മെട്രോ ഉദ്ഘാടനം: പ്രധാനമന്ത്രിയെ ഒഴിവാക്കിയത് അൽപത്തമെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യം പരിഗണിക്കാതെ തിയതി പ്രഖ്യാപിച്ചത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണെന്ന് ബി.ജെ.പി. പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചത് ശരിയായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖൻ പ്രതികരിച്ചു.
ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഒഴിവാക്കിയത് സി.പി.എമ്മിന്‍റെയും സർക്കാരിന്‍റെയും പിടിവാശിയാണ്. പ്രധാനമന്ത്രിയുടെ പരിപാടികൾ നേരത്തെ നിശ്ചയിക്കുന്നതാണ്. മെയ് 29 മുതൽ ജൂൺ മൂന്നു വരെയുള്ള വിദേശ പര്യടനം ഒന്നര മാസം മുമ്പ് നിശ്ചയിച്ച പരിപാടിയാണ്. പ്രധാനമന്ത്രിയുടെ ഒാഫീസ് വിദേശ യാത്രയെക്കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നതാണ്. ജൂൺ അഞ്ചിനും ആറിനും ഒഴിവുണ്ടെന്ന് പി.എം ഒാഫീസ് അറിയിച്ചതാണെന്നും കുമ്മനം പറഞ്ഞു.
വികസന കാര്യങ്ങളിൽ രാഷ്ട്രീയപരമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ വിദേശപര്യടന തീയതി ഏപ്രിൽ 19 നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണ്. മെയ് 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി ഇന്ത്യയിൽ ഇല്ലെന്നറിഞ്ഞുകൊണ്ട് മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ച കേരള സർക്കാർ നടപടി അൽപ്പത്തമാണ്. പ്രധാനമന്ത്രിയെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്.സർക്കാർ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. ടീം ഇന്ത്യ എന്ന സ്പിരിററിലാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും കെ. സുരേന്ദ്രൻ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ സൗകര്യം നോക്കാതെ തീയതി പ്രഖ്യാപിച്ചത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി നേതാവ് എം.ടി.രമേശ് പ്രതികരിച്ചു.
കൊച്ചി മെട്രൊയുടെ ഉദ്ഘാടനം ഈ മാസം മുപ്പതിന് ആലുവയിൽ വെച്ച് നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹത്തിെൻറ അസാന്നിധ്യത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.