Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മര്യാദക്കു പറഞ്ഞത്...

'മര്യാദക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടും' -തെരഞ്ഞെടുപ്പ് ജോലിക്കിടെ ഇടത് എം.എൽ.എ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിങ് ഓഫീസര്‍

text_fields
bookmark_border
km sreekumar fab post against uduma mla kunhiraman
cancel

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ ഉ​ദു​മ എം​എ​ൽ​എ കെ. കുഞ്ഞിരാമനും ഇടത് സ്ഥാനാര്‍ഥിയും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പണവുമായി അധ്യാപകൻ. പ്രിസൈഡിങ് ഓഫീസറായിരുന്ന കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ കെ.​എം. ശ്രീ​കു​മാ​റാണ് സം​സ്ഥാ​ന തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കിയത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അദ്ദേഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ ഉള്‍പ്പെടുന്ന ബേ​ക്ക​ല്‍ കോ​ട്ട​യ്ക്ക​ടു​ത്തു​ള്ള ആ​ല​ക്കോ​ട് ഗ്രാമത്തില്‍ ജി​.എ​ല്‍.​പി.​എ​സ് സ്‌​കൂ​ള്‍ കി​ഴ​ക്കേ ഭാ​ഗം വാര്‍ഡിലായിരുന്നു ശ്രീ​കു​മാ​റി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ജോലിയുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ.മണികണ്ഠന്‍, സി.പി.എം ജില്ല നേതാവ് കൂടിയായ കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തി. കള്ള വോട്ട് തടയുന്നതിന് രേഖകള്‍ പരിശോധിക്കവെയായിരുന്നു അവരുടെ ഇടപെടൽ.

'മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടും' എന്ന് പറഞ്ഞായിരുന്നു എം.എൽ.എയുടെ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഇതിന് ദൃക്‌സാക്ഷിയാണെന്നും ശ്രീകുമാര്‍ പറയുന്നു. കേരള കാർഷിക സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയായ ടി.ഒ.കെ.എ.യു(TOKAU) വിന്‍റെ പീലിക്കോട് യൂണിറ്റ് പ്രസിഡൻറ് ആണ് ശ്രീകുമാര്‍.

അതേസമയം പ്രിസൈഡിങ് ഓഫീസറാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ പ്രതികരിച്ചു. ഈ ബൂത്തിന് തൊട്ടപ്പുറത്താണ് എനിക്ക് വോട്ടുള്ള ബൂത്ത്. രവികുമാര്‍ എന്നയാളെ വോട്ട് ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോഴാണ് താനങ്ങോട്ടേക്ക് പോയത്. ഒരു വോട്ടറുടെ അവകാശം നിഷേധിക്കാന്‍ തുനിഞ്ഞപ്പോഴാണ് ഇടപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ വോട്ടറെ തടഞ്ഞ പ്രിസൈഡിങ് ഓഫീസറുടെ പേരിലാണ് കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കെ.എം ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

വടക്കേമലബാറിലെ പാർട്ടി ഗ്രാമത്തിൽ ഒരു പോളിങ് അനുഭവം. (ഡോ. കെ. എം. ശ്രീകുമാർ, പ്രൊഫസർ, കേരള കാർഷിക സർവ്വകലാശാല )

(പാർട്ടി ഗ്രാമം എന്നുദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു പാർട്ടിക്കും മാത്രം മൃഗീയ ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളെയാണ്. അത് മാർക്സിസ്റ്റ് പാർട്ടിയുടെതോ മുസ്ലിംലീഗിന്‍റെതോ ബിജെപിയുടെതോ കോൺഗ്രെസ്സിന്‍റെതോ ആകാം)

ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എനിക്കു ഡ്യൂട്ടി കിട്ടിയത് കാസർകോട് ജില്ലയിലെ ബേക്കൽ കോട്ടക്ക് അടുത്തുള്ള ആലക്കോട് ഗ്രാമത്തിലായിരുന്നു. ജി എൽ പി സ്കൂൾ ചെർക്കപാറ കിഴക്കേഭാഗം ആയിരുന്നു പോളിംഗ് സ്റ്റേഷൻ. ഞങ്ങൾ ഞായറാഴ്ച ഉച്ച ആകുമ്പോഴേക്കും പോളിംഗ് സ്റ്റേഷനിൽ എത്തി. നല്ല വൃത്തിയുള്ള സ്കൂൾ. ടോയ്‌ലറ്റുകളും വൃത്തിയുണ്ട്.

