ശശിയുടെ കൈയിൽ അൻവറിനെയും മുഖ്യമന്ത്രിയെയും പൂട്ടാനുള്ള മരുന്നുണ്ട്, ഒടുവിൽ ജനം ശശിയാകും -കെ.എം. ഷാജി
text_fieldsകോഴിക്കോട്: എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി സുജിത് ദാസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഒടുവിൽ പാർട്ടിക്ക് കീഴടങ്ങി നിശ്ശബ്ദനായ പി.വി അന്‍വറിന്‍റെ ആരോപണങ്ങളെ കുറിച്ച് പ്രതികരണവുമായി മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. എസ്.പിയെയും എ.ഡി.ജി.പിയെയും അൻവറിനെയും മുഖ്യമന്ത്രിയെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ കൈയിലുണ്ടെന്നും കഥാന്ത്യത്തിൽ ജനം ശശിയാകുമെന്നും ഷാജി പറഞ്ഞു.
അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന പ്രശ്നമല്ല ഇപ്പോഴത്തേത്. കേരളത്തിലെ ജനങ്ങളെ ഒന്നാകെ ബാധിക്കുന്ന കേസാണിത്. ഇത് അൻവറിന്റെ പരിധിയിലോ മുഖ്യമന്ത്രിയുടെ മാത്രം പരിധിയിലോ നിൽക്കുന്ന കേസല്ല. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം വേണം. ഗുരുതരമായ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം വേണം. ഇതിന്റെ കഥാന്ത്യം എന്താണെന്ന് വെച്ചാൽ, എ.ഡി.ജി.പിയെയും സുജിത് ദാസിനെയും പൂട്ടാനുള്ള തെളിവ് അന്‍വറിന്റെ കൈയിലുണ്ട്. അന്‍വറിനെ പൂട്ടാനുള്ള തെളിവ് മുഖ്യമന്ത്രിയുടെ കൈയിലുണ്ട്. മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള തെളിവ് ഇവരുടെഎല്ലാ നെറികേടുകൾക്കും കൂട്ടുനിന്ന എ.ഡി.ജി.പിയുടെയും എസ്.പിയുടെയും കൈയിലുണ്ട്.
എസ്.പിയെയും എ.ഡി.ജി.പിയെയും അൻവറിനെയും മുഖ്യമന്ത്രിയെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ കൈയിലുണ്ട്. കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങും. സമരമൊഴിഞ്ഞു പ്രതിപക്ഷത്തിന് എവിടെയാണ് സമയം. അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു.
അതിനിടെ, പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഏഴുതവണ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.