കെ.എം.എസ്.സി.എൽ തീപിടിത്തം അസാധാരണം; റിപ്പോർട്ട് ഒരാഴ്ചക്കകം -ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: ദിവസങ്ങൾ നീണ്ട മൗനത്തിനുശേഷം കെ.എം.എസ്.സി.എൽ തീപിടിത്തത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി. മൂന്നിടത്തുമുണ്ടായ തീപിടിത്തം അസാധാരണമാണ്. വിവിധ വിഭാഗങ്ങൾ കാരണം അന്വേഷിക്കുന്നുണ്ട്. ഡ്രഗ്സ് കൺട്രോളറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചു. ബ്ലീച്ചിങ് പൗഡർ മതിയായ ഗുണമേന്മയുള്ളതാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇനി രാസപരിശോധന ഫലം ലഭിക്കാനുണ്ട്.
ഇലക്ട്രിക്കൽ ഇൻെസ്പക്ടറേറ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുന്നു. വിവിധ വിഭാഗങ്ങളുടെ അന്വേഷണങ്ങൾ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഏകോപിപ്പിക്കും. തീപിടിത്തം എന്തുകൊണ്ടെന്ന് ഇപ്പോൾ പറയാനാകില്ല. വിവിധ വിഭാഗങ്ങളുടെ അന്വേഷണ ഫലങ്ങൾ ലഭിക്കുമ്പോഴേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. കോവിഡുമായി ബന്ധപ്പെട്ട ഒന്നും കത്തി നശിച്ചില്ലെന്നാണ് കെ.എം.എസ്.സി.എൽ സർക്കാറിനെ അറിയിച്ചത്. കൊല്ലത്ത് കാലാവധി കഴിയാത്ത മരുന്നുകളും കത്തിനശിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണം ശരിയല്ലെന്നാണ് കെ.എം.എസ്.സി.എൽ പറയുന്നതെന്നും വാർത്തസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
അതേസമയം സംഭരണശാലകളിലെ ആവർത്തിച്ചിട്ടുണ്ടായ തീപിടിത്തത്തിൽ കെ.എം.എസ്.സി.എല്ലിനെ തള്ളാനോ കൊള്ളാനോ മന്ത്രി തയാറായിട്ടില്ല. ചോദ്യങ്ങൾ ആവർത്തിക്കുമ്പോഴും അന്വേഷണ കാര്യത്തിൽ മന്ത്രിക്കും വ്യക്തതയില്ലെന്നാണ് മറുപടികളിൽനിന്ന് വ്യക്തമായത്. കൊല്ലത്ത് 10 കോടി രൂപയുടെയും തിരുവനന്തപുരത്ത് 1.22 കോടിയുടെയും ആലപ്പുഴയിൽ 15 ലക്ഷം രൂപയുടെയും നാശമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.