ലഹരിയിൽ ആറാടി കൊച്ചി; അവസാനിക്കാതെ കൊലവിളിയും
text_fieldsകൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നഗരമായി കൊച്ചിയിൽ ലഹരിക്കച്ചവടത്തിന് കൂച്ച്വിലങ്ങിടാനാകുന്നില്ല. ലഹരിക്കടിമയായവർ തമ്മിലുള്ള ചെറിയ തർക്കം പോലും കൊലപാതകത്തിലാണ് കലാശിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നഗരത്തിൽ ജീവൻ നഷ്ടമായത് മൂന്ന് പേർക്കാണ്.
കോടികളുടെ ലഹരിക്കച്ചവടമാണ് നഗരത്തിന്റെ അകത്തും പുറത്തും നടക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. കാമ്പസുകൾ, ഫ്ലാറ്റുകൾ, മാളുകൾ, മൾട്ടിപ്ലക്സ് തിയറ്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ലഹരിവിൽപന. വാഹന പരിശോധനക്കിടയിലോ അപൂർവമായി ലഹരി സംഘങ്ങൾ ഒറ്റുമ്പോഴോ ആണ് ലഹരി ഉപയോഗിക്കുന്നവരും ചെറുകിട വിൽപനക്കാരും വലയിലാകുന്നത്. ഇതിനപ്പുറം ലഹരി മരുന്നിന്റെ ഉറവിടവും സംഘത്തിലെ പ്രധാനികളെയും വലയിലാക്കാനാകാത്തതാണ് എക്സൈസ്-പൊലീസ് സംഘത്തിന് തലവേദനയാകുന്നത്.
21 വയസ്സിന് താഴെ ലഹരി ഉൽപന്നങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ മുൻപന്തിയിൽ എറണാകുളം ജില്ലയാണ്. 917 യുവാക്കൾക്കെതിരെയാണ് 2020ൽ ജില്ലയിൽ മാത്രം കേസുകൾ എടുത്തത്. ആ വർഷം 151 കേസുകൾ എടുത്ത കോട്ടയവും 150 കേസുകൾ എടുത്ത തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 2021ൽ കേസുകളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി. 605 കേസുകളാണ് സംസ്ഥാനത്ത് മാത്രം എടുത്തത്. 122 കേസുകളാണ് എറണാകുളം ജില്ലയിൽ എടുത്തത്.
ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് ലഹരിവിൽപന സംഘങ്ങൾ വ്യാപകമായി ഇടപാടുകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം യുവാവിനെ കൊന്ന് കാക്കനാട് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവത്തിന് പിന്നിൽ ലഹരിയെച്ചൊല്ലിയുള്ള തർക്കമാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് 19ന് കാക്കനാട്ട് ഫ്ലാറ്റിൽനിന്ന് ഒന്നേകാൽ കിലോ എം.ഡി.എം.എ.യുമായി അഞ്ച് പേരെ എക്സൈസും കസ്റ്റംസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
ജോലിക്കും പഠനത്തിനും കൊച്ചിയിലെത്തുന്നവരാണ് ലഹരി സംഘങ്ങളുടെ കെണിയിൽ ആദ്യം പെടുന്നത്. ഇവർ ഇടനിലക്കാരായി മാറും. കഴിഞ്ഞ ദിവസമാണ് സ്വകാര്യ കമ്പനിയിലെ ഫീൽഡ് എക്സിക്യൂട്ടിവ് ജോലിക്കൊപ്പം ലഹരിമരുന്ന് കച്ചവടവും നടത്തിവരികയായിരുന്ന യുവാവ് പൊലീസ് പിടിയിലായത്. വടുതല എൻ.കെ. ശ്രീധരൻ റോഡിൽ തൈക്കൂട്ടത്തിൽ വീട്ടിൽ ജോക്സി തോമസാണ് (31) പിടിയിലായത്. തൃക്കാക്കരയില്‍ ലഹരിമരുന്നുകളുമായി അഞ്ച് യുവാക്കള്‍ക്കൊപ്പം യുവതിയെ പൊലീസ് പിടികൂടിയിരുന്നു.
ഇതിന് പുറമെ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായ രണ്ട് പെൺകുട്ടികളെ കഴിഞ്ഞ മാസമാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്. കാക്കനാട് നിന്ന് കഴിഞ്ഞ ദിവസം ട്രാൻസ്ജെൻഡറിനെയും മാരകമയക്കുമരുന്നുമായി പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.