വർഗീയ മുദ്രാവാക്യം വിളിക്കുന്നവരെ ഒറ്റപ്പെടുത്തണം -കെ.എൻ.എം
text_fieldsആലപ്പുഴ: നാട്ടിൽ കലാപം ഉണ്ടാകണമെന്ന് ആഗ്രഹിച്ച് വർഗീയ മുദ്രാവാക്യം വിളിക്കുന്നവരെ ഒറ്റപ്പെടുത്താൻ മുസ്‌ലിം സമൂഹം തയാറാവണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി. മുസ്‌ലിം ഐക്യസംഘം നൂറാം വാർഷികത്തിന്റെ ഭാഗമായി റെയ്ബാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കെ.എൻ.എം സംസ്ഥാന നവോത്ഥാന ചരിത്രസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയതക്കെതിരെ ഹിംസാത്മക പ്രതിരോധമല്ല ഉയർത്തേണ്ടത്. ബൗദ്ധിക പ്രതിരോധമാണ് വേണ്ടത്. മുസ്‌ലിം സമൂഹം സാംസ്കാരിക-വിദ്യാഭ്യാസ മൂലധനം നേടിയത് നവോത്ഥാന മുന്നേറ്റങ്ങൾ കൊണ്ടാണ്. വർഗീയ ശക്തികൾ കേരളം നടന്ന നവോത്ഥാന വഴികളിൽ വെറുപ്പ് വിതക്കുകയാണ്. നാടിന്‍റെ സൗഹൃദമാണ് വർഗീയ-തീവ്രവാദ സംഘങ്ങൾ നശിപ്പിക്കുന്നത്.
മതവിശ്വാസികൾക്കിടയിൽ അവിശ്വാസം വളർത്തുകയാണ് തീവ്രചിന്തയുള്ളവർ. അവർ മതത്തിന്റെ സാങ്കേതിക ശബ്ദങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നു. യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയും തീവ്രവാദികൾ കുരുക്കിൽ അകപ്പെടുത്തുന്നു. ഇമാമുമാരെ ഉപയോഗിച്ച് തീവ്രവാദത്തെ വെള്ളപൂശാനുള്ള ശ്രമങ്ങൾ തടയാൻ മഹല്ല് ഭാരവാഹികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്‍റ് എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ചിത്തരഞ്ജൻ എം.എൽ.എ, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഒ.എം. ഖാൻ, സീതി കെ. വയലാർ എന്നിവർ സംസാരിച്ചു.
അക്കാദമിക സെഷനിൽ എം. സലാഹുദ്ദീൻ മദനി, അഷ്റഫ് കോയ സുല്ലമി, ഷുക്കൂർ സ്വലാഹി, ഹനീഫ് കായക്കൊടി, അഹ്മദ് അനസ്, അബ്ദുൽ വഹാബ് സ്വലാഹി, സുബൈർ പീടിയേക്കൽ, നസിറുദ്ദീൻ റഹ്മാനി, സുഹൈൽ റഷീദ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
സമാപനസമ്മേളനം കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്‌തു. എച്ച്. സലാം എം.എൽ.എ, എ.എ. ഷുക്കൂർ, നൂർ മുഹമ്മദ് നൂർഷ, പി.കെ. മുഹമ്മദ് മദനി, എ.എം. നസീർ, നസീർ പുന്നക്കൽ, പി.എസ്.എം. ഹുസൈൻ, അബ്ദുൽ സത്താർ, പി.ടി. ഹകീം, കെ.എ. മക്കാർ മൗലവി, ഷിബു ബാബു, ജവാദ് സ്വലാഹി, അബ്ദുർറഹ്മാൻ ചാരുംമൂട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.