Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി മെട്രോ ഫേസ്...

കൊച്ചി മെട്രോ ഫേസ് ഒന്ന് -ബി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

text_fields
bookmark_border
കൊച്ചി മെട്രോ ഫേസ് ഒന്ന് -ബി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
cancel

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ നിന്ന് ആദ്യ ട്രെയിന്‍ ഗംഗ ഫ്ലാഗ് ഓഫ് ചെയ്തത്. കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിന്റെ സമര്‍പ്പണവും തൃപ്പൂണിത്തുറയില്‍ നിന്നുള്ള മെട്രോ സര്‍വീസിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുന്നതിനോടനുബന്ധിച്ച് തൃപ്പൂണിത്തുറ ടെര്‍മിനലില്‍ സംഘടിപ്പിച്ച ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ വീഡിയോ സന്ദേശം നല്‍കി. ഭിന്നശേഷിയുള്ള 105 കുട്ടികള്‍ ആദ്യ ട്രെയിനില്‍ യാത്ര ചെയ്തു.

കൊച്ചി മെട്രോയിലെ ദൈനംദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തുന്നുവെന്നത് കുറഞ്ഞ നിരക്കില്‍ മികച്ച വരുമാനത്തിലുള്ള പൊതുഗതാഗത സംവിധാനം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ വിജയം കണ്ടു എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് എത്തുന്നതോടെ എറണാകുളം ജില്ലയിലെ പ്രധാന നഗരമായ തൃപ്പൂണിത്തുറയും വികസന പാതയിലേക്ക് പ്രവേശിക്കുകയാണ്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ ഈ സര്‍വീസ് സഹായകരമാകും. 1,35,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ തയാറായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗകര്യവും സഹായകരവുമാകുന്ന സ്റ്റേഷനാണ് തൃപ്പൂണിത്തുറയില്‍ ഒരുങ്ങിയിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. 1999 ജൂലൈ 21 നാണ് ഇ.കെ. നായനാര്‍ അധ്യക്ഷത വഹിച്ച യോഗമാണ് കൊച്ചി മെട്രോ പദ്ധതി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് വിശദമായ പദ്ധതി രേഖ തയാറാക്കി സമര്‍പ്പിച്ചു. തുടര്‍ന്നു വന്ന സര്‍ക്കാരുകള്‍ മെട്രോയുടെ മുന്‍പോട്ടുള്ള യാത്രക്ക് പിന്തുണ നല്‍കി. 2008 ജനുവരി ഒന്നിന് കൊച്ചി മെട്രോ സംയുക്ത പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചു. പാര്‍ലമെന്റ് അംഗമായിരുന്ന ഘട്ടത്തില്‍ ഏറ്റവുമധികം സബ്മിഷന്‍ ഉന്നയിക്കപ്പെട്ടത് കൊച്ചി മെട്രോയുടെ കേന്ദ്ര അനുമതിക്കു വേണ്ടിയായിരുന്നു. പിന്നീട് 2013 ജനുവരി ഒന്നിനാണ് പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം ലഭിക്കുന്നത്. 2017 ലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ആദ്യഭാഗം ഉദ്ഘാടനം ചെയ്യുന്നത്.

അങ്കമാലി അയ്യമ്പുഴയില്‍ ആരംഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയുമായും മെട്രോ ബന്ധിപ്പിക്കാനാണ് പദ്ധതി. തൃപ്പൂണിത്തുറയില്‍ നിന്ന് ഗിഫ്റ്റ് സിറ്റിയുമായി കണക്ടിവിറ്റി വന്നാല്‍ ഏറെ ഗുണകരമാകും. വാട്ടര്‍ മെട്രോയില്‍ അടുത്തത് ചേരാനെല്ലൂര്‍-ചിറ്റൂര്‍-ഏലൂര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. മെട്രോ ആദ്യഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ ഇ. ശ്രീധരന്റെ സംഭാവനകളും മന്ത്രി ഓര്‍മ്മിച്ചു.

മറ്റ് നഗരങ്ങളിലെ മെട്രോ സര്‍വീസുകള്‍ ഏറ്റെടുത്ത് നടത്താനുള്ള വൈദഗ്ധ്യം കെ.എം.ആര്‍.എല്ലിന് കൈവന്നിട്ടുണ്ട്. തൃപ്പൂണിത്തുറയുടെ ചരിത്രവും സംസ്‌കാരവും ഇഴചേരുന്ന മനോഹരമായ രൂപകല്‍പ്പനയാണ് സ്റ്റേഷനുള്ളത്. യാത്രികര്‍ക്കൊപ്പം തന്നെ ടൂറിസത്തിനും മെട്രോയില്‍ പ്രാധാന്യം നല്‍കുകയാണ് ലക്ഷ്യം. തൃപ്പൂണിത്തുറ അത്തച്ചമയം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായി മാറ്റാനും ആലോചിക്കുന്നു. തൃപ്പൂണിത്തുറ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പണമുള്ളവര്‍ക്ക് മാത്രം എന്ന് കരുതപ്പെട്ടിരുന്ന കൊച്ചി മെട്രോ ഇന്ന് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പശ്ചിമകൊച്ചിയിലേക്കുമെല്ലാം മെട്രോ എത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കെ.ബാബു എം.എല്‍എ., കെ.എം.ആർ.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ, കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമാ സന്തോഷ്, കൊച്ചി മെട്രോ ആദ്യ മാനേജിംഗ് ഡയറക്ടര്‍ ടോം ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ആലുവയില്‍ നിന്ന് എസ്.എന്‍ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്റ്റേഷന്‍ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും. അതായത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കും.

രാജനഗരിയിലേക്ക് കൊച്ചി മെട്രോ എത്തുമ്പോള്‍ മെട്രോ സ്റ്റേഷനും രാജനഗരിയുടെ പ്രൌഢിയോടെയാണ് ഒരുങ്ങിയിരിക്കുന്നത്. മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറല്‍ ചിത്രങ്ങളാല്‍ സമ്പന്നമാണ്. തൃപ്പൂണിത്തുറയില്‍ നിന്ന് കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയ ആദ്യ ദിനം പൊതുജനങ്ങളെ വരവേറ്റ മോഹിനിയാട്ടം വേഷത്തിലുള്ള റോബോട്ടും ശ്രദ്ധാകേന്ദ്രമായി.

സ്റ്റേഷന് മുന്‍വശത്തെ തൂണുകളില്‍ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് മ്യൂറല്‍ ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാന്‍സ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാന്‍സ് മ്യൂസിയവും ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. ഈ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇന്റ്റീരിയര്‍ ഡിസൈനിലുമെല്ലാം രാജനഗരിയുടെ പൈതൃകം കൊണ്ടുവരുന്നതിനായി ശ്രമിച്ചിട്ടുണ്ട്.

1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുങ്ങുന്നത്. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്.എന്‍ ജംഗ്ഷന്‍- തൃപ്പൂണിത്തുറ സ്റ്റേഷനുകള്‍ക്കിടയിലെ 60 മീറ്റര്‍ മേഖലയിലാണ്. എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷന്‍ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന്‍ വരെ 1.16 കിലോമീറ്റര്‍ ദൂരമാണ് ഫേസ് 1- ബി. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പിന്നിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Metro
News Summary - Kochi Metro Phase I-B was handed over to the nation by the Prime Minister
Next Story