താരമായി ശ്രീധരൻ; ഒന്നും പറയാതെ മോദി
text_fieldsകൊച്ചി: മെട്രോ ഉദ്ഘാടന ചടങ്ങിൽ താരമായത് വേദിയിൽനിന്ന് ആദ്യം ഒഴിവാക്കപ്പെടുകയും പിന്നീട് ഇടം ലഭിക്കുകയും ചെയ്ത ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. വേദിയിലുണ്ടായിരുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടാത്ത ആദരവും കൈയടിയുമാണ് മെട്രോമാൻ ഇ. ശ്രീധരന് ലഭിച്ചത്. പ്രധാനമന്ത്രിയൊഴികെ സംസാരിച്ച എല്ലാവരും ഇ. ശ്രീധരനെ വാനോളം പുകഴ്ത്തി.
സ്വാഗതപ്രസംഗത്തിൽ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് ശ്രീധരെൻറ പേര് പരാമർശിച്ചപ്പോൾ ഉയർന്ന കരഘോഷം മിനിറ്റുകൾ നീണ്ടു. ഇതുമൂലം പ്രസംഗം തുടരാൻ അദ്ദേഹത്തിന് കുറച്ചുസമയം കാത്തുനിൽക്കേണ്ടിവന്നു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ശ്രീധരനെ പേരെടുത്ത് പ്രശംസിക്കാൻ മറന്നില്ല.
ഉദ്ഘാടന ചടങ്ങിന് സാക്ഷിയായ സദസ്സിലും ഏറ്റവും കൂടുതൽ ചർച്ചയായത് ശ്രീധരൻതന്നെ. പ്രധാനമന്ത്രി പാലാരിവട്ടത്തുനിന്ന് പത്തടിപ്പാലത്തേക്ക് നടത്തിയ മെട്രോ യാത്ര വേദിയിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. സ്ക്രീനിൽ ശ്രീധരെൻറ മുഖം തെളിഞ്ഞപ്പോഴെല്ലാം സദസ്സിൽ കൈയടി ഉയർന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീധരനെക്കുറിച്ച് പ്രസംഗത്തിൽ ഒരിടത്തും പരാമർശിക്കാതിരുന്നതും ചർച്ചക്കിടയാക്കി.
ശ്രീധരെൻറ അനിതരസാധാരണ നേതൃപാടവമാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ദൂരം മെട്രോ യാഥാർഥ്യമാക്കിയ ഇ. ശ്രീധരനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പറഞ്ഞു. പ്രശംസയും ജനങ്ങളുടെ കൈയടിയും കണ്ടും കേട്ടും ശ്രീധരൻ വേദിയിൽ നിശ്ശബ്ദനായി ഇരുന്നു.
ജനങ്ങളുടെ ഈ പ്രതികരണം ആദരമായി കാണുെന്നന്നായിരുന്നു പുറത്തുവന്ന ശ്രീധരെൻറ പ്രതികരണം. മെട്രോ ഉദ്ഘാടനവേദിയിൽ ഇ. ശ്രീധരന് ഇടംനൽകാതെ കേന്ദ്രം ക്ഷണക്കത്ത് തയാറാക്കിയത് വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന്, മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് ശ്രീധരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും വേദിയിൽ ഇടം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.