വിനയാകുന്നത് കുടുംബകലഹം 'എറണാ കുളമാകുന്ന വഴികൾ'
text_fieldsകൊച്ചി: വെള്ളക്കെട്ട് ഒഴിയണമെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളുടെ യോജിച്ച നീക്കം വേണം. യോജിപ്പിന്‍റെ കാര്യത്തിൽ കുടുംബകലഹം പോലെ പലതട്ടിലാണ് വകുപ്പുകൾ.
എല്ലാ വർഷവും കാലവർഷത്തിന് മുമ്പ് കാനകളും കനാലുകളും മണ്ണ് നീക്കി ഒഴുക്ക് സുഗമമാക്കണം. ഈ പ്രവൃത്തി കാര്യക്ഷമല്ല. നഗരത്തിലെ ഓടകൾ, മുല്ലശ്ശേരി കനാല്‍, തേവര പേരണ്ടൂര്‍ കനാല്‍, മാര്‍ക്കറ്റ് റോഡ് കനാല്‍, ചിലവന്നൂര്‍ കനാല്‍, ഇടപ്പള്ളി കനാല്‍ എന്നിവയാണ് പ്രധാനമായും ശുചീകരിക്കേണ്ടത്.
ഇതിനായി വിവിധ വകുപ്പുകളിലെ എക്സി. എൻജിനീയര്‍മാരെ ഉള്‍പ്പെടുത്തി മൈനര്‍ ഇറിഗേഷന്‍ എക്സി. എൻജിനീയര്‍ ചെയര്‍പേഴ്സനായി സാങ്കേതിക സമിതി രൂപവത്കരിച്ചിരുന്നു.
ഈ സമിതിയുടെ പ്രവർത്തന മികവ് വിലയിരുത്തുന്ന ചുമതല കൊച്ചി മെട്രോക്കാണ്. വിവിധ വകുപ്പുകളിലെ അധികൃതരെ ഉള്‍പ്പെടുത്തി ജില്ല ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക സെല്ലുമുണ്ടാക്കിയിരുന്നു.
മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഈ സമിതിയും സെല്ലും യോഗം ചേർന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ ഇവർ ഓരോരുത്തരുടെയും ചുമതലയിലുള്ള നടപടികൾ സ്വീകരിച്ചാൽ വെള്ളക്കെട്ട് ഒരുപരിധിവരെ ഒഴിവാക്കാനാകും.
സമിതിയുടെയും സെല്ലിന്‍റെയും യോഗം വിളിക്കാൻ മുൻകൈ എടുക്കേണ്ടത് കോർപറേഷനാണ്. അതേ ഉത്തരവാദിത്തം ജില്ല ഭരണകൂടത്തിനുമുണ്ട്. ഇരുകൂട്ടരും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
യോഗം ചേർന്നാലോ തീരുമാനമെടുത്ത് പിരിയും. അത് നടപ്പാകുന്നത് നഗരവാസികളുടെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. വകുപ്പുകൾ തമ്മിൽ പിണക്കവും തർക്കവുമുണ്ട്. ചിലർ ഇടങ്കോലിടും. ദുരന്ത നിവാരണ അതോറിറ്റികൂടി ചേർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കേണ്ടത്. ദുരന്ത നിവാരണ നിയമത്തിൽപെടുന്നതിനാൽ മറ്റ് വകുപ്പുകളുടെ കോലുവെക്കലൊന്നും ഏശില്ല എന്നാണ് കരുതിയത്.
പക്ഷേ, ദുരന്തവും നിവാരണവും നിയമവുമൊക്കെ നോക്കുകുത്തിയാകുംവിധം വകുപ്പുകൾ പലതും ഉടക്കിട്ടു. അതിനാലാണ് 'ഓപറേഷൻ ബ്രേക്ത്രൂ' മൂന്നാംവർഷമായിട്ടും പൂർത്തിയാകാതെ മുടന്തി നീങ്ങുന്നത്.
വെള്ളക്കെട്ടിന് കാരണം ശക്തമായ മഴ -ഡെപ്യൂട്ടി കലക്ടർ
കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണം ശക്തമായ മഴ പെയ്തതിനാലാണെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ 'മാധ്യമ'ത്തോട് പറഞ്ഞു. 'ഓപറേഷൻ ബ്രേക്ത്രൂ' പദ്ധതിയുടെ പോരായ്മയാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയാനാവില്ല. റോഡിൽനിന്ന് കാനകളിലേക്ക് വെള്ളം ഒഴുകാനുള്ള തടസ്സമാണ് വെള്ളക്കെട്ടിന്‍റെ കാരണമെന്നാണ് കരുതുന്നത്. അത് പരിഹരിക്കാൻ നടപടിയായിട്ടുണ്ട്.
