കൊച്ചിയിൽ 200 കോടിയുടെ എം.ഡി.എം.എ പിടികൂടി; സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട
text_fieldsകൊച്ചി: കൊച്ചിയിൽ 200 കോടി രൂപ വിലവരുന്ന ലഹരി മരുന്ന് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടി. 32 കിലോ തൂക്കമുള്ള എം.ഡി.എം.എ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി പദാർഥമാണ് പിടികൂടിയത്. കേരളത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുകയുടെ ലഹരിമരുന്നു പിടികൂടുന്നത്. നഗരത്തിലെ പാഴ്‌സൽ സർവിസ് വഴി എട്ട് വലിയ പെട്ടികളിലാക്കി മലേഷ്യയിലേക്ക് കടത്താൻ പദ്ധതിയിട്ടതായി കരുതുന്ന ലഹരിമരുന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ.എസ്. രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
എറണാകുളം ഷേണായിസ് തിയറ്ററിന് സമീപത്തെ കൊറിയർ സർവിസിലാണ് പാഴ്സലുകൾക്കിടയിൽ സുരക്ഷിതമായി പൊതിഞ്ഞ് കൈമാറ്റത്തിന് ഒരുക്കിയ നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിന് കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞ ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കടുത്ത മയക്കുമരുന്ന് ഇനത്തിൽപെട്ടതും അന്താരാഷ്്്ട്ര വിപണിയിൽ 200 കോടി വിലമതിക്കുന്നതുമാണ് ഈ ലഹരി പദാർഥം. എക്സൈസ് വകുപ്പിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 1927ൽ കണ്ടുപിടിക്കപ്പെട്ട സിന്തറ്റിക് ഇനത്തിൽപ്പെട്ട ഇൗ മയക്കുമരുന്ന് ലോക വ്യാപകമായി നിരോധിച്ചിട്ടുള്ളതാണ്. എം.ഡി.എം.എ ചെറിയ അളവിൽ ഉപയോഗിച്ചാൽ പോലും എട്ട് മുതൽ 10 മണിക്കൂർ വരെ ഇതിെൻറ ലഹരി നിലനിൽക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.സുരേഷ്, എക്സൈസ് ഇൻസ്പെക്ടർ ടി.ജി. കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫിസർ എൻ.ജി അജിത്കുമാർ, എൻ.ഡി ടോമി, പി.ഇ. ഉമ്മർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.