എന്‍റെ ടീമിൽ നാലു വനിതകളാണ് ആണ്. ഞങ്ങൾ ജോലി തുടങ്ങി. വൈകുന്നേരം പോളിംഗ് ഏജന്‍റുമാർ വന്നു. അവർ കാര്യങ്ങൾ വിശദീകരിച്ചു. "ഇവിടെ സി.പി.എമ്മിന് മാത്രമേ ഏജന്റുമാർ ഉള്ളൂ. കഴിഞ്ഞ തവണ തൊണ്ണൂറ്റി നാല് ശതമാനം പോളിംഗ് നടന്ന പ്രദേശമാണ് ആണ്.

ഇത്തവണയും അത്രയും ഉയർന്ന പോളിങ് ഞങ്ങൾ പ്രതീക്ഷിക്കുന്നു". ഞാൻ അപകടം മണത്തു. കുറഞ്ഞത് പത്തു ശതമാനമെങ്കിലും കള്ളവോട്ട് ആകണം. ഞാൻ ഭവ്യതയോടെ പറഞ്ഞു "തിരിച്ചറിയൽ കാർഡ് വച്ച് വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങളുടേതാണ്, ഞങ്ങൾ അത് ഭംഗിയായി ചെയ്യും" "അത് നമ്മൾക്ക് കാണാം" എന്ന് പോളിങ് ഏജൻറ് മറുപടി പറഞ്ഞു. കാണാമെന്ന് ഞാനും.

ഡിസംബർ 14ന്‍റെ പ്രഭാതം പൊട്ടിവിരിഞ്ഞു. രാവിലെ വാർഡ് സ്ഥാനാർത്ഥി വിജയേട്ടന്‍റെ വക കട്ടൻചായ. ആറുമണി ആയപ്പോഴേക്കും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശപ്രകാരം വീഡിയോ റെക്കോർഡിങ് നടത്താൻ വീഡിയോഗ്രാഫർ എത്തിച്ചേർന്നു ( ആ വീഡിയോയുടെ പിൻബലത്തിലാണ് ആണ് ഈ ലേഖനം) . കൃത്യം ഏഴുമണിക്ക് പോളിങ് തുടങ്ങി.

ആദ്യത്തെ വോട്ടറുടെ തിരിച്ചറിയൽ കാർഡ് വാങ്ങി ഞാൻ പരിശോധിച്ചു. മുഖത്തേക്കുനോക്കി ഫോട്ടോവിലും നോക്കി. കുഴപ്പമില്ല. ഇതു കണ്ടു കൊണ്ട് മാർക്സിസ്റ്റ് പാർട്ടിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി വന്നു, സ്വയം പരിചയപ്പെടുത്തി, മുൻപ് എന്നെ ഒരു കാര്യത്തിനു വിളിച്ചത് ഓർമിപ്പിച്ചു, എന്നിട്ട് വളരെ മര്യാദയോടു കൂടി "പുറത്തുവച്ച് ഐഡൻറിറ്റി കാർഡ് പരിശോധിക്കേണ്ടത് ഇല്ലല്ലോ" എന്നു പറഞ്ഞു. ശരി, ഞാൻ വോട്ടർ മുറിയുടെ അകത്തേക്ക് കടന്ന ശേഷം രേഖ പരിശോധിക്കാൻ തുടങ്ങി.

അപ്പോഴേക്കും അദ്ദേഹം വന്ന് എന്നെ ശക്തമായി താക്കീത് ചെയ്തു. "നിങ്ങൾ രേഖ പരിശോധിക്കേണ്ടതില്ല അത് ഒന്നാം പോളിങ് ഓഫീസർ ചെയ്തുകൊള്ളും" എന്നു പറഞ്ഞു. പോളിംഗ് ഏജൻറ്മാരും ബഹളം വച്ചു കൊണ്ട് എഴുന്നേറ്റു വന്നു. ഇത് പലതവണ ആവർത്തിച്ചു. അപ്പോഴാണ് ബഹുമാനപ്പെട്ട സ്ഥലം എം.എൽ.എ. വോട്ട് ചെയ്യാൻ വന്നത്. അദ്ദേഹം പ്രശ്നത്തിൽ ഇടപെട്ടു.

