''സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്താൻശ്രമം, ജിഫ്രി തങ്ങളുടെ പ്രസ്താവന സന്തോഷകരം''
text_fieldsകോഴിക്കോട്: സമസ്തയും മുസ്ലിംലീഗും തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെ.എം.ഷാജി എം.എൽ.എ.
തങ്ങളുടെ പ്രസ്താവന ഇരുപക്ഷത്തെയും പ്രവർത്തകർക്കിടയിൽ വലിയ സന്തോഷം പകരുന്നുണ്ടെന്നും ഇസ്‌ലാമോഫോബിയ ഒളിച്ച് കടത്തുവാനുള്ള ശ്രമങ്ങൾ പരസ്യമായി അനുഭവപ്പെടുന്ന ഈ ഘട്ടത്തിൽ പരസ്പര സൗഹാർദ്ദവും ഐക്യവും കൂടുതൽ ദൃഢമാക്കേണ്ടത് അനിവാര്യമാണെന്നും കെ.എം.ഷാജി കൂട്ടിച്ചേർത്തു.
കെ.എം.ഷാജി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
സമസ്തയും മുസ്‌ലിം ലീഗും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുവാൻ ബോധപൂർവ്വമായ ശ്രമങ്ങൾ അണിയറയിൽ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന പുറത്ത് വന്നത് ഇരുപക്ഷത്തെയും പ്രവർത്തകർക്കിടയിൽ വലിയ സന്തോഷം പകരുന്നുണ്ട്.സോഷ്യൽ മീഡിയയിലടക്കം പല ദൃശ്യ പത്രമാധ്യമങ്ങളിലും മുസ് ലിം ലീഗിനെയും സമസ്തയെയും അകറ്റുന്ന വിധം പ്രചരണങ്ങൾഏറ്റെടുത്തവർക്ക് അത് അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പ് കൂടിയായിഈ നിലപാടിനെ കാണാവുന്നതാണ്.
ഒരു ന്യൂനപക്ഷ സമുദായ രാഷ്ട്രീയ സംഘടന എന്ന നിലക്ക് മുസ് ലിം ലീഗിന്റെ നിലപാടുകളെ പിന്തുണക്കാനും ആവശ്യമെങ്കിൽ തിരുത്തലുകൾ നിർദ്ദേശിക്കാനുമുള്ള സമസ്തയുടെ അവകാശങ്ങളെ വകവെച്ച് കൊടുക്കാൻ പ്രവർത്തകർക്ക് സാധിക്കണം.ക്രിയാത്മകമായ വിമർശനങ്ങളെ ജനാധിപത്യപരമായി ഉൾക്കൊള്ളുന്നത് സംഘടയുടെ വളർച്ചക്ക് സഹായകരമാവുകയേ ഉള്ളൂ.
സമുദായത്തിന്റെ പ്രശ്നങ്ങളിലും അവകാശ പോരാട്ടങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന അർത്ഥത്തിലാണു സയ്യിദ് ജിഫ്രി തങ്ങൾ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.കേരളത്തിന്റെ സൗഹാർദ്ദ അന്തരീക്ഷത്തിലേക്ക് ഇസ് ലാമോഫോബിയ ഒളിച്ച് കടത്തുവാനുള്ള ശ്രമങ്ങൾ പരസ്യമായി അനുഭവപ്പെടുന്ന ഈ ഘട്ടത്തിൽ പരസ്പര സൗഹാർദ്ദവും ഐക്യവും കൂടുതൽ ദൃഢമാക്കേണ്ടത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.