കേന്ദ്ര ബജറ്റിൽ കേരളത്തിനർഹമായ 24000 കോടി അനുവദിക്കുമെന്ന് പ്രതീക്ഷയെന്ന് കെ.എൻ. ബാലഗോപാൽ
text_fieldsതിരുവനന്തപുരം: 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ.എൻ ബാലഗോപാൽ. സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേർത്ത പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. പിന്നീട് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് കേരളത്തിന്റെ സവിശേഷമായ ചില ആവശ്യങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
2022-23 ലെയും 2023-24 ലെയുംകടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള പാക്കേജാണ് ആവശ്യപ്പെട്ടത്. ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനമാണ് നിലവിലെ കടമെടുപ്പ് പരിധി. ഒപ്പം ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട അര ശതമാനവും ചേർത്ത് മൂന്നര ശതമാനം കടമെടുപ്പ് അവകാശമാണ് ഉണ്ടായിരുന്നത്.
എന്നാൽ 2022-23ൽ 2.44 ശതമാനം മാത്രമാണ് എട്ടുടുക്കാൻ അനുവദിച്ചത്. കഴിഞ്ഞ വർഷമാകട്ടെ 2.88 ശതമാനവും. 14-ാം ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് നിലവിലെ 15-ാം ധനകമ്മീഷൻ കാലയളവിൽ കേന്ദ്ര നികുതി വിഹിതത്തിൽ പ്രതിവർഷം 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നു. റവന്യു കമ്മി ഗ്രാന്റ്, ജി.എസ്.ടി നഷ്ടപരിഹാരം എന്നിവ അവസാനിപ്പിച്ചതുവഴിയടക്കം വലിയ തോതിലുള്ള വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായിട്ടുള്ളത്. കേരളത്തിന് അർഹമായ വലിയ തോതിലുള്ള തുക കിട്ടാനുണ്ട്. അത് മുഴുവൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ഇതെല്ലാം ബോധ്യപ്പെടുത്തിയാണ് പ്രത്യേക പാക്കേജ് ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്.
കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങൾ എടുത്ത വായ്പയുടെ പേരിൽ ഈ വർഷവും അടുത്ത വർഷവും 5710 കോടി രൂപ വീതമാണ് വായ്പയിൽ കുറയുന്നത്. ദേശീയപാതാ വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട് 6000 കോടി രൂപ നൽകേണ്ടി വരുന്ന ഏക സംസ്ഥാനവും കേരളമാണ്. ഇതും കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറച്ചിരിക്കുകയാണ്. ഇതിന് തുല്യമായ തുക ഈ വർഷം ഉപാധിരഹിതമായി കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം മാത്രമല്ല, പല സംസ്ഥാനങ്ങളും കടപരിധി ഉയർത്തൽ, പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന് മുമ്പാകെ വച്ചിട്ടുണ്ട്. എൻ.ഡി.എ മുന്നണിയിലെ ഘടകകക്ഷികളായ സംസ്ഥാനങ്ങളടക്കം ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഒരു ശതമാനം മുതൽ കടമെടുപ്പ് പരിധി വർദ്ധനവാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 5000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. 8867 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ 5595 കോടി രൂപ സംസ്ഥാനമാണ് വഹിക്കുന്നത്. നിലവിൽ 818 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതമായുള്ളത്.
കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം ബജറ്റിൽ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വായ്പാ പദ്ധതി (CAPEX)യിൽ നിന്ന് ബ്രാൻഡിംഗിന്റെ പേര് പറഞ്ഞ് കേരളത്തിന് സഹായം നിഷേധിച്ചു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയിൽവേ സംവിധാനങ്ങളുടെ നവീകരണവും ശാക്തീകരണവും, എയിംസ്, റബ്ബറിന്റെ താങ്ങ് വില ഉയർത്തൽ, പരമ്പരാഗത മേഖലയുടെ നവീകരണത്തിനും തൊഴിലവസരങ്ങൾ ഉയർത്തുന്നതിനും ആവശ്യമായ സഹായങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ നമ്മുടെ ആവശ്യങ്ങളായി കേന്ദ്ര ധനകാര്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.