കൊച്ചി ഗ്രേറ്റ് ഫയർ: നാടിനെ നടുക്കിയ തീപിടിത്തത്തിന് 132
text_fieldsതീപിടിത്തത്തിൽ നാട്ടുകാർക്ക് അഭയമായ കൽവത്തി മുസ്ലിം പള്ളി
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തം നടന്നിട്ട് ഇന്നേക്ക് 132 വർഷം തികയുന്നു. 1889 ജനുവരി നാലിനായിരുന്നു കായലോരത്തെ സ്ഥാപനങ്ങളും വീടുകളും നക്കിത്തുടച്ച തീപിടിത്തം. കപ്പൽ നിർമാണത്തിൽ കൊച്ചിക്കുണ്ടായിരുന്ന പെരുമ തകർക്കാൻ ബ്രിട്ടീഷുകാർ ആസൂത്രണം ചെയ്ത പദ്ധതി ഒടുവിൽ അവർക്കു തന്നെ വിനയായ തീപിടിത്തമായി മാറുകയായിരുന്നു. മേഖലയിലെ മുന്നൂറോളം വീടുകളും കത്തിനശിച്ചു.
കൊച്ചി കായൽ തീരത്ത് അന്ന് പത്തോളം കപ്പൽ നിർമാണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ആഞ്ഞിലി, തേക്ക് തടികൾ കൊണ്ടായിരുന്നു നിർമാണം. ഈടും ഉറപ്പും മാത്രമല്ല വിലക്കുറവും കൊച്ചി കപ്പലുകളുടെ പ്രത്യേകതയായിരുന്നു. അതിനാൽ അറബികളും യൂറോപ്യരും കൊച്ചിയിലെ കപ്പലുകൾ വാങ്ങാൻ താൽപര്യം പുലർത്തിയിരുന്നത് ബ്രിട്ടീഷ് കപ്പൽ നിർമാണ കമ്പനികളെ അസൂയാലുക്കളാക്കി.
അങ്ങനെയിരിക്കെയാണ് 1887 ൽ 5000 ടൺ ചരക്ക് വഹിക്കാൻ ശേഷിയുള്ള 'ചന്ദ്രഭാനു' കപ്പൽ കൊച്ചിയിൽ പണിത് നീറ്റിലിറക്കിയത്. കലി പൂണ്ട ബ്രിട്ടീഷ് കമ്പനികൾ ബ്രിട്ടീഷ് സർക്കാറിനെ സ്വാധീനിച്ച് കപ്പൽ ഉടമക്കെതിരെ കേസ് കൊടുത്തു. ബ്രിട്ടീഷ് കമ്പനികൾക്ക് അനുകൂലമായി വിധി വന്നു. കപ്പൽ കണ്ടുകെട്ടാനും ഉടമയിൽനിന്ന് വൻ തുക പിഴയായി ഈടാക്കാനുമായിരുന്നു വിധി.
കൽവത്തി കായൽ തീരത്തുനിന്ന് വടക്ക് പടിഞ്ഞാറ് മാറി ഇപ്പോഴത്തെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിെൻറ സ്ഥലത്ത് കോടതി വിധി പ്രകാരം കപ്പൽ കെട്ടിയിട്ടു. രണ്ടുവർഷം കഴിഞ്ഞ് 1889 ജനുവരി നാലിന് വൈകീട്ട് നാലുമണിയോടെ കപ്പലിൽനിന്ന് പുക ഉയർന്നു. ക്രമേണ ആകാശം മുട്ടെ ഉയർന്ന തീയായി മാറി.
ഇതിനിടെ കപ്പൽ കെട്ടഴിച്ചുവിടാൻ ബ്രിട്ടീഷ് ഭരണാധികാരികൾ കൽപിച്ചു. കത്തുന്ന കപ്പൽ കാറ്റിെൻറ ഗതിക്കനുസരിച്ച് പടിഞ്ഞാറോട്ട് നീങ്ങി പുറംകടലിലേക്ക് ഒഴുകുമെന്നായിരുന്നു ഉദ്യോഗസ്ഥർ കണക്ക് കൂട്ടിയിരുന്നത്. എന്നാൽ, കണക്ക് കൂട്ടൽ തെറ്റിച്ച് കപ്പൽ ഒഴുകി വന്നത് കൽവത്തി തീരത്തേക്ക്.
വോൾക്കാട്ട് കമ്പനി സ്ഥിതി ചെയ്യുന്ന ഭാഗത്ത് കപ്പൽ അടിഞ്ഞു. കമ്പനിയും കമ്പനിയിലുണ്ടായിരുന്ന അരി, വെളിച്ചെണ്ണ ഉൾപ്പെടെ സാധനങ്ങളും കത്തി. വെളിച്ചെണ്ണക്ക് തീപിടിച്ചതോടെ അഗ്നിയുടെ ശക്തി വീണ്ടും വർധിച്ചു.
ആ ഭാഗത്തുണ്ടായിരുന്ന യൂറോപ്യൻ കമ്പനികളും മുന്നൂറോളം വീടുകളും കത്തിയെരിഞ്ഞു. അന്ന് ബ്രിട്ടീഷുകാർക്കും നാട്ടുകാർക്കും അഭയമായത് കൽവത്തി മുസ്ലിം പള്ളിയായിരുന്നു. പള്ളിയുടെ ചെറിയൊരു ചായ്പിന് തീപിടിച്ചെങ്കിലും രക്ഷപ്പെട്ട് ഓടിയെത്തിയവർക്ക് പൂർണ സംരക്ഷണം ലഭിച്ചു .
'കൊച്ചി ഗ്രേറ്റ് ഫയർ' എന്നാണ് ബ്രിട്ടീഷുകാർ സംഭവത്തെ അനുസ്മരിച്ചത്. തീപിടിത്തത്തിെൻറ ഓർമക്കായി ഫോർട്ട്കൊച്ചി കടപ്പുറത്ത് വലിയ സ്തൂപമുണ്ട്. ഫോർട്ട്കൊച്ചി കുട്ടികളുടെ പാർക്കിന് സമീപം പോർച്ചുഗീസുകാർ പണിത സാന്താക്രൂസ് ദേവാലയം ഡച്ചുകാർ പൊളിച്ചുനീക്കിയപ്പോൾ ശേഷിച്ച ഏതാണ്ട് മൂന്ന് മീറ്റർ നീളമുള്ള തൂൺ സ്ഥാപിച്ചത് 1890 ഒക്ടോബർ ഏഴിന് തുറമുഖ ഓഫിസറായിരുന്ന ജെ.ഇ. വിൻക്ലറാണ്.
തീപിടിത്തവുമായി തൂണിന് ബന്ധമില്ലെങ്കിലും വിൻക്ലർ സ്ഥാപിച്ച സ്തൂപം ഗ്രേറ്റ് ഫയറിെൻറ സ്മരണയായി കണക്കാക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.