തസ്തികകൾ വെട്ടിക്കുറച്ചു; ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് കൊച്ചി ഓഫിസ് പൂട്ടുന്നു
text_fieldsകൊച്ചി: എറണാകുളത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഓഫിസ് പൂട്ടാൻ തീരുമാനം. ജീവനക്കാരോട് കവരത്തിയിലേക്ക് മടങ്ങാൻ നിർദേശം നൽകി ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി. ഓഫിസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണമെന്നും ഫയലുകൾ ദ്വീപിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഹാജരാക്കണമെന്നുമാണ് നിർദേശം.
ഓഫിസിലെ അഞ്ച് ഉദ്യോഗസ്ഥരും ഏഴ് ദിവസത്തിനകം കവരത്തിയിൽ റിപ്പോർട്ട് ചെയ്യണം. കേരളത്തിൽ പഠിക്കാനെത്തുന്ന ലക്ഷദ്വീപിലെ വിദ്യാർഥികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും അറിയിക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും ചുമതലയുണ്ടായിരുന്ന ഓഫിസിനാണ് താഴ് വീഴുന്നത്. സ്കോളർഷിപ് അടക്കമുള്ള കാര്യങ്ങൾക്ക് സമീപിക്കേണ്ടതും ഈ ഓഫിസിനെയായിരുന്നു. ഇനി വിദ്യാർഥികൾ ആവശ്യങ്ങൾക്ക് കവരത്തിയിൽ പോകേണ്ടി വരും.
ഓണം, ക്രിസ്മസ് തുടങ്ങിയ പൊതു അവധി ദിവസങ്ങളിലാണ് സാധാരണ വിദ്യാർഥികൾ ദ്വീപിലെത്തുന്നത്. ഓഫിസ് കവരത്തിയിലേക്ക് മാറ്റിയാൽ കൂടുതൽ ദിവസം പ്രത്യേക അവധിയെടുത്ത് ദ്വീപിലേക്ക് പോകേണ്ടി വരും. ഇതിലൂടെ നടപടിക്രമങ്ങളിലെ കാലതാമസവും യാത്ര ബുദ്ധിമുട്ടും സാമ്പത്തിക ചെലവും ഉണ്ടാകുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പ്രായോഗികമല്ലാത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് അനീസ് വ്യക്തമാക്കി.
നൂറുകണക്കിന് വിദ്യാർഥികളാണ് ലക്ഷദ്വീപിൽനിന്നും കേരളത്തിൽ പഠിക്കാൻ എത്തുന്നത്. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകൾ, എൻജിനീയറിങ് കോളജുകൾ, സർവകലാശാല കാമ്പസുകൾ, മറ്റ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ലക്ഷദ്വീപിലെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഭരണകൂടത്തിെൻറ പുതിയ നടപടിയിലൂടെ വിദ്യാർഥികളുടെ ഭാവി ആശങ്കയിലാണ്. അതേസമയം ജീവനക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും ഓഫിസ് പൂർണമായി നിർത്തലാക്കുന്നില്ലെന്നും അഡ്മിനിസ്ട്രേഷൻ വിശദീകരിക്കുന്നു. എങ്കിൽ മുഴുവൻ ഉപകരണങ്ങളും ഫയലുകളുമടക്കം കവരത്തിയിലേക്ക് മാറ്റുന്നത് എന്തിനാണെന്ന ചോദ്യമാണ് വിദ്യാർഥികൾ ഉയർത്തുന്നത്.
ലക്ഷദ്വീപും കേരളവുമായുള്ള ചരിത്ര ബന്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ നടത്തുന്നതെന്ന് ദ്വീപ് നിവാസികൾ പറയുന്നു. ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം ബേപ്പൂരിൽനിന്നും മംഗളൂരുവിലേക്ക് മാറ്റുന്നതിനുള്ള തീരുമാനവും മുമ്പ് കൈക്കൊണ്ടിരുന്നു. നിയമനടപടികൾ കേരള ഹൈകോടതിയിൽനിന്നും കർണാടകയിലേക്ക് മാറ്റാൻ ശിപാർശ നൽകിയെന്ന വാർത്തകളും ഇതിനിടെയെത്തിയിരുന്നു. പ്രഫുൽ ഖോദ പട്ടേലിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉയർന്നതും നിയമസഭയിൽ പ്രമേയം പാസാക്കിയതും ഭരണകൂടത്തിന് കേരളത്തോടുള്ള താൽപര്യം കുറയാൻ കാരണമായിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.