കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യവിൽപനയിൽ ക്രമക്കേട്
text_fieldsനെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യവിൽപനയിൽ ക്ര മക്കേട് കണ്ടെത്തി. യാത്രക്കാരന് അനുവദനീയമായതിലധികം വിദേശമദ്യം വിറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം ഡ്യൂട്ടി ഫ്രീ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു.
ഒരുവർഷത്തെ മദ്യവിൽപനയുടെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം വിമാനത്താവളത്തിൽ മദ്യപരിശോധന കർശനമാക്കിയതിനെത്തുടർന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ക്രമക്കേട് കണ്ടെത്തിയത്. ചൊവ്വാഴ്ച ഗൾഫിൽനിന്ന് കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാരിൽനിന്ന് കസ്റ്റംസ് വിഭാഗം അനുവദനീയമായതിലധികം മദ്യം കണ്ടെടുത്തിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്നാണ് മദ്യം വാങ്ങിയതെന്ന് ഒരുയാത്രക്കാരൻ വെളിപ്പെടുത്തി.
ഇയാളുടെ പക്കൽ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങിയ അഞ്ച്് ലിറ്റർ മദ്യം ഉണ്ടായിരുന്നു. ഇതേതുടർന്ന്് ഡ്യൂട്ടി ഫ്രീ അധികൃതരോട് കസ്റ്റംസ് ഒരാഴ്ചത്തെ മദ്യവിൽപനയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. ഒരാഴ്ചത്തെ കണക്കിലും ഒരുമാസത്തെ കണക്കിലും സംശയം തോന്നിയതിനെത്തുടർന്ന്് പിന്നീട് ഒരുവർഷത്തെ കണക്ക് ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരന് രണ്ട് ലിറ്റർ വിദേശമദ്യമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വങ്ങാവുന്നത്. പാസ്പോർട്ട് നമ്പർ കമ്പ്യൂട്ടറിൽ ചേർത്തശേഷമാണ് മദ്യം നൽകുന്നത്. ഒരുയാത്രക്കാരനുതന്നെ വിവിധ വിമാന നമ്പറും സമയവും രേഖപ്പെടുത്തി മദ്യം നൽകിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.