എന്നോട് "നിങ്ങൾ പ്രിസൈഡിങ് ഓഫീസറുടെ കസേരയിൽ ഇരുന്നാൽ മതി, ഒന്നാം പോളിങ് ഓഫീസർ രേഖ പരിശോധിക്കും" എന്നു പറഞ്ഞു. "ഓഫീസർക്കാണ് ആകെ ഉത്തരവാദിത്വം, ഞാൻ എവിടെയിരിക്കണമെന്ന് എനിക്കറിയാം" എന്ന് ഞാൻ പ്രതിവചിച്ചു. പിന്നീടദ്ദേഹം ജില്ലാകലക്ടറെ ഫോൺ ചെയ്തശേഷം പോകുമ്പോൾ എന്നോട് "മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടും" എന്ന് ഭീഷണിപ്പെടുത്തി. ഞാൻ പൊലീസിനോട് "പൊലീസേ എം.എൽ.എ പറഞ്ഞതു കേട്ടല്ലോ" എന്നു പറഞ്ഞു. കലക്ടർ എന്നെ ഫോണിൽ വിളിച്ചപ്പോൾ ഞാൻ കാര്യങ്ങൾ വിശദീകരിച്ചു.

രേഖ പരിശോധന ഒന്നാം പോളിങ് ഓഫീസർ ചെയ്യേണ്ടതാണ്, അത് അങ്ങനെ തന്നെ ആവട്ടെ എന്ന് കലക്ടർ നിർദേശിച്ചു. പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ പിലാത്തറയിൽ ഒരാൾ രണ്ടുതവണ വോട്ട് ചെയ്യുന്നത് കണ്ടെത്തിയപ്പോൾ സ്വന്തം ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് കാണിച്ചുകൊണ്ട് കൊണ്ട് കമ്മീഷൻ പിടികൂടിയത് പ്രിസൈഡിങ് ഓഫീസറെ ആയിരുന്നു എന്നത് ഓർമിച്ചുകൊണ്ട് ഞാൻ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്തു ചെന്നിരുന്ന് രേഖകൾ വീണ്ടും പരിശോധിക്കുവാൻ തുടങ്ങി.

പുറമേ ധൈര്യം കാണിച്ചിരുന്നു എങ്കിലും ഞാൻ പതറിയിരുന്നു. കാലു വെട്ടാൻ നേതാവ് ആഹ്വാനം ചെയ്താൽ നടപ്പാക്കാൻ ഒരുപാട് അനുയായികൾ ഉണ്ടല്ലോ. കേവലം രണ്ടു പൊലീസുകാർക്ക് എന്ത് ചെയ്യുവാൻ കഴിയും? അൽപമകലെ ചെറുപ്പക്കാർ കൂടി നിൽപ്പുണ്ട്. കുറച്ചുപേർ ജനലിൽ കൂടി നോക്കുന്നുണ്ട്.

ഏതായാലും ഞാൻ കാർഡുകൾ പരിശോധിക്കുന്നതായി ഭാവിച്ചു. ഒരു കാർഡിലെ ഫോട്ടോയും ആളും തമ്മിൽ വലിയ വ്യത്യാസം കണ്ടതിനാൽ താങ്കൾ യഥാർത്ഥ വോട്ടർ തന്നെയാണോ എന്ന് സംശയം ഉണ്ട് എന്നു പറഞ്ഞു. ഉടൻ പോളിങ് ഏജൻറ്മാർ ബഹളംവച്ചു.ഞങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം , നിങ്ങൾ യുഡിഎഫിനെ ഏജൻറ് ആണ് എന്ന് അവർ കയർത്തു.

