നെടുമ്പാശ്ശേരിയിൽ ഈ വർഷം പിടിച്ചത് 184 കിലോ സ്വർണം
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഈ വർഷം ഇതുവരെ പിടിച്ചത് 184 കിലോയിലേറെ സ്വർണം. കസ്റ്റംസ് വിഭാഗം മാത്രം പിടികൂടിയതാണ് ഇത്രയും സ്വർണം. 87 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 11 പേരെ റിമാൻഡ് ചെയ്യുകയും ചെയ്തു.
20 ലക്ഷം രൂപയുടെ മുകളിൽ മൂല്യമുള്ള സ്വർണം കള്ളക്കടത്തായി കൊണ്ടുവരുന്നവരെ മാത്രമാണ് അറസ്റ്റ് ചെയ്യാറുള്ളൂ. അതിന് താഴെയുള്ള കള്ളക്കടത്തിന് നികുതിയും പിഴയുമാണ് ചുമത്തുക.
കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണത്തിൽ ചിലത് ഇവർക്ക് വിട്ടുനൽകുകയും ചെയ്യും. 50 ലക്ഷത്തിന് മുകളിൽ മൂല്യമുള്ള കള്ളക്കടത്താണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് തുടരന്വേഷണം നടത്താറുള്ളത്.
സാധാരണയായി നികുതിവെട്ടിച്ച് കൊണ്ടുവരുന്ന സ്വർണത്തിന് നിലവിൽ നൽകേണ്ടതായ നികുതിയുടെ അഞ്ച് ഇരട്ടിവരെ പിഴ ചുമത്താം. സ്വർണത്തിന് പുറമേ സ്വർണം കൊണ്ടുവരുന്നയാൾക്കും പിഴ ചുമത്തും. പിഴ അടക്കാതിരുന്നാൽ ഇവരുടെ സ്വത്തുവക കണ്ടുകെട്ടാനും കസ്റ്റംസിന് അധികാരമുണ്ട്.
ഇന്ത്യൻ വിപണിയിൽ സ്വർണവില കുതിക്കുന്നതിനനുസരിച്ച് കള്ളക്കടത്ത് വർധിച്ചുവരുകയാണ്. ഒരുകിലോ സ്വർണം നികുതിവെട്ടിച്ച് ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞാൽ മൂന്നുലക്ഷം രൂപക്ക് മുകളിൽ ലാഭമുണ്ട്. ശരീരത്തിൽ സ്വർണം ഒളിപ്പിച്ചാൽ തിരിച്ചറിയാനുള്ള അത്യാധുനിക ഉപകരണങ്ങളും മറ്റും കസ്റ്റംസ് വിഭാഗത്തിനുണ്ട്. എന്നാൽ, സംശയം തോന്നുന്നവരെ മാത്രമാണ് കർശന ദേഹപരിശോധനക്ക് വിധേയരാക്കാറുള്ളൂ.
കള്ളക്കടത്ത് പിടികൂടുന്ന കസ്റ്റംസ് സംഘത്തിന് പിടിച്ചെടുക്കുന്ന സ്വർണത്തിെൻറ വിപണിമൂല്യം കണക്കാക്കി നിശ്ചിത തുക ഇൻസെൻറിവായി ലഭിക്കുകയും ചെയ്യും. അതുപോലെ കള്ളക്കടത്ത് സംബന്ധിച്ച വിവരം നൽകുന്നവർക്കും ഇത്തരത്തിൽ നിശ്ചിത ശതമാനം തുക പാരിതോഷികമായി നൽകാറുണ്ട്. പലപ്പോഴും കള്ളക്കടത്ത് സംഘങ്ങൾ തമ്മിലുണ്ടാകുന്ന തർക്കങ്ങളെത്തുടർന്നാണ് വിവരങ്ങൾ ലഭ്യമാകാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.