കൊച്ചി മെട്രോ: പ്രവർത്തനലാഭമുണ്ടായാലും നഷ്ടം തുടരും
text_fieldsയാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്നതായാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വിദ്യാർഥികൾക്കുള്ള കൺസഷനടക്കം നിരവധി പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, നഷ്ടത്തിന്റെ കണക്കുകളും ഇതിനൊപ്പം ശ്രദ്ധിക്കേണ്ടതാണ്. യാത്രക്കാരുടെ എണ്ണം വർധിച്ചെന്ന് ചൂണ്ടിക്കാട്ടുമ്പോഴും നഷ്ടക്കണക്ക് തന്നെയാണ് കൊച്ചി മെട്രോക്ക് നിരത്താനുള്ളത്. നഷ്ടത്തിന് കാരണം യാത്രക്കാരുടെ കുറവ് കാരണമെന്ന് പറയാൻ സാധ്യമല്ലെന്ന് സർക്കാർ വിശദീകരിക്കുന്നു.
കൊച്ചി മെട്രോ ഒരു തീവ്ര മൂലധന അധിഷ്ഠിത പദ്ധതിയായതിനാലും ഭീമമായ തുക വായ്പ തിരിച്ചടക്കാൻ വേണ്ടിവരുന്നതിനാലും പ്രവർത്തന ലാഭമുണ്ടായാൽ പോലും നഷ്ടം തുടർന്നുകൊണ്ടേയിരിക്കുമെന്ന് അധികൃതർ വിശദീകരിക്കുന്നു. കേന്ദ്രം അന്തിമാനുമതി നൽകാതെ അവഗണിക്കുമ്പോഴും കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന പാതക്ക് ആവശ്യമായതിന്റെ 40 ശതമാനം ഭൂമി ഏറ്റെടുത്ത് പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കിട്ടിയ ഭൂമിയിലെ 53 ശതമാനത്തോളം പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ചെയ്തുകഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
റോഡിന്റെ വീതി വർധിപ്പിക്കൽ, പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ നീക്കം ചെയ്യൽ ജോലികളാണ് നടക്കുന്നത്. ഫണ്ട് കിട്ടാത്തതിന്റെ താമസം മൂലമാണ് ബാക്കി 60 ശതമാനം സ്ഥലം ഏറ്റെടുക്കുന്നത് വൈകാൻ കാരണം. സർക്കാർ ഫണ്ട് റവന്യൂ വകുപ്പിന് നൽകി സ്ഥലമേറ്റെടുക്കുകയും തുടർന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നൽകുകയുമാണ് ചെയ്യുന്നത്. ഇതുവരെ ലഭിച്ച 135 കോടി രൂപ ഉപയോഗിച്ചാണ് സ്ഥലമേറ്റെടുത്തത്. 100 കോടി കൂടി ഇനിയും ലഭിക്കേണ്ടതുണ്ട്. 11.2 കിലോമീറ്ററിൽ 11 സ്റ്റേഷനുകളായിരിക്കും മെട്രോ രണ്ടാംഘട്ട പാതയിലുണ്ടാകുക. പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെയുള്ള പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. അതേസമയം സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകുന്ന കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ തൂണിന് ചരിവ് സംഭവിച്ചത് തിരിച്ചടിയാണ്.
കൊച്ചി മെട്രോയുടെ വരുമാനം
സാമ്പത്തിക വർഷം, ടിക്കറ്റ് വരുമാനം, ടിക്കറ്റിതര വരുമാനം, ആകെ (തുക കോടിയിൽ)
2017-18 32.17 12.49 44.66
2018-19 41.04 39.05 80.09
2019-20 56.77 37.26 94.03
2020-21 12.90 27.05 39.95
പ്രതിവർഷ നഷ്ടം
2017-18 167.34
2018-19 281.23
2019-20 310.02
2020-21 334.31
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.