സുരേഷ് ഗോപിയുടെ നടന വൈഭവമാണ് പാർലമെന്‍റില്‍ കണ്ടതെന്ന് കെ.എൻ. ബാലഗോപാൽ; ‘കനിമൊഴിക്കെതിരായ ആംഗ്യം ശരിയല്ല’
text_fieldsതിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടന വൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെന്‍റില്‍ കണ്ടതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കനിമൊഴിക്കെതിരായ ആംഗ്യം ശരിയായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരുധിവാസത്തെ ബാധിക്കില്ല. കേരളത്തിന് സഹായം ചെയ്യുന്നില്ല എന്ന് മാത്രമല്ല അപഹസിക്കുകയാണ് സുരേഷ് ഗോപി. സ്ഥലം ഏറ്റെടുക്കുന്നതിലെ താമസം മാത്രമേ ഉള്ളൂ. കേന്ദ്രത്തിൻ്റേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനമാണെന്നും ബാലഗോപാൽ പറഞ്ഞു.
പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നും കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാടിനെന്ന പോലെ കേരളത്തിനും അർഹമായ സഹായം നൽകുന്നില്ലെന്ന് കനിമൊഴി പറഞ്ഞപ്പോഴാണ് തൃശൂർ എം.പികൂടിയായ സുരേഷ് ഗോപി ചിരിച്ചുകൊണ്ടാണ് കൈമലർത്തിക്കാട്ടിയത്.
കനിമൊഴി ലോക്സഭയിൽ പറഞ്ഞതിനെയാണ്:- ‘നന്നായി പഠിക്കുന്ന കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തുന്ന അവസ്ഥയാണിപ്പോൾ കാണുന്നത്. എല്ലാ മേഖലകളിലും ഉയർച്ച നേടിയെന്ന കാരണത്താലും ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനാലും നല്ല കാര്യങ്ങൾ ചെയ്യുന്നതിനാലും തമിഴ്‌നാട് തുടർച്ചയായി കേന്ദ്രത്തിൽ നിന്ന് അവഗണന നേരിടുകയാണ്.
ഞങ്ങളെ പോലെ അയൽ സംസ്ഥാനമായ കേരളവും അവഗണന നേരിടുന്നുണ്ട്...’. ഇത് കണ്ട് നിന്ന സുരേഷ് ഗോപി കൈമലർത്തി കാണിക്കുകയായിരുന്നു. ഇൗ പ്രവൃത്തിയെ അപ്പോൾ തന്നെ കനിമൊഴി ചോദ്യം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തി പൊതുവിമർശനത്തിനിടയാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.