സിൽവർലൈനിന് അനുമതി നൽകണമെന്ന് കെ.എൻ. ബാലഗോപാൽ
text_fieldsഡെൽഹി: സംസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിക്ക് (സിൽവർലൈൻ) എത്രയും പെട്ടെന്ന് എല്ലാ അനുമതികളും ലഭ്യമാക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിണ് ആവശ്യം ഉന്നയിച്ചത്.
വർധിച്ചുവരുന്ന റെയിൽ ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ നിലയിൽ നിറവേറ്റാൻ നിലവിലെ റെയിൽ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നത് അർധ അതിവേഗ പാതയുടെ നിർമാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുവെന്നതും പരിഗണിക്കണം. നിലിവിലുള്ള റെയിൽ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനായുള്ള പദ്ധതികളും വേണം. കൂടുതൽ എകസ്‌പ്രസ്, പാസഞ്ചർ ട്രയിനുകൾ അനുവദിക്കണം.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണം. കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപീകരണത്തിലും സംസ്ഥാനങ്ങൾക്ക് അധികാരം ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ പദ്ധതിക്കുകീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷൻ വ്യാപരികളുടെ കമീഷനും വർധിപ്പിക്കണം.
ആശ, അങ്കണവാടി ഉൾപ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം ഉയർത്തണം. എൻഎസ്‌എപിയിലെ ക്ഷേമ പെൻഷൻ തുകകൾ, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിർമ്മാണ പദ്ധതികളിലെ കേന്ദ്ര സർക്കാർ വിഹിതം തുടങ്ങിയവയും ഉയർത്തണം.
കേന്ദ്ര സർക്കാർ നടപ്പാക്കിയ സ്‌ക്രാപ്പ് പോളിസിയുടെ ഭാഗമായി സംസ്ഥാനത്ത് ഫയർ സർവീസിലെ 220 വാഹനങ്ങൾ, ആരോഗ്യ വകുപ്പിലെ ആംബുലൻസുകൾ അടക്കം 800 വാഹനങ്ങൾ, പൊലീസ് സേനയുടെ നിരവധി വാഹനങ്ങൾ ഉൾപ്പെടെ കാലഹരണപ്പെട്ടിരിക്കുകയാണ്. ഇവയ്‌ക്ക് പകരം വാഹനങ്ങൾ വാങ്ങാൻ കേന്ദ്ര സഹായം വേണം.
കേരളം കാലകാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, കണ്ണൂർ ഇന്റർനാഷണൽ ആയൂർവേദ റിസർച്ച് ഇൻസിറ്റിറ്റ്യൂട്ട് തുടങ്ങിയ ഈ ബജറ്റിൽ പ്രഖ്യാപിക്കണം. റബറിന്റെ താങ്ങുവില 250 രൂപയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. തലശേരി – മൈസുരു, നിലമ്പൂർ – നഞ്ചൻഗോഡ് റെയിൽ പാതകളുടെ സർവെയും വിശദ പദ്ധതിരേഖ തയ്യാറാക്കലും നടപടികൾ ആരംഭിക്കണം.
കേന്ദ്ര ബജറ്റിൽ വിലക്കയറ്റം, തൊഴിലില്ലായ്‌മ, ദാരിദ്രം, സാമ്പത്തിക രംഗത്ത് മൊത്തത്തിൽ ഡിമാണ്ടിൽ അടക്കമുണ്ടായിട്ടുള്ള മരവിപ്പ്, അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് തുടങ്ങിയവ നേരിടാനുള്ള ഊന്നലുകൾ ബജറ്റിലുണ്ടാകണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.