അല്പനേരത്തിനുശേഷം ഒരു ചെറുപ്പക്കാരനും വനിതയും കയറി വന്നു. അവർ സിപിഎമ്മിൻറെ സ്ഥാനാർത്ഥികൾ ആണെന്നു പറഞ്ഞു. പക്ഷേ "എനിക്കു നിങ്ങളെ പരിചയമില്ല, നിങ്ങളുടെ കയ്യിൽ സ്ഥാനാർഥിയാണ് എന്നു കാണിക്കുന്ന രേഖ ഉണ്ടെങ്കിൽ കാണിക്കൂ" എന്ന് ഞാൻ അഭ്യർത്ഥിച്ചപ്പോൾ അവർ ബഹളംവച്ചു.

ചെറുപ്പക്കാരൻ എന്നെ ഭീകരമായി ഭീഷണിപ്പെടുത്തി. "സിപിഎം എന്താണെന്നു നിനക്കറിയില്ല നീ ജീവനോടെ പോകില്ല, നിന്നെ ഞങ്ങൾ വെച്ചേക്കില്ല, വലിയ ഡിജിപി ആയിരുന്ന ജേക്കബ് തോമസിന്റെ ഗതി എന്തായി എന്ന് അറിയില്ലേ" എന്നൊക്കെ പറഞ്ഞു. എൻറെ സർവ്വ നാഡികളും തളർന്നു.

അയാളുടെ ഭീഷണി അത്രയ്ക്ക് യാഥാർത്ഥ്യമായിരുന്നു. അതോടെ ഞാൻ തിരിച്ചറിയൽ കാർഡ് പരിശോധന ഇടയ്ക്ക് മാത്രം ആക്കി. പുറമേ ഒന്നും നടന്നില്ലെന്ന് ഭാവിച്ചു എങ്കിലും കേവലം ഒരു പാവ മാത്രമായി ഞാൻ. പോളിംഗ് അനുസ്യൂതമായി തുടർന്നു.

ഉച്ചയ്ക്കുശേഷം മുൻപ് വോട്ട് ചെയ്തു എന്നു സംശയം തോന്നിയ ചിലരെ വീണ്ടും ക്യൂവിൽ കണ്ടപ്പോൾ ധൈര്യം സംഭരിച്ച് അവരുടെ കാർഡ് പരിശോധിച്ചു. യഥാർത്ഥ വോട്ടർ അല്ല എന്ന് കണ്ടു വോട്ട് ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞു. പോളിംഗ് ഏജൻറ്മാർ എന്നോട് കയർത്തു. ഒരു തിരിച്ചറിയൽ കാർഡും ഇല്ലാത്ത ഒരു വോട്ടർ വന്നപ്പോൾ ഞാൻ തടഞ്ഞു.

അപ്പോൾ പോളിംഗ് ഏജൻറ് "അയാൾ ഈ ബൂത്തിൽ വോട്ട് ചെയ്തിരിക്കും ഞാനാണ് പറയുന്നത് " എന്ന് വെല്ലുവിളിച്ചു. കുറച്ചുകഴിഞ്ഞ് അയാൾ ഏതോ ഒരു കാർഡുമായി വന്നപ്പോൾ അപ്പോൾ ഞാൻ തടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ മറ്റൊരു കാർഡുമായി വന്നു. ഏജൻറ് മാർ ബഹളം വച്ചപ്പോൾ എനിക്ക് വോട്ട് ചെയ്യാൻ സമ്മതിക്കേണ്ടിവന്നു. ഇതൊക്കെ പലതവണ ആവർത്തിച്ചു.

ഒടുവിൽ എല്ലാം പൂട്ടിക്കെട്ടി കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിൽ കൊടുത്തു കഴിഞ്ഞപ്പോൾ ജില്ലാ കളക്ടർ ഡോക്ടർ സജിത് ബാബു നിൽക്കുന്നതു കണ്ടു. അപ്പോൾ ഒന്നാം പോളിങ് ഓഫീസർ " സാറേ ഇനി വീട്ടിൽ പോയി വായിൽ വിരൽ ഇട്ടു എല്ലാം ചർദ്ദിച്ചു കളയണം എന്നിട്ടു ഒന്നു കളിക്കണം എന്നാലേ വൃത്തിയാകൂ, അത്രയ്ക്ക് തെറിയഭിഷേകം കിട്ടി" എന്നു കളക്ടറോട്‌ പറഞ്ഞു.

