കെ.എം.എസ്.സി.എൽ പർച്ചേസ് ക്രമക്കേട്; ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം അട്ടിമറിച്ചെന്ന് സൂചന
text_fieldsതിരുവനന്തപുരം: കേരള മെഡിക്കൽ സർവിസസ് കോർപറേഷനിലെ (കെ.എം.എസ്.സി.എൽ) ക്രമക്കേടിന് ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം (ഡി.ഡി.എഫ്.എസ്) തന്നെ അട്ടിമറിച്ചെന്ന് സൂചന. ഇവിടെ നടന്ന കോടികളുടെ ഇടപാടുകളിൽ പല ഫയലുകളും മാന്വലായി കൈകാര്യം ചെയ്തിരിക്കുെന്നന്നാണ് വിവരം. ആരോഗ്യവകുപ്പിൽനിന്ന് കാണാതായ 500 ഓളം ഫയലുകൾ സംബന്ധിച്ച അന്വേഷണം കോർപറേഷനിലേക്ക് എത്തിയാൽ വലിയ ക്രമക്കേടാവും ഡി.ഡി.എഫ്.എസിനെ ഒഴിവാക്കി നടന്നതെന്ന് വെളിപ്പെടുക. കെ.എം.എസ്.സി.എൽ രൂപവത്കൃതമാവുന്നതിനും മുമ്പുള്ള ഫയലുകളെന്നാണ് ഇപ്പോഴും ആവർത്തിക്കുന്നത്. 2001 യു.ഡി.എഫ് കാലത്തേതടക്കം ഫയലുകൾ ഇതിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കെ.എം.എസ്.സി.എല്ലിൽ നടന്ന കോവിഡ്കാല പർച്ചേസ് കൊള്ളയിൽ വിജിലൻസ് അന്വേഷണം പോലും അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ കുറ്റക്കാർ ഇപ്പോഴും സുരക്ഷിതതാവളത്തിലുമാണ്.
മെഡിക്കൽ സർവിസസ് കോർപറേഷൻ തുടങ്ങിയതുമുതൽ ഇടപാടുകൾ സുതാര്യമാക്കാനാണ് ഡി.ഡി.എഫ്.എസ് സംവിധാനം കൊണ്ടുവന്നത്. ഫയൽ രൂപപ്പെട്ടാൽ തുടർനടപടികളെല്ലാം ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് മുന്നോട്ട്പോകേണ്ടത്. എന്നാൽ, 50 ശതമാനം ഫയലുകളും മാന്വലായാണ് നീങ്ങുന്നത്. ക്രമക്കേട് നടന്നതെല്ലാം മാന്വൽ ഫയലുകളിലാണ്.
ഫൈനാൻസ് മാനേജർ ഉൾപ്പെടെ സാമ്പത്തിക ഇടപാടുകളും പർച്ചേസും കൈകാര്യം ചെയ്യുന്നവർ മിക്കവരും കരാർ ജീവനക്കാർ എന്നതും ഗൗരവതരമാണ്. മാനേജിങ് ഡയറകട്ർ, ജനറൽ മാനേജർ, ഡെപ്യൂട്ടേഷനിൽ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്ന് വന്നവരും ഒഴിച്ചാൽ ബാക്കി മാനേജർമാരും ജീവനക്കാരും എല്ലാം കരാറുകാരാണ്. കോടികളുടെ ഇടപാടുകൾ നടക്കുന്ന സ്ഥാപനത്തിൽ അഴിമതിയും ക്രമക്കേടും കണ്ടെത്തിയാൽ കരാർ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ കഴിയില്ല. ഫൈനാൻസ് മാനേജരാകട്ടെ വർഷങ്ങളായി കരാർ പുതുക്കി ഇവിടെ തന്നെയാണ്.
സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുകൾ ഉൾപ്പെടെ 90 ശതമാനം സാധനസാമഗ്രികളും കോർപറേഷൻ മുഖേനയാണ് വാങ്ങുന്നത്. ക്രമക്കേട് പുറത്തുവന്നതോടെ പലതും വാങ്ങിയിരിക്കുന്നത് തട്ടിക്കൂട്ട് കമ്പനികളിൽ നിന്നാണെന്നതും ബോധ്യമായി. പലതും നിലവാരമില്ലാത്തവയാണെന്നും റിപ്പോർട്ടുണ്ട്. പി.പി.ഇ കിറ്റ്, തെർമൽ സ്കാനർ, എ.സി, ഫ്രിഡ്ജ് അടക്കം കോവിഡ് കാലത്ത് വാങ്ങിയ സാധനങ്ങൾ പലതും രണ്ടും മൂന്നും ഇരട്ടി തുകക്കാണ്. ഇതൊന്നും ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റത്തിൽ കാണാനില്ല.
