം നൽകിയ ശേഷം എക്കാലവും കേരള കോൺഗ്രസിനെ താങ്ങിനിർത്തിയ കടുത്തുരുത്തിയുടെ മണ്ണിലേക്ക്. കെ.എം. മാണിയോളം പ്രായമുള്ള കേരള കോൺഗ്രസിെൻറ സാധാരണ പ്രവർത്തകർ രാവിലെ മുതൽ കടുത്തുരുത്തിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിയിൽ കാത്തുനിന്നെങ്കിലും വൈകിയതിനാൽ ആപ്പാഞ്ചിറയിലെത്തിയാണ് കണ്ടത്.
നിശ്ചയിച്ചതിലും ഏഴ് മണിക്കൂർ വൈകി കടുത്തുരുത്തിയിൽ എത്തിയപ്പോഴും ജനങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ജനസാഗരം വാഹനത്തെ വളഞ്ഞു. മുക്കാൽ മണിക്കൂറോളം ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.ചന്ദ്രശേഖരൻ എന്നിവരും കടുത്തുരുത്തിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. കിലോമീറ്ററുകൾ ദൂരെ വരെ നീളുന്ന ജനസഞ്ചയമായിരുന്നു അവിടെ. ആളുകളെ ഇവിടെനിന്ന് മാറ്റാൻ പ്രവർത്തകർ പണിപ്പെട്ടു.
വൈകിയതോടെ പ്രിയനേതാവിനെ കാണാൻ ഏറ്റുമാനൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ കാത്തുനിന്നവർ കടുത്തുരുത്തിയിലേക്ക് എത്താനും തുടങ്ങി. ഇതോടെ കാര്യങ്ങൾ വലിയ ബുദ്ധിമുട്ടിലായി. തുടർന്ന് ഒരു മണിക്കൂറോളം വീണ്ടും വൈകി കോട്ടയത്തേക്കുള്ള യാത്ര തുടർന്നു. ഈ സമയം മുട്ടുചിറ, കുറുപ്പന്തറ, കാണക്കാരി എന്നിവിടങ്ങളിലും രാത്രിയും ആളുകൾ കാത്തുനിൽക്കുകയായിരുന്നു. രാവിലെ മുതൽ കാത്തുനിന്നവരെ നിരാശരാക്കി മുന്നോട്ടുപോകാൻ നേതാക്കൾക്ക് കഴിയില്ലായിരുന്നു.
അവർക്കെല്ലാം ഒരുനോക്ക് കാണാൻ അവസര ം നൽകി വാഹനം മുന്നോട്ടുനീങ്ങി. കേരള കോൺഗ്രസ് ചരിത്രത്തിലെ നിർണായക പ്രദേശങ്ങളിലൊന്നായ ഏറ്റുമാനൂരിലെത്തുമ്പോൾ ജനങ്ങൾ വഴിയിലുൾപ്പെടെ നിറഞ്ഞിരുന്നു. തുടർന്ന് കേരള കോൺഗ്രസിെൻറ ചരിത്രം ആരംഭിച്ച തിരുനക്കര മൈതാനത്തേക്ക്. അവിടെയെത്തുേമ്പാൾ രാത്രി വൈകി. കേരള കോൺഗ്രസ് പിറവിയെടുത്ത മൈതാനത്ത് നിന്ന് എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളികൾ ഉയർന്നു. രാവിലെ മുതൽ അക്ഷമരായി കാത്തുനിന്നവർ ആർത്തിരമ്പുമ്പോൾ വികാരനിർഭരമായ രംഗങ്ങൾക്കാണ് കോട്ടയം സാക്ഷ്യം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.