സി.പി.എം എഴുതിവെച്ചോളൂ, ഏപ്രിൽ ആറ് എന്ന ദിനം നിങ്ങളും മറക്കില്ല -കെ.എം. ഷാജി
text_fieldsകൂത്തുപറമ്പ്: മൻസൂർ കൊല്ലപ്പെട്ട ഏപ്രിൽ ആറ് എന്ന ദിവസം മുസ്‌ലിം ലീഗ് മാത്രമല്ല, സി.പി.എമ്മും ഒരിക്കലും മറക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി എം.എൽ.എ. ''ലീഗുകാർ ഈ ദിനം ഓർത്തുവെക്കണമെന്നാണ് സി.പി.എമ്മുകാർ എഴുതിയത്. ഞങ്ങൾ ഈ ദിവസം മറക്കില്ല. മരണം വരെ മറക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരെന്റെ മരണ ദിവസമാണത്. പക്ഷേ, സി.പി.എമ്മുകാരും നെഞ്ചിൽ കുറിച്ച് എഴുതിവെച്ചോളൂ, നിങ്ങളും ഈ ദിനം മറക്കില്ല. ഒരു നിരപരാധിയെ കൊന്നു തള്ളിയവരെ പുഴുത്ത പട്ടിയെ പോലെ േലാകം ഓർക്കും. കേരളത്തിലെ തെരുവിൽനിന്ന് നിങ്ങളെ ജനം ആട്ടിയോടിക്കുേമ്പാഴും അവരുടെ മനസ്സിൽ ഒരു ദയയും നിങ്ങളോടുണ്ടാവില്ല. അവിടേക്കാണ് പാർട്ടിയെ നിങ്ങൾ എത്തിക്കുന്നത്.'' -ഷാജി പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തെ കുറിച്ച് സാംസ്‌കാരിക നായകർ മൗനം പാലിക്കുന്നതിനെ ഷാജി രൂക്ഷമായി വിമർശിച്ചു. ഡാൻസ് കളിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആവശ്യപ്പെടുന്ന സാഹിത്യകാരൻമാർ വോട്ടുചെയ്യാനും െകാടിപിടിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മിണ്ടാത്തതെന്താണ്. ജനങ്ങൾ വെറുക്കേണ്ടത് കൊലയാളികളെ മാത്രമല്ല, അക്രമത്തിന്‍റെ ഫാക്ടറിയായ സി.പി.എമ്മിനെ കൂടിയാണ്.
മൻസൂറിന്‍റെ കൊലപാതകികൾ സാമൂഹിക സേവകരുടെ കുപ്പായമിട്ട ചെന്നായകളാണ്. അവരെക്കുറിച്ച് അത്യാവശ്യം നല്ല കാര്യങ്ങളൊക്കെ പറയാൻ ഉണ്ടാകും. എന്നാൽ, ഒരുഭാഗത്ത് സൗമ്യതയുടെയും നന്മയുടെയും ചെറിയ വശങ്ങളുള്ള ഇവരൊക്കെ സി.പി.എമ്മിന്‍റെ ലേബലിലേക്ക് വരുേമ്പാൾ കൊടുവാളെടുക്കുന്നവരായും മൃഗങ്ങളായും മാറുകയാണ്. പി. ജയരാജന്‍റെ മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ മിനിറ്റിനുള്ളിൽ പതിനായിരക്കണക്കിന് ലൈക്ക് ആണ് വരുന്നത്. അരയിൽ കത്തിയും മടക്കിവെച്ച് പതിനായിരക്കണക്കിന് ആളുകൾ ഇരിപ്പുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.
കൂടിവന്നാൽ പ്രതികളെ പിടിക്കുകയാണ് ചെയ്യുക. പിടിച്ചാൽ തന്നെ അവർ ആഴ്ചക്കാഴ്ചക്ക് സെൻട്രൽ ജയിലിൽനിന്ന് ടൂർ വരാൻ റെഡിയായിരിക്കും. അവരുടെ വീട്ടിലെ കല്യാണം നടത്താൻ ഷംസീറിനെ പോലുള്ളവർ എം.എൽ.എമാരായി ഉണ്ടാകും. പിണറായി വിജയനെ പോലുള്ളവർ മുഖ്യമന്ത്രിമാരായും ഉണ്ടാകും. യഥാർഥ അന്വേഷണം നടത്തേണ്ടത് സി.പി.എമ്മിനെ കുറിച്ചും അവരുടെ കൊലപാതക മെഷിനറിയെയും കുറിച്ചാണ്. കൊല്ലാൻ വന്നവനെ മാത്രമല്ല, കൊല്ലിച്ചവനെയും പിടികൂടണം.
രാജ്യത്ത് കലാപങ്ങളുടെ സ്പോൺസർമാരായി ഒരു പാർട്ടിയുണ്ടെങ്കിൽ അത് സി.പി.എമ്മാണെന്ന് അദ്ദേഹം പറഞ്ഞു. പാനൂർ കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപോരാട്ടം നടത്തുമെന്നും കെ.എം ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.