രാത്രിയിൽ അന്നത്തെ സംഭവങ്ങൾ മനസ്സിൽ ഇതിൽ റീപ്ലേ ചെയ്തു. നീ നട്ടെല്ലില്ലാത്തവൻ ആയിപ്പോയി, കള്ളവോട്ടു തടയാൻ നിനക്കു സാധിച്ചില്ലല്ലോ എന്ന് എൻറെ മനസ്സ് പറഞ്ഞു. ആത്മനിന്ദയും പരാജയ ബോധവും കൊണ്ട് ഉറക്കം വന്നതേയില്ല. പിറ്റേന്നുതന്നെ സംസ്ഥാന ഇലക്ഷൻ കമ്മീഷനു പരാതി അയച്ചു.

ഇത് എൻറെ ആദ്യത്തെ ഇലക്ഷന് അനുഭവമല്ല.1989 മുതൽ ഞാൻ ഇലക്ഷന് ഡ്യൂട്ടി ചെയ്തിട്ടുണ്ട്. ആദ്യത്തെ ദുരനുഭവം 2015 ൽ ആണ്. പിലിക്കോട് ഹൈസ്കൂളിൽ. അവിടെ തിരിച്ചറിയൽ കാർഡ് കർക്കശമായി പരിശോധിച്ചതിന്റെ പേരിൽ എന്നെ അച്ഛനും അമ്മയ്ക്കും ചേർത്തു തെറി വിളിച്ചിട്ടുണ്ട്. സമാനമായ അനുഭവങ്ങൾ എൻറെ സുഹൃത്തുക്കൾക്ക് ഉണ്ടായിട്ടുണ്ട്.

ഒരു പാർട്ടിക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നടക്കുന്ന ഈ തെമ്മാടിത്തരം എത്രയോ കാലമായി തുടരുന്നു. ഒരു ഉദ്യോഗസ്ഥനും പ്രതികരിക്കാറില്ല. കാരണം ശിഷ്ടകാലം ഇവിടെ തന്നെ ജീവിക്കേണ്ടത് ആണല്ലോ. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാൻ ശ്രമിക്കുന്നത് ഈ അക്രമവും ഭീഷണിയും ഭയന്നാണ്.

പക്ഷേ തെക്കൻ ജില്ലകളിൽ തെരഞ്ഞെടുപ്പ് എത്രയോ സമാധാന പൂർണമാണ് എന്ന് എൻറെ കൃഷിവകുപ്പിലും കാർഷിക സർവ്വകലാശാലയിലും ഉള്ള സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്.വോട്ടറുടെ ഐഡൻറിറ്റി സംബന്ധിച്ച് ചില തർക്കങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാം ശാന്തം. പക്ഷേ വടക്കേമലബാറിലെ തങ്ങളുടെ ആജ്ഞാനുവർത്തികൾ അല്ലാത്ത ഉദ്യോഗസ്ഥർക്ക് തെറിവിളി, ഭീഷണി, മറ്റു പാർട്ടിയുടെഏജന്‍റിനെ ഇരിക്കാൻ അനുവദിക്കാതിരിക്കൽ, തങ്ങൾക്കു വോട്ടുചെയ്യില്ലെന്നു സംശയമുള്ള ബന്ധുജനങ്ങളെ അന്ധനോ അവശനോ ആക്കി സഹായിയെകൊണ്ടു വോട്ട് ചെയ്യിക്കൽ, യഥാർത്ഥ വോട്ടറല്ലെന്നു തർക്കിച്ചാൽ മർദ്ദനം, നായ്ക്കുരണ പൊടിയും മുളകുപൊടിയും ദേഹത്ത് പാറ്റൽ, വീടിന് കല്ലേറ്, കുടിവെള്ളത്തിന്റെ മോട്ടോർ കിണറ്റിൽ ഇടൽ, ഏക ജീവനോപാധിയായ ഓട്ടോറിക്ഷ കത്തിക്കൽ തുടങ്ങിയ എത്രയെത്ര കലാപരിപാടികൾ !!!!!ഓരോ ബൂത്തിലും 8- 10 ചെറുപ്പക്കാരെ ഒരുക്കി വച്ചിട്ടുണ്ടാകും.

