അന്താരാഷ്ട്രതലത്തിലേക്ക് കൊച്ചി ഫിഷറീസ് ഹാർബറിനെ ഉയർത്തും; ഹാർബർ നവീകരണം പുനരാരംഭിച്ചു
text_fieldsമട്ടാഞ്ചേരി: അന്താരാഷ്ട്രതലത്തിലേക്ക് കൊച്ചി ഫിഷറീസ് ഹാർബറിനെ ഉയർത്താനുള്ള നവീകരണ പദ്ധതിക്ക് ജീവൻ വെക്കുന്നു. ഹാർബർ സംരക്ഷണ സമിതിയുടെ ശക്തമായ ഇടപെടലുകളെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
ഹാർബറിലേക്കുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങളാണ് ആദ്യം തുടങ്ങിയത്. അതേസമയം, 12 മീറ്റർ വീതിയിലുള്ള നവീകരണമാണ് അധികൃതർ പറഞ്ഞിരുന്നതെന്നും ആറ് മീറ്റർ വീതിയിലാണ് ഇപ്പോൾ നടക്കുന്നതെന്നും ധാരണ പ്രകാരമുള്ള 12 അടിയിൽതന്നെയുള്ള നവീകരണം വേണമെന്നും സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സമിതി ഭാരവാഹികൾ പോർട്ട് അധികൃതരുമായി ചർച്ചയും നടത്തി. വൈസ് ചെയർമാൻ എ.എം. നൗഷാദ്, എൻ.എച്ച്. ഇസ്ഹാക്, സി.എസ്. യൂസഫ്, സി.ബി. റഷീദ് എന്നിവരാണ് ചർച്ച നടത്തിയത്. പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതായി വൈസ് ചെയർമാൻ പറഞ്ഞു.
2021-22 കേന്ദ്ര ബജറ്റിൽ രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചതിൽ ഒന്ന് കൊച്ചി ഫിഷറീസ് ഹാർബറായിരുന്നു.
140 കോടിയുടെ പദ്ധതിയിൽ ആധുനിക മത്സ്യശേഖരണ സംവിധാനങ്ങളും കയറ്റിറക്ക് സൗകര്യങ്ങളും ശുചിമുറി, വിശ്രമകേന്ദ്രം, താപനില നിയന്ത്രിത ലേല കേന്ദ്രം, പാക്കിങ് യൂനിറ്റുകൾ എന്നിവ വിഭാവനം ചെയ്തിരുന്നു. എന്നാൽ, 50 ശതമാനം പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന് ശേഷം നിർമാണം സ്തംഭനാവസ്ഥയിലായി. ഇത് ഹാർബറിൽ മത്സ്യം കൈകാര്യം ചെയ്യുന്നതിനെ ബാധിക്കുകയും ചെയ്തു. തുടർന്ന് ഹാർബർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പോർട്ട് ഉപരോധം അടക്കമുള്ള സമരങ്ങൾ നടത്തി.
ഡിസംബർ 21ന് രണ്ടാംഘട്ട സമരമെന്ന നിലയിൽ കൊച്ചിൻ പോർട്ടിന്റെ ഇരു ടോൾ ഗേറ്റുകളും ഉപരോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെ പോർട്ട് അധികൃതർ സംരക്ഷണ സമിതി നേതാക്കളെ ചർച്ചക്ക് വിളിക്കുകയും അനുകൂല സമീപനമുണ്ടായതിനെ തുടർന്ന് സമരം താൽക്കാലികമായി നിർത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.