Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.വൈ.എഫ്‌.ഐക്കാർക്കും...

ഡി.വൈ.എഫ്‌.ഐക്കാർക്കും എസ്‌.എഫ്‌.ഐക്കാർക്കും സവിശേഷ സ്വാഗതം; വീട് കാണാൻ ക്ഷണിച്ച് കെ.എം. ഷാജി

text_fields
bookmark_border
ഡി.വൈ.എഫ്‌.ഐക്കാർക്കും എസ്‌.എഫ്‌.ഐക്കാർക്കും സവിശേഷ സ്വാഗതം; വീട് കാണാൻ ക്ഷണിച്ച് കെ.എം. ഷാജി
cancel

കോഴിക്കോട്: വിവാദങ്ങളുടെ കേന്ദ്രമായി മാറിയ തന്‍റെ വീട് കാണാൻ ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുവരാമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി എം.എൽ.എ. ഡി.വൈ.എഫ്‌.ഐക്കാർക്കും എസ്‌.എഫ്‌.ഐക്കാർക്കും വീട്ടിലേക്ക് സവിശേഷ സ്വാഗതം. അകത്ത്‌ വന്ന് ഒരു കട്ടൻ ചായ കുടിച്ച ശേഷം ഉള്ളിലുള്ളതെല്ലാം കാണാമെന്നും ഷാജി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

വിവാദത്തിലേക്ക്‌ വലിച്ചിഴച്ചത്‌ കൊണ്ട്‌ തന്നെയാണ് കാണുവാൻ ആഗ്രഹമുള്ളവരെ ക്ഷണിക്കുന്നത്‌.

താമസം തുടങ്ങുന്ന സമയത്ത്‌ ആരെയും ക്ഷണിച്ചിട്ടില്ല.

പാർട്ടി ഗുണ്ടകളുടെ സുരക്ഷാ വലയത്തിനാൽ ചുറ്റപ്പെട്ട പാർട്ടി ഗ്രാമത്തിലല്ല തന്‍റെ വീട്; കോഴിക്കോട് - വയനാട്‌ ഹൈവേയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വീടെത്താം.

ആഡംബരങ്ങളെ നിരുത്സാഹപ്പെടുത്തുന്നതാണ് തന്‍റെ നിലപാടെന്നും ഷാജി പറയുന്നു. 200 പേരെ മാത്രം ക്ഷണിച്ച് തന്‍റെ വിവാഹം നടത്തിയത് ആഡംബര ആഘോഷങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാടിന്‍റെ ഭാഗമായാണ്.

വീട് ഉണ്ടാക്കിയതിനുള്ള വരുമാന സ്രോതസ്സ്‌ ബന്ധപ്പെട്ടവർ ചോദിച്ചിട്ടുണ്ട്. അവർക്ക്‌ മുന്നിൽ അവ ഹാജരാക്കും. മറ്റെന്തെല്ലാം ഉപേക്ഷിക്കേണ്ടി വന്നാലും രാഷ്ട്രീയ നിലപാടുകളും നെറികേടുകളോടുള്ള വിയോജിപ്പുകളും തുടരുക തന്നെ ചെയ്യുമെന്നും കെ.എം. ഷാജി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

കെ.എം. ഷാജിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

എന്‍റെ വീടും സമ്പാദ്യവും ആണല്ലോ ഇപ്പോഴത്തെ പ്രധാന ചർച്ചകളിലൊന്ന്!!

ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക്‌ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയനാവുന്നതിൽ എനിക്ക് വിഷമമില്ലെന്ന് മാത്രമല്ല അത്‌ നമ്മളിൽ സൂക്ഷ്മതയും ജാഗ്രതയും ഉണ്ടാക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.

പക്ഷെ, രാഷ്ട്രീയ പ്രതികാരം വീട്ടാൻ വ്യക്തിപരമായി ആക്രമിക്കുകയും അതിശയോക്തിപരമായി കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അതിനോട്‌ പ്രതികരിക്കാതിരിക്കുന്നത്‌ ശരിയല്ലല്ലോ!!

