കൊച്ചി കാൻസർ സെൻറർ ഡയറക്ടർ നിയമനം; വീണ്ടും പരിഷ്കരിച്ച് സെർച് കമ്മിറ്റി
text_fieldsകൊച്ചി: നാഥനില്ലാക്കളരിയായ കൊച്ചി കാൻസർ റിസർച് സെൻററിലെ (സി.സി.ആർ.സി) ഡയറക്ടർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ വീണ്ടും പരിഷ്കരണം. നിലവിലെ അംഗങ്ങളിലൊരാൾക്ക് പകരം അസമിലെ സിൽചറിലുള്ള കച്ചർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻറർ ഡയറക്ടറെ നിയമിച്ചും ബംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി കാൻസർ കെയർ ആൻഡ് ട്രെയിനിങ് സെൻറർ ഡയറക്ടർ വിരമിച്ച ഒഴിവിൽ പുതിയ ഡയറക്ടറെ കൂടി ഉൾപ്പെടുത്തിയുമാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
തലശ്ശേരിയിലെ മലബാർ കാൻസർ സെൻറർ(എം.സി.സി.) കൺവീനറും മുംബൈയിലെ പ്രശസ്തമായ ടാറ്റ മെമ്മോറിയൽ സെൻറർ ഡയറക്ടർ മറ്റൊരംഗവുമാണ്. മൂന്നു മാസം മുമ്പ് ഡയറക്ടർ നിയമനത്തിനുള്ള യോഗ്യതയും പ്രവൃത്തിപരിചയവും തീരുമാനിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കാരം.
രണ്ടു വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന ഡയറക്ടർ തസ്തികയിൽ നിയമനം നടത്താൻ കഴിഞ്ഞ വർഷമാണ് സെർച് കമ്മിറ്റി രൂപവത്കരിച്ചത്. ഇതേ കമ്മിറ്റി വിപുലീകരിച്ച വിജ്ഞാപനം പുറപ്പെടുവിക്കുകയും കഴിഞ്ഞ ഡിസംബറിൽ ഇൻറർവ്യൂ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് യോഗ്യരായ ആരെയും കണ്ടെത്താനായില്ലെന്നാണ് സെർച് കമ്മിറ്റി വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു വിദഗ്ധ കമ്മിറ്റി രൂപവത്കരണം. എം.സി.സി. ഡയറക്ടറാണ് ഇരു കമ്മിറ്റിയുടെയും കൺവീനർ.
കളമശ്ശേരി മെഡിക്കൽ കോളജിനോട് ചേർന്ന കൊച്ചി കാൻസർ സെ ന്ററിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഈ വർഷംതന്നെ സെൻറർ നാടിനു സമർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സ്ഥിരം ഡയറക്ടറില്ലാത്തത് അവസാനഘട്ട പ്രവർത്തനങ്ങളെയും പ്രവർത്തനം ആരംഭിക്കുന്നതിന്റെ പ്രാഥമിക ജോലികളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.