കോട്ടയം സീറ്റിൽ അവകാശവാദവുമായി കെ.എം. മാണിയുടെ മരുമകൻ; ജോസഫ് വിഭാഗത്തിലെ അഭിപ്രായ ഭിന്നത രൂക്ഷം
text_fieldsകോട്ടയം: കോട്ടയം ലോക്സഭ സീറ്റ് സംബന്ധിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അഭിപ്രായ ഭിന്നത പരസ്യ പ്രതികരണത്തിലേക്ക്. കോട്ടയത്ത് മത്സരിക്കാൻ യോഗ്യൻ താൻ തന്നെയെന്ന് കേരള കോൺഗ്രസ് നേതാവും കെ.എം. മാണിയുടെ മരുമകനുമായ എം.പി. ജോസഫ് വ്യക്തമാക്കി.
സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണ്. കോട്ടയത്ത് തന്നെക്കാൾ മികച്ച സ്ഥാനാർഥി കേരള കോൺഗ്രസിലില്ല. ചെയർമാൻ പി.ജെ. ജോസഫ് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തി അന്തിമ തീരുമാനമെടുക്കും.
വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ തനിക്ക് യുവ വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. തന്‍റെ ക്ലീൻ ഇമേജും ഭരണരംഗത്തെ കഴിവും ഐക്യരാഷ്ട്ര സഭയിലെ 20 വർഷത്തെ പ്രവൃത്തി പരിചയവും സ്ഥാനാർഥി പരിഗണനയിൽ ഗുണം ചെയ്യുമെന്നും എം.പി. ജോസഫ് വ്യക്തമാക്കി.
കോട്ടയം സീറ്റിലേക്ക് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഫ്രാൻസിസ് ജോർജിനാണ് പ്രഥമ പരിഗണന നൽകുന്നത്. കൂടാതെ, കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ്, പി.സി. തോമസ്, പി.ജെ ജോസഫിന്‍റെ മകൻ അപ്പു ജോൺ ജോസഫ് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. അതേസമയം, കേരള കോൺഗ്രസ് മാണി വിഭാഗത്തിന്‍റെ സ്ഥാനാർഥി സിറ്റിങ് എം.പി തോമസ് ചാഴിക്കാടൻ തന്നെയാവും.
1978 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എം.പി. ജോസഫ്. തൃശ്ശൂർ സബ് കലക്ടറായാണ് ആദ്യ നിയമനം. തുടർന്ന് എറണാകുളം ജില്ല കലക്ടറായി. കുറച്ചു കാലം കൊച്ചി മേയറുടെ ചുമതലയും വഹിച്ചു. ശേഷം ലേബർ കമീഷണറായി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ലേബർ കമീഷണർ പദവി വഹിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് എം.പി. ജോസഫ്.
എം.പി. ജോസഫ് 2015ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 'തൃക്കരിപ്പൂർ: ചോര പുരണ്ട കഥകൾ പറയുമ്പോൾ ഒരു ഐ.എ.എസുകാരന്‍റെ ഇലക്ഷൻ സെൽഫി' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.