കെ.എം. റോയ്: നിർഭയ ഇടപെടലുകളിലൂടെ വസ്തുതകൾ അവതരിപ്പിച്ച മാധ്യമപ്രവർത്തകൻ
text_fieldsകൊച്ചി: ഓരോ വാർത്തയിലും മറ്റൊരു വാർത്തയുടെ തുടക്കമുണ്ടെന്ന് വിശ്വസിച്ച കെ.എം. റോയിയുടെ ഇടപെടലുകളാണ് പല പ്രധാന സംഭവങ്ങളുടെയും യഥാർഥ മുഖം പുറത്തെത്തിച്ചത്.
കോൺവൻറിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അഭയ കേസ് ഇതിന് ഉദാഹരണമാണ്. സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയല്ലെന്ന് തിരിച്ചറിഞ്ഞ ആദ്യ പത്രപ്രവർത്തകരിലൊരാൾ കെ.എം. റോയ് ആയിരുന്നു. പിന്നീട് അഭയ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ കെ.എം. റോയ് തുറന്നിട്ട വാർത്ത ജാലകത്തിലൂടെയായിരുന്നു. വാർത്തകളെ മറ്റാരും കാണാത്ത കണ്ണിലൂെട ദർശിച്ച് ഏറ്റവും മൂർച്ചയുള്ള വാക്കുകളിലൂെട അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അതുല്യമായിരുന്നു. ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിലെ മാധ്യമപ്രവർത്തകനെയും സാമൂഹിക പ്രവർത്തകനെയും രൂപപ്പെടുത്തിയത്.
മഹാരാജാസിലെ പഠനകാലത്ത് കോളജിന് സമീപത്ത് പ്രവർത്തിച്ചിരുന്ന 'കേരളപ്രകാശം' പത്രമായിരുന്നു തന്നെ മാധ്യമപ്രവർത്തകനാകാൻ പ്രേരിപ്പിച്ചതെന്ന് കെ.എം. റോയ് പറഞ്ഞിട്ടുണ്ട്. മത്തായി മാഞ്ഞൂരാനായിരുന്നു പത്രത്തിെൻറ അമരക്കാരൻ. അക്കാലത്ത് ഏറെ ആരും കടന്നുവരാത്ത പ്രതിസന്ധികൾ നിറഞ്ഞ മേഖലയാണെന്നറിഞ്ഞിട്ടും മനസ്സിന് ഇഷ്ടപ്പെട്ട തൊഴിൽ മാത്രമെ സ്വീകരിക്കൂവെന്ന തീരുമാനമാണ് അദ്ദേഹത്തെ പത്രപ്രവർത്തനത്തിൽ എത്തിച്ചത്.
എറണാകുളം മഹാരാജാസ് കോളജിൽ എം.എക്ക് പഠിക്കുന്ന കാലത്തെ ഒരു അനുഭവം പിൽക്കാലത്ത് മാധ്യമപ്രവർത്തകരെ അവകാശങ്ങൾക്കുവേണ്ടി സംഘടിപ്പിക്കുന്നതിലേക്ക് വഴിവെച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോളജിലേക്ക് നടന്നുപോകുമ്പോൾ ഒരു അച്ഛനും അമ്മയും തങ്ങളുടെ രണ്ട് പെൺമക്കളോടൊത്ത് പീടികവരാന്തയിൽ കിടക്കുന്ന കാഴ്ച അദ്ദേഹത്തിെൻറ കണ്ണ് നനയിച്ചിരുന്നു. ജീവിതം ദുസ്സഹമായി അക്കൂട്ടത്തിലെ പെൺകുട്ടിക്ക് പിന്നീട് റെയിൽേവ ട്രാക്കിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. വൈകാതെ പെൺകുട്ടിയുടെ പിതാവും ആത്മഹത്യ ചെയ്തു. പിൽക്കാലത്ത് മാധ്യമ പ്രവർത്തനരംഗത്ത് എത്തിയപ്പോഴായിരുന്നു അന്ന് കിടക്കാനിടമില്ലാതെ തെരുവിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ആ പിതാവ് പി.ടി.ഐ വാർത്താ ഏജൻസിയിൽ കൊച്ചിയിലെ 14 വർഷത്തോളം റിപ്പോർട്ടറായിരുന്ന രാമസ്വാമിയാണ് എന്ന് കെ.എം. റോയ് അറിഞ്ഞത്. ഈ സംഭവം അദ്ദേഹത്തെ ഏറെ വിഷമത്തിലാക്കി. 40 രൂപയായിരുന്നു പത്രപ്രവർത്തന രംഗത്ത് എത്തിയപ്പോൾ കെ.എം. റോയിയുടെ ആദ്യ ശമ്പളം. അന്നത്തെ മാധ്യമപ്രവർത്തകരുടെ ഏറെ ദയനീയ ജീവിതം വ്യക്തമായ അദ്ദേഹം അവകാശങ്ങൾക്കുവേണ്ടി അവരെ സംഘടിപ്പിച്ചു. പത്ര ഉടമകളുമായി ഹൃദ്യമായ ബന്ധം സ്ഥാപിച്ചുതന്നെയായിരുന്നു അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.