കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈന്‍:ചൊവ്വാഴ്ച നാടിന് സമർപ്പിക്കും
text_fieldsകൊച്ചി: ഗെയില്‍ (ഇന്ത്യ) ലിമിറ്റഡിെൻറ കൊച്ചി- മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. 450 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ കേരളത്തിലും കര്‍ണാടകയിലും പരിസ്ഥിതിസൗഹൃദ ഇന്ധനം വ്യാപകമാക്കുന്നതില്‍ പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തുന്നത്.
3000 കോടി രൂപ ചെലവിലാണ് നിർമാണം. പദ്ധതിയിലൂടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും സംശുദ്ധ ഇന്ധനം ലഭ്യമാക്കുെമന്ന് ഗെയില്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മനോജ് ജെയിന്, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഇ.എസ്. രംഗനാഥന്, ഡയറക്ടര്‍ (ബിസിനസ് െഡവലപ്മെൻറ്) എം.വി. അയ്യര്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
12 എം.എം.എസ് സി.എം.ഡി വാതകനീക്ക ശേഷിയുള്ള 450 കിലോമീറ്റര്‍ പൈപ്പ് ലൈനിലൂടെ കൊച്ചിയിലെ ലിക്വിഫൈഡ് പ്രകൃതി വാതക (എൽ.എന്‍.ജി) റീ ഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍നിന്നുള്ള വാതകം എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ വഴി കര്‍ണാടകയിലെ മംഗളൂരുവിലെത്തും. 10 ജില്ലകളില്‍ തടസ്സരഹിതവും സൗകര്യപ്രദവും പരിസ്ഥിതിസൗഹൃദവുമായ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി.എന്‍.ജി) കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. പെട്രോ കെമിക്കല്‍, ഊര്‍ജം, രാസവളം മേഖല എന്നിവക്ക് സംശുദ്ധമായ ഇന്ധനമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നതെന്ന് ഗെയിൽ അധികൃതർ പറയുന്നു. രാവിലെ 11ന് വിഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, മുഖ്യമന്ത്രിമാരായ പിണറായി വിജയന്, ബി.എസ്. യെദിയൂരപ്പ, കേന്ദ്ര എണ്ണ- പ്രകൃതി വാതക സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന് എന്നിവര്‍ പങ്കെടുക്കും.
പൂർത്തീകരണം ഏറെ വെല്ലുവിളികൾക്കൊടുവിൽ
2009ൽ അനുമതി നേടി, 2010ൽ നിർമാണം തുടങ്ങിയതാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതി. ഇതിനിടെ, ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്നു. തുടക്കത്തിൽ പൊതുജനങ്ങള്‍ക്കിടയില്‍നിന്നും എതിർപ്പുണ്ടായിരുന്നു. 2016 മുതലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായത്.
പ്രധാനമന്ത്രിയുടെ ഓഫിസ് , കേരള, കർണാടക സർക്കാറുകൾ എന്നിവ നിർമാണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിയതായി ഗെയിൽ അധികൃതർ വ്യക്തമാക്കി. ജനം തിങ്ങിപ്പാര്‍ക്കുന്ന കേരളത്തിലൂടെയുള്ള ക്രോസ്- കണ്ട്രി പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കൽ എൻജിനീയറങ് മേഖലയിൽ കടുത്ത വെല്ലുവിളിയായിരുന്നു. ചതുപ്പുകള്‍, വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍, പാറപ്രദേശങ്ങള്‍, കുന്നുംപുറങ്ങള്‍ എന്നിവയിലൂടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും സങ്കീർണത വർധിപ്പിച്ചു. 414 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കേരളത്തിലെ പൈപ്പ് ലൈന്‍ കടന്നുപോയത് പുഴകളിലൂെടയും മത്സ്യക്കുളങ്ങളിലൂടെയുമെല്ലാമാണ്. ഏറ്റവുമൊടുവിൽ കാസർകോട്ടെ ചന്ദ്രഗിരി പുഴക്കു കുറുകെ പൈപ്പിടുന്നത് ഏറെക്കാലമായി തടസ്സപ്പെട്ടിരുന്നതിനാലാണ് പദ്ധതി പൂർത്തീകരണം വൈകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.