കെ.എം. ഷാജിയുടെ വരുമാനം ആദായനികുതി വകുപ്പ് പരിശോധിക്കും
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയുടെ വരുമാനം ആദായനികുതി വകുപ്പ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് വകുപ്പിന് വിജിലന്‍സ് സ്പെഷല്‍ സെല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വീട്ടില്‍നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹരജിയില്‍ 27ന് വിജിലന്‍സ് പ്രത്യേക ജഡ്ജി ടി. മധുസൂദനന് കൂടുതല്‍ വാദം കേള്‍ക്കാനിരിക്കെയാണ് പുതിയനീക്കം. മുന്‍കാലങ്ങളില്‍ ഷാജി അടച്ച ആദായനികുതിയുടെ കണക്കും ഇപ്പോഴുള്ള കണക്കും താരതമ്യംചെയ്തപ്പോൾ വ്യത്യാസം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന ആവശ്യപ്പെട്ടത്. കണക്കുകളില്‍ വ്യക്തതവരുത്തുകയാണ് ലക്ഷ്യം.
ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിന്റെ അടിസ്ഥാനത്തിലാണ് അഴീക്കോട്ടെ വീട്ടില്‍ പരിശോധന നടത്തി വിജിലന്‍സ് പണം പിടിച്ചത്. 2013ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കടുവന്‍ പത്മനാഭന്റെ പരാതിയില്‍ 2020 ജനുവരിയിലാണ് ഷാജിയെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസെടുത്തത്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്നതാണെന്നാണ് ഷാജിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.