ടീകോമിന് പകരം ആര്? മുഖ്യമന്ത്രിയുടെ മകൾ വീണയോ, മകന്‍റെ അമ്മായിയപ്പനോ; ചോദ്യങ്ങളുമായി കെ.എം ഷാജി
text_fieldsകോഴിക്കോട്: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ മാറ്റുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി. മുഖ്യമന്ത്രിയുടെ മകൾക്കോ മകന്‍റെ അമ്മായിയപ്പനോ വേണ്ടിയാണ് ദുബൈ സർക്കാറിന് പങ്കാളിത്തമുള്ള കമ്പനിയെ മാറ്റുന്നതെന്ന് സംശയിക്കേണ്ടി വരുമെന്നും കെ.എം ഷാജി പറഞ്ഞു.
ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ ഐ.ടി കൊണ്ട് പണമുണ്ടാക്കുന്ന ആധുനിക കാലത്ത് ടീകോമിനെ കേരളം പറഞ്ഞയക്കുന്നു. ടീകോമിന് പകരം ആരാണ് കേരളത്തിലേക്ക് വരുന്നതെന്ന് ഷാജി ചോദിച്ചു.
ഊരാളുങ്കൽ ആണോ? അതല്ല മുഖ്യമന്ത്രിയുടെ മകന്‍റെ അമ്മായിയപ്പനാണോ? മകൾ സാക്ഷാൽ വീണയാണോ? മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഭൂരിപക്ഷമുള്ള ഏത് കമ്പനിയാണെന്ന് പറയാൻ ഉത്തരവാദിത്തമുണ്ടെന്നും കെ.എം ഷാജി വ്യക്തമാക്കി.
അതേസമയം, ടീകോം കമ്പനിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഒരു ആക്ഷേപത്തിനും സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ടീകോം കമ്പനിയാണ് സര്‍ക്കാറുമായുള്ള കരാർ പാലിക്കാത്തത്. കരാർ പാലിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് തുക ഈടാക്കാൻ വ്യവസ്ഥയുണ്ട്.
എന്നിട്ടും വീണ്ടും അവര്‍ക്ക് പണം കൊടുക്കുന്നതിന് പിന്നില്‍ അഴിമതിയാണ്. 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് കൊടുക്കുന്നതിനു വേണ്ടിയാണ് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാരും ഘടകകക്ഷികളും പോലും അറിയാതെ പദ്ധതി അവസാനിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കരാർ പ്രകാരമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കെ, സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം കമ്പനിയെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനുള്ള മന്ത്രിസഭ തീരുമാനമാണ് വിവാദത്തിലായത്. സംസ്ഥാനത്തിന് നഷ്ടമുണ്ടായ സാഹചര്യത്തിൽ കമ്പനിക്ക് നഷ്ടപരിഹാരം അങ്ങോട്ടുനൽകി കരാർ അവസാനിപ്പിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. കമ്പനിക്ക് പണം നൽകാനുള്ള തീരുമാനം കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമെന്നാണ് പ്രതിപക്ഷ നിലപാട്.
മന്ത്രിസഭ തീരുമാനങ്ങൾ സംബന്ധിച്ച അറിയിപ്പിൽ നാലുവരി മാത്രമാണ് ഈ സുപ്രധാന വിഷയത്തിലെ തീരുമാനമുൾപ്പെടുത്തിയിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാർശകൾ അംഗീകരിച്ചാണ് തീരുമാനമെന്നാണ് കുറിപ്പിലുള്ളത്. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയെ ഒഴിവാക്കുന്നതെന്നതിൽ അറിയിപ്പിലും മൗനംപുലർത്തി.
നഷ്ടപരിഹാരം നൽകി ടീകോമിനെ ഒഴിവാക്കിയ ശേഷം പുതിയ സംരംഭകരെ കണ്ടെത്തി പദ്ധതി പുതിയ രൂപത്തിൽ ചലിപ്പിക്കാനാണ് സർക്കാർ നീക്കം. ഇൻഫോപാർക്കിന്‍റെ അടക്കം വികസനം സർക്കാറിന്‍റെ മുന്നിലുണ്ട്. അതേസമയം സർക്കാറിന് നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന വിമർശനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.