പോപുലർ ഫ്രണ്ടിനെതിരായ ജപ്തി നടപടി നീതിയല്ലെന്ന് കെ.എം ഷാജി
text_fieldsകോഴിക്കോട്: പോപുലർ ഫ്രണ്ട് - എസ്.ഡി.പി.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ജപ്തി നടപടി നീതിയല്ലെന്നാണ് കെ.എം ഷാജി പറഞ്ഞത്.
‘ഇപ്പോൾ എസ്.ഡി.പി.ഐയുടെ നേതാക്കന്മാർക്കും പ്രവർത്തകർക്കുമെതിരെ എടുക്കുന്ന നടപടി നേരാണെന്ന് കരുതുന്നുണ്ടോ? തീവ്രവാദത്തിന്‍റെ കനലിൽ വീണ്ടും എണ്ണയൊഴിക്കുകയാണ്. നിങ്ങൾ നീതിയാണോ കാണിക്കുന്നത്? അവരുടെ വീടുകളിൽ കയറി നിരപരാധിയായ അമ്മയും ഭാര്യയും മക്കളും നോക്കിനിൽക്കെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നോട്ടീസ് ഒട്ടിക്കുന്നത് സാർവത്രിക നീതിയാണോ?’ -മലപ്പുറത്ത് പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ഷാജി ചോദിച്ചു.
ജപ്തി ചെയ്തതിന്‍റെ റിപ്പോർട്ട് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു
പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമസംഭവങ്ങളിലുണ്ടായ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ വിവിധ ജില്ലകളിലായി സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തതിന്‍റെ റിപ്പോർട്ട് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു. ആകെ 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി ചെയ്തതായാണ് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡി. സരിത നൽകിയ റിപ്പോർട്ടിലുള്ളത്. മലപ്പുറം ജില്ലയിൽനിന്നാണ് ഏറ്റവുമധികം സ്വത്ത് ജപ്തി ചെയ്തത്.
ഏറ്റെടുത്ത ഭൂമിയുടെയും സ്വത്തിന്‍റെയും ജില്ല തിരിച്ചുള്ള കണക്കാണ് സർക്കാർ സമർപ്പിച്ചത്. ഇവരിൽ ചിലർ തങ്ങൾ പോപുലർ ഫ്രണ്ട് ഭാരവാഹികളല്ലെന്നും തെറ്റായാണ് തങ്ങളുടെ വസ്തുക്കൾ ജപ്തി ചെയ്തതെന്നും ആരോപിച്ച് പരാതി നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ് ഇതിൽ കൂടുതലെന്നും പരാതിയുടെ സത്യാവസ്ഥ പരിഗണിച്ച് നടപടിയെടുക്കുമെന്നും ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.