മുന്നറിയിപ്പില്ലാതെ സർവിസ് റദ്ദാക്കി; യാത്രക്കാർ പ്രതിഷേധിച്ചു
text_fieldsനെടുമ്പാശ്ശേരി: മുന്നറിയിപ്പില്ലാതെ സർവിസ് റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ജെറ്റ് എയർവേസിൽ യാത്രചെയ്യാനെത്തിയവർ കൗണ്ടറിനുമുന്നിൽ കുത്തിയിരിപ്പ് നടത്തി. രാവിലെ 7.20ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന സർവിസാണ് റദ്ദാക്കിയത്. യാത്രക്കാരെ സുരക്ഷപരിശോധന പൂർത്തിയാക്കി ഹാളിൽ പ്രവേശിപ്പിച്ചശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയിക്കുന്നത്.
ഡൽഹിയിൽ നടക്കുന്ന പ്രിൻറ് എക്സ്പോയിൽ പ്രതിനിധികളായി പങ്കെടുക്കേണ്ട ഏതാനുംപേരും ഈ വിമാനത്തിലുണ്ടായിരുന്നു.പകരം സംവിധാനമേർപ്പെടുത്താതെ തങ്ങൾ വിമാനത്താവളത്തിൽനിന്ന് പുറത്തുകടക്കുകയില്ലെന്ന പ്രഖ്യാപനവുമായി യാത്രക്കാർ ഓഫിസിനുമുന്നിൽ കുത്തിയിരുന്നു. തുടർന്ന് പൊലീസും സി.ഐ.എസ്.എഫും ഇടപെട്ട് അത്യാവശ്യം പോകേണ്ട യാത്രക്കാരെ മറ്റ് ചില വിമാനങ്ങളിൽ യാത്രയാക്കി.
യാത്രക്കാർ കുറവെന്നപേരിൽ വിമാനം റദ്ദാക്കൽ പതിവാകുന്നു
നെടുമ്പാശ്ശേരി: കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചശേഷം യാത്രക്കാർ കുറവെന്നപേരിൽ സർവിസുകൾ വെട്ടിക്കുറക്കുന്ന പ്രവണത തുടരുന്നു. വിമാനക്കമ്പനികളുടെ നടപടിമൂലം കുടുംബമായി വിനോദയാത്രയും മറ്റും ലക്ഷ്യമിടുന്നവരടക്കം നിരവധിപേരാണ് പ്രതിസന്ധിയിലാവുന്നത്. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിക്കുന്ന വിമാനക്കമ്പനികൾ പലതും രണ്ടോ മൂന്നോ മാസം കഴിഞ്ഞുള്ള തീയതിയാണ് യാത്രക്കായി നൽകാറുള്ളത്. വിമാനക്കമ്പനികൾ ആകെയുളള സീറ്റുകളിൽ നിശ്ചിത ശതമാനം മാത്രമേ ഇത്തരത്തിൽ കുറഞ്ഞനിരക്കിന് വിതരണം ചെയ്യുകയുള്ളൂ. ശേഷിക്കുന്ന ടിക്കറ്റുകൾക്ക് ഉയർന്ന നിരക്ക് ഈടാക്കുകയും ചെയ്യും.
എന്നാൽ, ഇത്തരം ദിവസങ്ങളിൽ കൂടിയ നിരക്കിനുളള ടിക്കറ്റുകൾ വിറ്റഴിക്കപ്പെടാതെ വരുമ്പോഴാണ് സർവിസ് നഷ്ടമാകുമെന്ന് കണ്ട് റദ്ദാക്കുന്നത്. എന്തെങ്കിലും സാങ്കേതികത്തകരാർ വിമാനത്തിന് സംഭവിച്ചെന്ന് യാത്രക്കാരോട് പറയുകയും ചെയ്യും. നിരക്ക് തിരികെ നൽകിയാലും സർവിസ് നടത്തുന്നതിനേക്കാൾ ചെലവ് കുറയുമെന്നാണ് വിമാനക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. പ്രഖ്യാപിക്കപ്പെട്ട സർവിസുകൾ യാത്രക്കാർ കുറവെന്ന പേരിൽ റദ്ദാക്കരുതെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷെൻറ കർശന നിർദേശമുണ്ടെങ്കിലും വിമാനക്കമ്പനികൾ ഇത് കാറ്റിൽപറത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.