ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ല; സംസാരിച്ചത് മതസൗഹാർദത്തെ കുറിച്ച് കെ.എൻ.എ ഖാദർ
text_fieldsമലപ്പുറം: ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് മുസ്‍ലിം ലീഗ് മുൻ എം.എൽ.എ കെ.എൻ.എ ഖാദർ. സമൂഹമാധ്യമങ്ങളിലെ തനിക്കെതിരായ ദുഷ്പ്രചാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സ്നേഹബോധി എന്ന പേരിൽ നടന്ന പരിപാടിയിൽ ആശംസ പറയാൻ മാത്രമായിരുന്നു പോയത്. സിനിമ സംവിധായകൻ രഞ്ജി പണിക്കരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങായിരുന്നു. അത് ആർ.എസ്.എസ് സംഘടപ്പിച്ച പരിപാടിയല്ല.
പരിപാടിയിൽ മതസൗഹാർദത്തെ കുറിച്ചാണ് സംസാരിച്ചത്. മതങ്ങൾക്കിടയിൽ സംഘർഷം വർധിച്ചുവരുന്ന കാലഘട്ടത്തിൽ എല്ലാവർക്കുമിടയിൽ ഐക്യം വേണമെന്ന് കുറേക്കാലമായി താൻ പറയുന്നുണ്ടെന്നും കെ.എൻ.ഖാദർ പറഞ്ഞു. സാംസ്കാരിക പരിപാടിയിലാണ് പങ്കെടുത്തത്. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. മുസ്‍ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന മതസൗഹാർദ സദസ്സുകളിൽ എല്ലാ വിഭാഗം ആളുകളും എത്തുന്നുണ്ട്. നമ്മൾ വിളിച്ചാൽ എല്ലാവരും എത്തുന്നുണ്ട്. മറുവശത്ത് നിന്നും ക്ഷണം ലഭിച്ചാൽ പോകേണ്ടതല്ലേയെന്ന ശുദ്ധമനസുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നും കെ.എൻ.എ ഖാദർ വിശദീകരിച്ചു.
ചാലപ്പുറത്ത് ആർ.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുസ്‍ലിം ലീഗ് മുൻ എം.എൽ.എ പങ്കെടുത്തത്. എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാൻ ശ്രമിച്ചാൽ മതത്തിന്റെ പേരിൽ മനുഷ്യർക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.