ചില മാധ്യമ സുഹൃത്തുക്കൾ പോലും മുൻ വിധിയോടെ ഇത്തരം പ്രചാരണങ്ങൾ വിശ്വസിച്ച് കാണുന്നതിൽ വിഷമമുണ്ട്‌.
ഞാൻ തുടരുന്ന രാഷ്ട്രീയ നിലപാടുകൾക്ക്‌ കലവറയില്ലാത്ത പിന്തുണ എപ്പോഴും നൽകിയിട്ടുള്ള മാധ്യമങ്ങൾ സത്യം മനസ്സിലാക്കുമ്പോൾ തിരുത്തുമെണാണ് കരുതുന്നത്.

സത്യമറിയാൻ ഞാൻ പറയുന്നത്‌ മാത്രം പൂർണ്ണമായും മുഖവിലക്കെടുക്കേണ്ട.
നേരിൽ കണ്ട്‌ ബോധ്യപ്പെടുകയാവും ഉചിതം.

എനിക്കെതിരായി പ്രചരിപ്പിക്കപ്പെടുന്നവയിൽ പ്രധാനപ്പെട്ടത്‌ കോടികൾ വിലമതിക്കുന്നതെന്ന് പറയുന്ന ഞാനുണ്ടാക്കിയ വീടാണല്ലോ!!
അത്‌ ഇപ്പോഴും അങ്ങനെ തന്നെ (ആരുടെയൊക്കെയോ ദയാവായ്പിനാൽ) അവിടെ നിൽക്കുന്നുണ്ട്!!

ആർക്കും വരാം; പരിശോധിക്കാം!!

പാത്തും പതുങ്ങിയുമല്ല; നേരിട്ട്‌ തന്നെ വരാം, കണക്കെടുത്ത് പോകാം!!

പാർട്ടി ഗുണ്ടകളുടെ സുരക്ഷാ വലയത്തിനാൽ ചുറ്റപ്പെട്ട പാർട്ടി ഗ്രാമത്തിലല്ല എന്റെ വീട്; കോഴിക്കോട് - വയനാട്‌ ഹൈവേയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എന്റെ വീടെത്താം!!

ചിലർ പറയുന്നു വീട് നഗര മധ്യത്തിലാണെന്ന്, ആരും കാണാതിരിക്കാൻ ഒരു ഉൾക്കാട്ടിലാണെന്ന് മറ്റു ചിലർ!! സത്യം നേരിട്ട് വന്നു കണ്ടു ബോധ്യപ്പെടാലോ വേണ്ടവർക്ക്!!

കോഴിക്കോട്‌ കോർപ്പറേഷൻ പരിധിയിൽ കുറഞ്ഞ വിലക്ക് കിട്ടിയ എറ്റവും അറ്റത്തുള്ള ഭൂമിയിൽ ആണ് പറയപ്പെടുന്ന 'കൊട്ടാരം'!!

വിവാദത്തിലേക്ക്‌ വലിച്ചിഴച്ചത്‌ കൊണ്ട്‌ തന്നെയാണു കാണുവാൻ ആഗ്രഹമുള്ളവരെ ക്ഷണിക്കുന്നത്‌. താമസം തുടങ്ങുന്ന സമയത്ത്‌ ആരെയും ക്ഷണിച്ചിട്ടില്ല, കുടുംബക്കാരെ മാത്രമല്ലാതെ!! വീട്‌ ആരും കാണരുതെന്ന് വിചാരിച്ചിട്ടല്ലത്. എന്റെ ഇഷ്ട വീട്‌ എല്ലാവരും കാണണമെന്നല്ലേ സ്വഭാവികമായി ആഗ്രഹിക്കുക.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചാർജ് വഹിച്ചിരുന്ന സമയത്ത് 200 പേരെ മാത്രം ക്ഷണിച്ച് വിവാഹം നടത്തിയത് എന്റെ ഭാര്യയെ ആരും കാണാതിരിക്കാനല്ല; അത് ഞാൻ വ്യക്തിപരമായി കൊണ്ട് നടക്കുന്ന ആഡംബര ആഘോഷങ്ങളെ നിരുത്സാഹപ്പെടുത്തുന്ന എന്റെ നിലപാടിന്റെ ഭാഗമായാണ്!!

