െകാച്ചി മെട്രോ: ആദ്യദിന യാത്രക്കാർ 62,320; വരുമാനം 20 ലക്ഷം
text_fieldsകൊച്ചി: െകാച്ചി മെട്രോ പൊതുജനങ്ങൾക്കായി തുറന്ന് നൽകിയ ആദ്യ ദിനത്തിൽ വൻ പൊതുജന പങ്കാളിത്തം. ആദ്യദിന വരുമാനം 20,42,740 രൂപയാണ്. പുലർച്ച മുതൽ വലിയ തിരക്കാണ് മെട്രോ സ്റ്റേഷനുകളിൽ അനുഭവപ്പെട്ടത്. വൈകുന്നേരം ഏഴുവരെ 62,320 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. രാത്രി പത്തുവരെ സർവിസുണ്ടായിരുന്നു.
ആലുവയിൽനിന്ന് പാലാരിവട്ടത്തേക്കും പാലാരിവട്ടത്തുനിന്ന് ആലുവയിലേക്കും ഒരേ സമയത്താണ് ട്രിപ്പുകൾ തുടങ്ങിയത്. രാവിലെ 5.45നാണ് ടിക്കറ്റ് വിതരണം ആരംഭിച്ചെതങ്കിലും പുലർച്ചെ 4.30 മുതൽ സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട ക്യൂവായിരുന്നു. ആറര വരെ ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് മൂന്ന് കൗണ്ടറുകൾ തുറന്നു. സെൽഫിയെടുത്തും ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തും ആളുകൾ യാത്ര ആഘോഷമാക്കി. ടിക്കറ്റ് കൗണ്ടറിൽനിന്ന് പ്ലാറ്റ് ഫോമിലേക്ക് പോകുന്നതിന് മുമ്പുള്ള സുരക്ഷ പരിശോധനയും ടിക്കറ്റ് ഗേറ്റിലെ റീഡിങും പലർക്കും കൗതുകമായി. മുമ്പോട്ട് നീങ്ങിയപ്പോൾ ഓരോ സ്റ്റേഷനുകൾക്കും പശ്ചാത്തലമായി ഒരുക്കിയ ചിത്രങ്ങൾക്ക് മുന്നിൽനിന്ന് ഫോട്ടോയെടുക്കുന്നതിനും തിരക്കുണ്ടായി.
ആദ്യയാത്രക്ക് ഉൾപ്പെടണമെന്ന് കരുതി ടിക്കറ്റെടുത്ത് പ്ലാറ്റ് ഫോമിലേക്ക് കയറിയവർ ഫോട്ടോയെടുക്കുന്ന തിരക്കിൽ ട്രെയിൻ പോയതറിഞ്ഞില്ല. പ്ലാറ്റ് ഫോമിലെത്തിയ ചിലർ മഞ്ഞവര മറികടന്നത് സുരക്ഷ ജീവനക്കാർക്ക് തലവേദനയായി. ആളുകളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ജീവനക്കാർ പണിപ്പെട്ടു.
രണ്ടും മൂന്നും തവണയാണ് ചിലർ യാത്ര നടത്തിയത്. അധികം ആളുകളും പാലാരിവട്ടം മുതൽ ആലുവ വരെയും തിരിച്ചുമാണ് യാത്ര നടത്തിയത്. മെട്രോയിൽ ആദ്യ ദിനം തന്നെ കയറണമെന്ന ആഗ്രഹവുമായി മറ്റുജില്ലകളിൽനിന്നും നിരവധി പേർ എത്തിയിരുന്നു. സന്തോഷ നിമിഷത്തിെൻറ ഭാഗമാകാനാണ് എത്രയും നേരേത്ത എത്തിയതെന്ന് പാലക്കാട് സ്വദേശികളായ വിഷ്ണുവും രാകേഷും പറയുന്നു. ജോലിക്കും മറ്റും പണ്ട് സൈക്കിളിൽ സഞ്ചരിച്ചിരുന്ന വഴിയിലൂടെ മെട്രോയിൽ യാത്ര ചെയ്യാനായത് അഭിമാന നിമിഷമാണെന്ന് ചേരാനല്ലൂർ സ്വദേശി തോമസ് പറഞ്ഞു.
ടിക്കറ്റെടുക്കാൻ നിൽക്കുമ്പോൾ കൂടെയുള്ളവർക്ക് ഇരിക്കാൻ സ്റ്റേഷനിൽ സൗകര്യമില്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് ആലുവയിൽനിന്നെത്തിയ ജോസഫ് പരാതി പറയുന്നു. വീൽചെയറിലെത്തുന്നവർക്ക് പ്രത്യേക പരിഗണനയാണ് മെട്രോ അധികൃതർ നൽകുന്നത്. വീൽ ചെയറില്ലാതെ പാലാരിവട്ടം സ്റ്റേഷനിലെത്തിയ തനിക്ക് എല്ലാ സഹായവും ചെയ്ത് നൽകിയ ജീവനക്കാരോട് നന്ദി പറയുകയാണ് ഭിന്നശേഷിക്കാരനായ അമീറും സഹോദരൻ താഹിറും. രാജ്യത്തെ മറ്റ് മെട്രോകളെക്കാൾ കൂടുതൽ മികച്ചതാണ് കൊച്ചി മെട്രോയെന്ന് മറ്റ് സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിട്ടുള്ള പാലാരിവട്ടം സ്വദേശി ജോൺ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.