ആവേശമായി സ്നേഹയാത്ര; ആഹ്ലാദം പങ്കിട്ട് മന്ത്രിയും
text_fieldsകൊച്ചി: പ്രായത്തിെൻറ അവശതകള്‍ പടികൾ കയറുന്നതിന് അവർക്ക് തടസ്സമായില്ല. കാൽമുട്ടിെൻറ വേദന ആവേശം കൂട്ടിയതേയുള്ളു. കെ.എം.ആർ.എൽ ഒരുക്കിയ സ്നേഹയാത്രക്ക് എത്തിയവരെല്ലാം അത്യധികം സന്തോഷത്തിലായിരുന്നു. കൊച്ചിയുടെ സ്വപ്നയാത്രയില്‍ പങ്കാളിയാകുന്നതിെൻറ സന്തോഷവും വിസ്മയവുമായിരുന്നു ഓരോ മുഖത്തും. കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും വൃദ്ധസദനത്തില്‍ നിന്നുള്ള അന്തേവാസികള്‍ക്കുമായി മാറ്റിവെച്ചിരുന്ന യാത്രയില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കാളിയായി.
മെട്രോ നിർമാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് വേണ്ടിയും പ്രത്യേക യാത്ര സംഘടിപ്പിച്ചു.
രാവിലെയായിരുന്നു ഭിന്നശേഷിക്കാർക്കും വൃദ്ധസദനങ്ങളിൽനിന്നുള്ളവർക്കുമായുള്ള യാത്ര. കുട്ടികള്‍ക്കും അമ്മൂമ്മമാര്‍ക്കും ഭിന്നശേഷിക്കാര്ക്കുമൊപ്പം മധുരം പങ്കിട്ടും സെല്‍ഫിയെടുത്തും മന്ത്രിയും യാത്ര അവിസ്മരണീയമാക്കി.
സാമൂഹികനീതി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള 130 അന്തേവാസികളും ജില്ല കലക്ടറുടെ നേരിട്ടുള്ള സംരംഭമായ ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രനില്‍ (ഒ.ആർ.സി) നിന്നുള്ള 20 കുട്ടികളുമടക്കം 150 പേരാണ് മെട്രോ യാത്ര നടത്തിയത്. സെൻറര്‍ ഫോര്‍ എംപവര്‍മെൻറ് ആന്‍ഡ് എൻറിച്ച്മെൻറിെൻറ ആഭിമുഖ്യത്തില്‍ 450 ഭിന്നശേഷിക്കാരായ കുട്ടികളും മെട്രോ യാത്ര നടത്തി.
ചലച്ചിത്ര നടി രജീഷ വിജയനും യാത്രയില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. കളമേശ്ശരി മുതല്‍ ആലുവ വരെയാണ് മെട്രോയിലെ പ്രത്യേക യാത്ര സംഘടിപ്പിച്ചത്. വിവിധ സംഘങ്ങളായി തിരിച്ച് പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും യാത്ര ഒരുക്കിയത്. സമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സാമൂഹിക നീതി മിഷന് ഡയറക്ടര്‍ ഡോ. അഷീൽ, റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രീതി വില്‍സണ്‍ എന്നിവരും പങ്കെടുത്തു.
മെട്രോ ട്രെയിനിൽ കയറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കുട്ടികൾ പ്രതികരിച്ചു. കുട്ടികൾ നിർമിച്ച ചില വസ്തുക്കളും പെയിൻറിങ്ങുകളും വരച്ച ചിത്രങ്ങളും മന്ത്രിക്ക് സമ്മാനമായി നൽകി. മെട്രൊ ശിലാസ്ഥാപനച്ചടങ്ങിൽ വിതരണം ചെയ്ത ടിക്കറ്റ് ഇപ്പോഴും കൈവശം സൂക്ഷിച്ചവർക്കും യാത്രക്ക് അവസരമൊരുക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ ആറു മുതലാണ് മെട്രോ പൂർണമായും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.