സംശയാലുക്കൾക്കും അല്ലാത്തവർക്കും വീട്ടിലേക്ക്‌ വരാം; സ്വാഗതം!! ഡി വൈ എഫ്‌ ഐ ക്കാർക്കും എസ്‌ എഫ്‌ ഐക്കാർക്കും സവിശേഷ സ്വാഗതം!! പുറത്ത്‌ നിന്നു മാത്രം ഫോട്ടോയെടുത്ത്‌ പോകരുത്; അകത്ത്‌ വരണം, ഒരു കട്ടൻ ചായ കുടിച്ച ശേഷം നമുക്കൊന്ന് ഉള്ളിലുള്ളതെല്ലാം കാണാം!!

ഭാര്യയും മക്കളുമടക്കം അഞ്ച്‌പേരുള്ള എന്റെ വീട്ടിൽ സാധാരണ വലുപ്പമുള്ള 5 മുറികൾ, സ്വീകരണ മുറിയോട് ചേർന്ന് ഡൈനിംഗ്‌ ഹാൾ, അടുക്കള, പഠനത്തിനും ലൈബ്രറിക്കും ഒരു മുറി എന്നീ സൗകര്യങ്ങളാണുള്ളത്‌. കുത്തനെയുള്ള ഭൂമിയിൽ പ്രകൃതി സൗഹൃദമായി, അയൽക്കാരന്റെ സ്ഥലത്തിന് ഭീഷണിയാകും വിധം മണ്ണു മാന്താതെ വീട് നിർമ്മിച്ചപ്പോൾ അത്‌ മൂന്ന് തട്ടിലായിപ്പോയത് എന്റെ എഞ്ചിനീയറുടെ മികവാണ്.

പത്രസമ്മേളനങ്ങളിലും സൈബർ പ്രചാരണങ്ങളിലും നാലരക്കോടി വിലമതിക്കുന്ന വീട്‌ കോർപ്പറേഷൻ അളന്നപ്പോൾ 1.60 ആയി ചുരുങ്ങിയിട്ടുണ്ട്‌. എന്റെ വീടിന്റെ അളവിനു കോർപ്പറേഷൻ കൊണ്ടുവന്ന ടേപ്പിനു പ്രത്യേകം നീളക്കൂടുതലുണ്ടായിരുന്നുവെന്ന് ഞാൻ പറയില്ല. പക്ഷെ മാനദണ്ഡം ശരിയായില്ലെന്ന പരാതിയുണ്ട്.

കാർപോർച്ചും മൂന്നു ഭാഗം തുറന്നിട്ട ടെറസ്സു മടക്കം വീടിന്റെ സ്ക്വയർ ഫീറ്റിൽ ഉൾപെടുത്തിയത്‌ അവരുടെ തെറ്റല്ല; എന്റേതാണ്!! അല്ലെങ്കിലും പിണറായി വിജയനെ ഞാൻ വിമർശിച്ചതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ!! ഗൺമാനും ഡ്രൈവറും താമസിക്കുന്ന മുറിയടക്കം സത്യസന്ധമായി അളന്നാൽ 4500 സ്ക്വയർ ഫീറ്റിൽ അധികമാവില്ലെന്നാണ് ഇത്‌സംബന്ധമായി അറിയുന്ന വിദഗ്ദർ പറയുന്നത്.

