കൊച്ചി നഗരസഭ: ഒടുവിൽ സോൺട പടിക്ക് പുറത്ത്, കരിമ്പട്ടികയിൽ പെടുത്തും
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ ബയോമൈനിങ്ങിന് കരാർ എടുത്തിരുന്ന സോൺട ഇൻഫോടെക്കിനെ ഒഴിവാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനം. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനും ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.
ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ രൂപപ്പെട്ടതിന് പിന്നാലെ സോൺട ഇൻഫോടെക്കിനെ ഒഴിവാക്കാൻ കോർപറേഷൻ സർക്കാറിന്‍റെ അനുമതി തേടിയിരുന്നു. സർക്കാർ തുടർ നടപടികൾക്ക് അനുമതി നൽകിയതിന് പിന്നാലെ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിൽ കമ്പനി നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കൗൺസിൽ വിലയിരുത്തി.
പരിചയ സമ്പന്നരായ പുതിയ കമ്പനിയെ ബയോമൈനിങ്ങിനായി ചുമതലപ്പെടുത്തും. ഇതിനായി പുതിയ ടെൻഡർ സോൺടയുടെ ചെലവിലും ഉത്തരവാദിത്തത്തിലും ക്ഷണിക്കും. മാലിന്യ സംസ്കരണ കാര്യത്തിൽ കമ്പനി ഒന്നും ചെയ്തില്ലെന്ന് പറയുന്നില്ലെങ്കിലും ഒട്ടേറെ വീഴ്ചകൾ വരുത്തിയതായി മേയർ എം. അനിൽകുമാർ കൗൺസിൽ യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ന്യൂനതകൾ ചൂണ്ടിക്കാട്ടി പലതവണ കമ്പനിക്ക് കത്തു നൽകിയിരുന്നു. എന്നാൽ, ഇത് പരിഹരിക്കാൻ നടപടിയുണ്ടായില്ല.
രാഷ്ട്രീയമായി സോൺടയെ പിന്തുണക്കാൻ ആരുടെയെങ്കിലും ഭാഗത്തുനിന്ന് സമ്മർദമുണ്ടായിട്ടില്ല. സോൺട ആരംഭിച്ചിട്ടുള്ള നിയമനടപടികളെ നേരിടും. ഇതിന്‍റെ മേൽനോട്ടത്തിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.