മൂന്നു മണിക്ക് ശേഷം വൈകുന്നേരംവരെ അവരുടെ പ്രകടനമാണ്. തിരിച്ചറിയൽ കാർഡ് വച്ചും അല്ലാതെയും വീണ്ടും വീണ്ടും വന്നു വോട്ട് ചെയ്യും. ഉദ്യോഗസ്ഥർ വെറും നോക്കുകുത്തികളായി നിൽക്കും.നന്മയുടെ നിറകുടങ്ങൾ എന്ന് പൊതുവേ കരുതപ്പെടുന്ന പാർട്ടി ഗ്രാമങ്ങൾ ജനാധിപത്യത്തിൻറെ മരണ സാങ്കേതങ്ങൾ ആണ്. മരിച്ചവരും പ്രവാസികളും നിരനിരയായി വന്ന് വോട്ട് ചെയ്യുന്ന സ്ഥലങ്ങൾ. പാർട്ടി ഗ്രാമത്തിൽ ഒരു വിമതൻ ഉണ്ടെങ്കിൽ ആ കുടുംബത്തിൻറെ കാര്യം കട്ടപ്പൊക. ഒരു ഇലക്ഷനിലും തൻറെ വിലയേറിയ വോട്ട് രേഖപ്പെടുത്താം എന്ന് അവൻ വ്യാമോഹിക്കയെ വേണ്ടാ. സാമൂഹികമായ ഒറ്റപ്പെടുത്തൽ വേറെ.

തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോൾ ഇത്തരത്തിലുള്ള ബൂത്ത് പിടിച്ചടക്കൽ നിയന്ത്രിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇത് അവസാനിപ്പിക്കാൻ കഴിയുന്നതു സിപിഎമ്മിന് മാത്രമാണ്. സിപിഎമ്മിന് മാത്രം. കേരള രാഷ്ട്രീയത്തിൽ വർഗീയ പാർട്ടികളുമായി കൂട്ടുകൂടില്ല എന്ന ധീരമായ നിലപാട് എടുത്തത് അവരാണല്ലോ.

1981വരെ കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ അതിഭീകരം ആയിരുന്നു റാഗിംഗ്. എത്രയോ കുട്ടികൾ ആത്മഹത്യ ചെയ്തു, എത്രയോപേർ പഠിപ്പ് അവസാനിപ്പിച്ചു, മാതാപിതാക്കൾ തീ തിന്നു, സർക്കാരും പോലീസും കിണഞ്ഞു ശ്രമിച്ചിട്ടും റാഗിങ് തുടർന്നു. റാഗിങ്ങിന് ഇരയായ കുട്ടികൾ അവരുടെ മനസ്സിലെ പക കെടാതെ സൂക്ഷിച്ചു.

അടുത്തവർഷം ജൂനിയേഴ്സ് വന്നപ്പോൾ അവർ കിട്ടിയത് ഒന്നൊഴിയാതെ തിരിച്ചു കൊടുത്തു. 1981ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ബാലകൃഷ്ണൻ റാഗിങ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ചു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആ കുട്ടി. സാഹചര്യം വിലയിരുത്തിയ എസ്എഫ്ഐ എന്ന എന്ന വിദ്യാർത്ഥി സംഘടന ഒരു പ്രഖ്യാപനം നടത്തി.

" ഞങ്ങൾ റാഗ് ചെയ്യില്ല, ആരെയും ചെയ്യാൻ അനുവദിക്കുകയുമില്ല " അതോടെ ചിത്രം മാറി. ഞാൻ 1983 ജനുവരിയിൽ വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജിൽ ചേർന്ന സമയത്ത് സീനിയേഴ്സ് കുറച്ചു കളി തമാശയായി റാഗ് ചെയ്തപ്പോൾ എസ് എഫ് ഐ യിലെ വിദ്യാർത്ഥികൾ രാത്രി മുഴുവൻ കാവൽനിന്നു. റാഗിംഗ് പരിധി കടന്നപ്പോൾ അവർ തടഞ്ഞു. കോളേജ് അധികാരികളെ വിവരം അറിയിച്ചു. ഫലം ! ആ വർഷത്തോടെ റാഗിങ് നിന്നു. തലമുറകൾ കൈമാറാൻ പകയും വിദ്വേഷവും ഉണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mlakm sreekumark kunhiraman
News Summary - km sreekumar fab post against uduma mla kunhiraman
Next Story