വയനാട് ഉരുൾ ദുരന്തം: കെ.എൻ.എം 50 വീടുകൾ നിർമിച്ചുനൽകും
text_fieldsമേപ്പാടി (വയനാട്): വയനാട് ദുരന്തത്തിന് ഇരയായ 50 കുടുംബങ്ങൾക്ക് കെ.എൻ.എം സംസ്ഥാന സമിതി വീട് നിർമിച്ചു നൽകുമെന്ന് പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 100 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. താൽക്കാലിക താമസ സൗകര്യം ഒരുക്കിക്കൊടുക്കുന്നതോടൊപ്പം ആവശ്യമുള്ള സാമഗ്രികൾ നൽകും.
സ്ഥിരം സംവിധാനമാകുന്നതുവരെ വാടക നൽകാൻ സഹായിക്കും. 50 പേർക്ക് സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകും. കടകളുടെ നവീകരണം, തൊഴിൽ ഉപകരണങ്ങൾ, ജീവിതമാർഗം എന്നിവ കണ്ടെത്താനുള്ള സഹായമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 50 കുടിവെള്ള പദ്ധതി നടപ്പാക്കും. വയനാട് ദുരന്തത്തിൽ കുടിവെള്ള സ്രോതസ്സ് നഷ്ടപ്പെട്ടവർക്ക് കിണർ, ശുദ്ധജലത്തിന് അനുയോജ്യമായ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കും.
50 കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായം നൽകാനും പദ്ധതിയുണ്ട്. ദുരന്തത്തിനിരയായ കുടുംബങ്ങളിലെ ഡിഗ്രി, പി.ജി, പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാസത്തിൽ നിശ്ചിതതുക നൽകുന്ന പദ്ധതിയാണിത്. വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, വൈസ് പ്രസിഡന്റ് പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, സെക്രട്ടറിമാരായ ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, മീഡിയ കോഓഡിനേറ്റർ നിസാർ ഒളവണ്ണ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.