മെട്രോ പാതയിലെ സാങ്കേതിക തകരാർ: മണ്ണ്, തൂണ് ഘടന പരിശോധന തുടങ്ങി
text_fieldsകൊച്ചി: മെട്രോ തൂണിലെ സാങ്കേതിക തകരാർ കണ്ടെത്താൻ മണ്ണ് പരിശോധന ആരംഭിച്ചു. കൊച്ചി മെട്രോ റെയിലിന്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347ാം നമ്പർ തൂണിലാണ് തകരാർ കണ്ടെത്തിയത്. തൂണിലെ വ്യതിയാനംമൂലം ഈ ഭാഗത്തെ മെട്രോ ട്രാക്കിന്റെ അലൈൻമെന്റിൽ വ്യത്യാസം ഉണ്ടാകുകയായിരുന്നു. കെ.എം.ആർ.എൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ചരിവ് തകരാർ ബോധ്യപ്പെട്ടത്.
ശനിയാഴ്ച കെ.എം.ആർ.എൽ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ തൂണിന്റെയും മണ്ണിന്റെയും ഘടനയാണ് പരിശോധിച്ചത്. ഇത് ഏതാനും ദിവസം നീളും. ജിയോ ടെക്നിക്കൽ ഉപകരണം മുഖേനയാണ് പൈലിങ്ങിലടക്കം തകരാറുണ്ടോയെന്ന് പരിശോധിക്കുന്നത്. തകരാർ സംബന്ധിച്ച് ഡി.എം.ആർ.സി മുൻ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനുമായി അനൗപചാരിക ചർച്ച നടത്തിയിട്ടുണ്ട്. ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിലായിരുന്നു ആലുവ മുതൽ പേട്ട വരെ 25 കി.മീ. മെട്രോ പാത നിർമിച്ചത്.
പാളം ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവും പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനവുംകൊണ്ടും മെട്രോ പാളത്തിൽ ചരിവുകളുണ്ടാകാറുണ്ട്. എന്നാൽ, തൂണിന്റെ ചരിവാണ് പ്രശ്നമെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.