ബി.ജെ.പി അക്കൗണ്ട് തുറന്നതോടെ കേരളത്തിന്റെ അക്കൗണ്ട് പൂട്ടി -ധനമന്ത്രി
text_fieldsതിരുവനന്തപുരം: ബി.ജെ.പി അക്കൗണ്ട് തുറന്നതോടെ കേരളത്തിന്റെ അക്കൗണ്ട് പൂട്ടിയെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നാൽ വലിയകാര്യമുണ്ടാവുമെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഇത്രയധികം കേരളവിരുദ്ധമായ ബജറ്റ് ഉണ്ടായിട്ടില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മോദി സർക്കാറിന്റെ ആയുസ്സിനും ഭാവിക്കും വേണ്ടിയുള്ളതാണ് ഈ ബജറ്റ്. രാജ്യത്തിന്റെ സമ്പത്ത് ചില സംസ്ഥാനങ്ങൾക്ക് മാത്രം വിതരണം ചെയ്യുന്നവർക്ക് ഫെഡറലിസത്തെക്കുറിച്ച് പറയാൻ അവകാശമില്ല. ഭക്ഷ്യ സബ്സിഡിയടക്കമുള്ളവയിൽ വെട്ടിക്കുറവ് വരുത്തി. ആരോഗ്യരംഗം, തൊഴിലുറപ്പ് പദ്ധതി, ദാരിദ്ര്യ നിർമാർജനം തുടങ്ങിയവക്കും വിഹിതത്തിൽ കുറവുണ്ടായി.
കേരളം 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടത് പരിഗണിച്ചില്ല. മറ്റു സംസ്ഥാനങ്ങൾ വികസനത്തിനാണ് പണം ആവശ്യപ്പെട്ടത്. കേരളം ആവശ്യപ്പെട്ടത് കുറവുവരുത്തിയ വിഹിതമാണ്. രാജ്യത്തെതന്നെ വലിയ പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് ബജറ്റിൽ ഒന്നുമില്ല. എയിംസിന്റെ കാര്യവും പറയുന്നില്ല. ബജറ്റിലെ വിവേചനത്തിനെതിരെ മിക്ക സംസ്ഥാനങ്ങളിലും പ്രതിഷേധമുണ്ട്. കേന്ദ്രം പുനരാലോചനക്ക് തയാറാകേണ്ടിവരുമെന്നുറപ്പാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.