വിഷയം അവലോകനം ചെയ്യാൻ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ബ്രേക്ത്രൂവിന്‍റെ മൂന്നാംഘട്ടമായി ഇപ്പോൾ വിഭാവനചെയ്ത പ്രവൃത്തികളുടെ നിർവഹണത്തിനുള്ള 50 ശതമാനം തുകയുണ്ട്. അതിന്‍റെ പ്രവൃത്തികൾ പൂർത്തിയാകുമ്പോഴേക്ക് ബാക്കി തുകയും ലഭിക്കുമെന്നാണ് പ്രതീക്ഷ.
പഠന റിപ്പോർട്ട് റെഡി; നടപടിയില്ല
നഗരത്തിലെ വെള്ളക്കെട്ടും പ്രളയവും പഠിച്ച് ബാര്‍ട്ടണ്‍ ഹില്‍ ഗവ. എൻജിനീയറിങ് കോളജ് അധികൃതർ നൽകിയ റിപ്പോർട്ട് കലക്ടറേറ്റിലും കോർപറേഷനിലുമുണ്ട്. നഗരത്തിലെ അഴുക്കുചാലുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 2020 ആദ്യം ശേഖരിച്ചിരുന്നു. നഗരസഭ, ജി.സി.ഡി.എ, കെ.എം.ആർ.എല്‍, പൊതുമരാമത്ത്, ജലസേചന, ആർകൈവ്സ് വകുപ്പ് എന്നിവയുമായി ചേർന്നായിരുന്നു ഇത്.
നഗരത്തിലെ കനാലുകള്‍ വൃത്തിയാക്കാനും നിലനിര്‍ത്താനും കൊച്ചിന്‍ കപ്പല്‍ശാല, ബി.പി.സി.എല്‍, പെട്രോനെറ്റ് എൽ.എൻ.ജി എന്നിവരുടെ സഹകരണവും ആവശ്യമാണ്. അതിന് മുൻകൈയെടുക്കേണ്ടത് ജില്ല കലക്ടറാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തവണ കാലവർഷത്തിന് മുന്നോടിയായി കാനകളുടെ ശുചീകരണം കാര്യമായി നടന്നില്ല. മണ്ണും മാലിന്യവും നീക്കി ഒഴുക്ക് സുഗമമാക്കലാണ് ശുചീകരണത്തിലെ പ്രധാന നടപടി. ഇപ്പോൾ വെള്ളക്കെട്ട് ഉണ്ടായപ്പോഴാണ് കാനകളുടെ മൂടിതുറന്ന് പരിശോധിക്കാൻ നഗരസഭ ആളെ നിയോഗിച്ചത്.
അഴുക്കുചാൽ സംവിധാനം: 80 ശതമാനവും പ്രവർത്തനക്ഷമമെന്ന് നഗരസഭ
കൊച്ചി: നഗരത്തിലെ അഴുക്കുചാൽ സംവിധാനം 80 ശതമാനവും പ്രവർത്തനക്ഷമമെന്ന് നഗരസഭ. എന്നാൽ, അഴുക്കുചാൽ സംവിധാനം എത്ര ശതമാനം പ്രവർത്തനക്ഷമമാണെന്നും റോഡ് അഴുക്കുചാൽ സംവിധാനം കൃത്യമായി പരിശോധിക്കുന്നുണ്ടോ എന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരം നൽകാനും നഗരസഭക്ക് മടി.
ഉത്തരം നൽകിയതിനാകട്ടെ സ്വയം പുകഴ്ത്തലും അവകാശവാദവും. കൊച്ചി സ്വദേശി വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി മേയ് 15ന് സമർപ്പിച്ച ചോദ്യത്തിന് കൃത്യസമയത്ത് മറുപടി നൽകിയത് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടു സോണുകൾ മാത്രം -പച്ചാളവും സെൻട്രൽ സോണും.
പള്ളുരുത്തിയിൽ 85 ശതമാനം പ്രവർത്തനക്ഷമമാണ്. ബാക്കിയുള്ള ഭാഗം സജ്ജമാക്കാൻ പ്രവൃത്തികൾ മേൽനോട്ടം വഹിക്കുന്നുവെന്നും മറുപടിയിൽ പറയുന്നു.
വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി മേയറും കലക്ടറും നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
സെൻട്രൽ സോണിന്റെ പരിധിയിൽ വരുന്ന അഞ്ചു പ്രധാനപ്പെട്ട കനാലുകളായ ടി.പി കനാൽ, മുല്ലശേരി കനാൽ, വിവേകാനന്ദ തോട്, കോന്തുരുത്തി പുഴ, കോയിത്തറ കനാൽ എന്നിവയും മറ്റ് ചെറുതും വലുതുമായ ഡ്രെയിനറുകളും മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഡിസിൽറ്റിങ് ചെയ്‌തിട്ടുള്ളതാണെന്നും പ്രവൃത്തികളുടെ പണം നൽകിയിട്ടില്ലെന്നും നഗരസഭ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.