ഏറെ സുരക്ഷിതമേഖല; എന്നിട്ടും...
-തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകൾ കാണാതായത് ഏറെ സുരക്ഷിതമേഖലയിൽ നിന്ന്. അതിൽ പകുതിയും കോവിഡ് കാലത്തെ നിർണായക ഫയലുകളെന്നും വിവരം. ഇതോടെ കാലഹരണപ്പെട്ട പഴയ ഫയലുകളാണെന്ന ആരോഗ്യവകുപ്പിന്റെ വാദവും തെറ്റുകയാണ്. ആരോഗ്യവകുപ്പ് ആസ്ഥാന മന്ദിരത്തിന്റെ താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരും ഫ്രണ്ട് ഓഫിസും പ്രവർത്തിക്കുന്ന സ്ഥലത്തിനടുത്ത് നിന്നാണ് ഫയലുകൾ അപ്രത്യക്ഷമായിരിക്കുന്നത്. 500 ഓളം ഫയലുകളാണ് കാണാതായതെന്ന് പറയുമ്പോൾ തന്നെ അത് ഒറ്റ ദിവസം കൊണ്ട് കാണാതായതെന്ന് പറയാനാവില്ലെന്നാണ് ലഭിക്കുന്ന സൂചന.
അതിന് കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടാവണം. സുരക്ഷാജീവനക്കാർ കാണാതെയും ഫ്രണ്ട് ഓഫിസിലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ചുമാണ് ഇത് പുറത്ത് പോയതെങ്കിൽ അത് ഗൗരവതരമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരള മെഡിക്കൽ സർവിസസ് കോർപറേഷനിലെ (കെ.എം.എസ്.സി.എൽ) ക്രമക്കേട് സംബന്ധിച്ച വിവാദം കത്തിനിൽക്കവെയാണ് ആരോഗ്യവകുപ്പിൽ 500 ഓളം ഫയലുകൾ നഷ്ടമായ സംഭവം പുറത്തുവന്നത്. ഇത് കാര്യങ്ങളുടെ ഗൗരവം കൂട്ടിയിട്ടുണ്ട്. ഫയൽ കാണാതായതിൽ വിശദമായ ആഭ്യന്തര അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. വകുപ്പിലെ വിജിലൻസ് വിഭാഗമാകും അന്വേഷണം നടത്തുക.
മോഷണം എന്ന തരത്തിൽ പരാതി നൽകിയിട്ടില്ലാത്തതിനാൽ പൊലീസ് അന്വേഷണത്തിനുള്ള പരിമിതി നേരേത്തതന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. ഫയലുകളിലെ ഉള്ളടക്കം, നഷ്ടമായത് ഏതൊക്കെ ഫയലുകൾ, വീഴ്ച എന്നിവയായിരിക്കും പരിശോധിക്കുക. എന്നാൽ പ്രാഥമികാന്വേഷണത്തിൽ പുതിയ ഫയലുകളൊന്നും നഷ്ടമായില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ പഴയ ഫയലുകൾക്കൊപ്പം കോവിഡ് കാലത്തെ പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ ആരോഗ്യവകുപ്പ് ഓഫിസ് നവീകരണത്തിന്റെ ഭാഗമായി തറ മുഴുവനും ടൈൽപാകി. അതിന്റെ ഭാഗമായി ഫയലുകൾ പലതും അങ്ങാട്ടുമിങ്ങോട്ടും എടുത്തുമാറ്റി. പിന്നീട് അതെല്ലാം പഴയപോലെ കൊണ്ടുെവച്ചെങ്കിലും അന്വേഷിക്കുമ്പോൾ പല ഫയലുകളും കാണാത്ത അവസ്ഥയുണ്ടായി. അപ്രകാരം മറ്റെവിടെയെങ്കിലും മാറി ഇരിപ്പുണ്ടോയെന്ന സംശയവും നിലനിൽക്കുന്നു.
എന്നാൽ, 500 ഓളം ഫയലുകൾ അപ്രകാരം മാറിയിരിക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. 2020ൽ ക്വട്ടേഷൻ ക്ഷണിച്ച് കാലഹരണപ്പെട്ട കുേറ ഫയലുകൾ ആക്രിക്ക് തൂക്കിവിറ്റിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.