വീട്ടിനകത്തെ 'ആർഭാടങ്ങൾ' ചാനലുകളിൽ ഫ്ലാഷ്‌ ന്യൂസ്‌ ആയതും ശ്രദ്ധയിൽ പെട്ടു. ഒരു വീടിന്റെ ആർഭാടം തറയിൽ ഉപയോഗിക്കുന്ന ടൈൽസും മാർബിളുമാണ്. വളരെ സാധാരണമായ വിട്രിഫൈഡ്‌ ടൈൽ ആണ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്‌. ചുമരും കോൺക്രീറ്റും എല്ലാവർക്കും ഒരേ മെറ്റീരിയൽസ്‌ ഉപയോഗിച്ചേ ചെയ്യാനാകൂ. അലങ്കാരങ്ങൾക്കായി കാണിക്കുന്ന വിലകൂടിയ തൂക്കു വിളക്കുകളും വെളിച്ച സജ്ജീകരണങ്ങളൊന്നും ഈ വീട്ടിലില്ല. പക്ഷെ, എനിക്ക്‌ ഈ വീട് മനോഹരം തന്നെയാണ്!!

ഞാൻ അതുണ്ടാക്കിയതിനുള്ള വരുമാന സ്രോതസ്സ്‌ ബന്ധപ്പെട്ടവർ ചോദിച്ചിട്ടുണ്ട്. അവർക്ക്‌ മുന്നിൽ അവ ഹാജരാക്കും. സത്യസന്ധമായി വിലയിരുത്തിയാൽ വീടിന്റെ ബജറ്റ്‌ ഇനിയും ഒരു പാട്‌ കുറയാനുണ്ട്‌. ഞാനതിൽ വാശിക്കാരനല്ല. എന്റെ പച്ച മാംസം കൊത്തി വലിക്കാൻ കൊതിക്കുന്നവർ ഇതൊന്നും വിശ്വസിക്കണമെന്ന നിർബന്ധം എനിക്കില്ല.
സത്യമറിയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കായാണ് ഈ വിശദീകരണം. എന്നെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരു പാട്‌ പേരുണ്ട്‌. അവരിൽ പലരും വാസ്തവമറിയാൻ വിളിക്കുന്നുണ്ട്‌; ആശ്വാസവാക്കുകൾ പറയുന്നുണ്ട്!! തിരക്കുകൾക്കിടയിൽ എല്ലാവരോടും വിശദമായി സംസാരിക്കാനാവുന്നില്ല. അത് കൊണ്ട് കൂടിയാണ് ഈ കുറിപ്പ്.

പൊതു ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ സ്വന്തം കാര്യം നോക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. ആ ജാഗ്രതക്കുറവ്‌ ചൂണ്ടിക്കാണിച്ചവർക്ക്‌ നന്ദി. പക്ഷെ അത്‌ കൊണ്ട്‌ പൊതുസ്വത്തിലോ മറ്റുള്ളവർക്കോ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറച്ച് പറയാനാവും. രാഷ്ട്രീയമായ വിമർശങ്ങൾക്ക്‌ നമ്മൾ വലിയ വിലകൊടുക്കേണ്ടി വരുമെന്ന ഒരു പാഠം കൂടി ഈ വിവാദങ്ങളിൽ നിന്നും ലഭിച്ചു. ആയുസ്സിൽ ഒരു കുടുംബം ഒരിക്കൽ മാത്രം നിർമ്മിക്കുന്ന വീട്‌ പോലും ജനകീയ വിചാരണക്ക്‌ വിധേയമാകും!! നമ്മൾ മൗനത്തിലാണെങ്കിൽ എത്ര വലിയ കൊട്ടാരവും ഉണ്ടാക്കാം. ഏത് വിധേനെയും സമ്പാദിക്കാം.

ഒന്നുറപ്പ്; മറ്റെന്തെല്ലാം ഉപേക്ഷിക്കേണ്ടി വന്നാലും രാഷ്ട്രീയ നിലപാടുകളും നെറികേടുകളോടുള്ള വിയോജിപ്പുകളും തുടരുക തന്നെ ചെയ്യും!!
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postKM Shaji
News Summary - km shaji facebook post about his home
Next Story