ഷാജിയുടെ അനധികൃത സ്വത്ത്: വീടുകളിലെ പരിശോധന നീണ്ടത് ഒന്നര ദിവസത്തിലേറെ
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുടെ വീടുകളിൽ വിജിലൻസ് നടത്തിയത് ഒന്നര ദിവസത്തിലേറെ നീണ്ട പരിശോധന. രേഖകളില്ലാത്ത അരക്കോടിയോളം രൂപ, സ്വർണാഭരണം, ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും ബിസിനസ് പങ്കാളിത്തത്തിെൻറയും ഭൂമിയുടെയും ഉൾപ്പെടെ രേഖകൾ എന്നിവയാണ് വിജിലൻസ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് കോഴിക്കോട് മാലൂർകുന്നിലെയും കണ്ണൂർ അലവിൽ മണലിലെയും വീടുകളിൽ പരിശോധന തുടങ്ങിയത്.
കോഴിക്കോട്ടെ പരിശോധന തിങ്കളാഴ്ച അർധരാത്രിയോടെയും കണ്ണൂരിലെ പരിശോധന ചൊവ്വാഴ്ച ഉച്ചയോടെയുമാണ് അവസാനിച്ചത്. കണ്ണൂരിലെ വീട്ടിൽ നിന്ന് രേഖകളില്ലാത്ത 47,35,500 രൂപ, 60 ഗ്രാം സ്വർണാഭരണങ്ങൾ എന്നിവയും കോഴിക്കോട്ടെ വീട്ടിൽ നിന്ന് 475 ഗ്രാം സ്വർണാഭരണം, 30,000 രൂപ, വിവിധ രാജ്യങ്ങളുടെ വിദേശ കറൻസികൾ, രണ്ട് വീട്ടിൽ നിന്നുമായി 77 രേഖകൾ എന്നിവയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. വിദേശകറൻസികൾ മക്കളുടെ നാണയ ശേഖരമാണെന്ന് ഷാജി അറിയിച്ചതോടെ ഇത് മഹസറിൽ രേഖപ്പെടുത്തിയശേഷം വിട്ടുനൽകി.
പൊതുപ്രവർത്തകൻ അഡ്വ. എം.ആർ. ഹരീഷ് നൽകിയ ഹരജിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഷാജി അനധികൃതമായി 1.47 കോടി രൂപയുടെ സ്വത്ത്
സമ്പാദിച്ചെന്ന് വിജിലൻസ് കണ്ടെത്തുകയായിരുന്നു. വരവിനേക്കാൾ 166 ശതമാനം അധികവരുമാനമുണ്ടാക്കിയെന്നും 28 തവണ നടത്തിയ വിദേശ യാത്രകളിലെ സംശയങ്ങളും വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എം.എൽ.എ ആയശേഷം 2011 ജൂൺ ഒന്ന് മുതൽ 2020 ഒക്ടോബർ 31 വരെയുള്ള സാമ്പത്തിക ഇടപാടുകളടക്കമാണ് അന്ന് പരിശോധിച്ചത്. ഇതുപ്രകാരം 88.57 ലക്ഷം രൂപയാണ് ഷാജിയുടെ വരുമാനം. ചെലവാക്കിയത് 32.19 ലക്ഷം രൂപയും. 2.03 കോടി രൂപയുടെ സ്വത്ത് ഇക്കാലയളവിൽ വാങ്ങി. മൊത്തം സ്വത്തും ചെലവും കൂട്ടിയാൽ 2.36 കോടി രൂപയാകും.
വരുമാനവുമായി താരതമ്യപ്പെടുത്തുേമ്പാൾ 1.47 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നായിരുന്നു കണ്ടെത്തൽ. മാത്രമല്ല, ശമ്പളമായി 17.05 ലക്ഷവും ഡി.എയായി 19.12 ലക്ഷവുമടക്കം 36.17ലക്ഷം രൂപ സർക്കാറിൽനിന്ന് കൈപ്പറ്റിയതായും കോഴിക്കോട്ട് ഭാര്യയുടെ പേരിലുള്ള വീടിന് 1.62 കോടി രൂപ ചെലവായെന്നും മറ്റു വരുമാനമുണ്ടെന്ന വാദത്തിന് തെളിവില്ലെന്നും വ്യക്തമായതോടെയാണ് കേെസടുത്തതും വിജിലൻസ് സ്പെഷൽ സെൽ എസ്.പി എസ്. ശശിധരെൻറ നേതൃത്വത്തിൽ വീടുകളിലടക്കം പരിശോധന നടന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.