കൊച്ചി മെട്രോ: പിങ്ക് ലൈൻ നിർമാണ കരാറിലേക്ക്
text_fieldsകൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ ഇൻഫോപാർക്ക് പാതയുടെ (പിങ്ക് ലൈൻ) നിർമാണ പ്രവർത്തനങ്ങളിലേക്ക് കെ.എം.ആർ.എൽ അടുക്കുന്നു. നിർമാണ കരാർ വൈകാതെ നൽകാനാണ് തീരുമാനം. റൂട്ടിലെ റോഡ് വീതികൂട്ടലും മറ്റ് മുന്നൊരുക്ക പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇൻഫോപാർക്ക്, ചിറ്റേത്തുകര, കാക്കനാട് അഞ്ചോളം സ്റ്റേഷനുകളുടെ പ്രവേശന വഴിയുടെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സെസ് സ്റ്റേഷൻ പ്രവേശനഭാഗത്തെ പൈലിങ് പൂർത്തീകരിച്ചു. നിർമാണവുമായി ബന്ധപ്പെട്ട ടെൻഡർ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്.
മേഖലയിൽ നിർമാണം ആരംഭിക്കുമ്പോൾ വഴിതിരിച്ചുവിടേണ്ട റോഡുകൾ ഏതൊക്കെയാണെന്ന് തീരുമാനിച്ചിട്ടുണ്ട്. പ്രധാന റോഡ് അടച്ചില്ലെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് സമാന്തര റോഡുകൾകൂടെ പ്രയോജനപ്പെടുത്തുന്നത്. വയഡക്ട് നിർമാണം ആരംഭിക്കുന്നതോടെയാകും വഴിതിരിച്ചുവിടൽ തുടങ്ങുക. നിർമാണം ആരംഭിച്ച് 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഒമ്പത് ബോട്ടുകൂടി ലഭിച്ചാൽ കൂടുതൽ റൂട്ടുകളിലേക്ക്
വാട്ടർ മെട്രോ നിലവിൽ 14 ബോട്ടാണ് സർവിസ് നടത്തുന്നത്. ഇനി ഒമ്പത് ബോട്ടുകൂടി കൊച്ചി കപ്പൽശാലയിൽനിന്ന് ലഭിക്കാനുണ്ട്. ഇതോടെ കൂടുതൽ റൂട്ടുകളിൽ സർവിസ് ആരംഭിക്കും. ഹൈകോർട്ട്-ഫോർട്ട്കൊച്ചി, ഹൈകോർട്ട്-വൈപ്പിൻ, ഹൈകോർട്ട്-ബോൾഗാട്ടി-സൗത്ത് ചിറ്റൂർ, ഏലൂർ-ചേരാനല്ലൂർ, വൈറ്റില-കാക്കനാട് എന്നിങ്ങനെ അഞ്ച് റൂട്ടിലാണ് നിലവിൽ സർവിസ് നടത്തുന്നത്.
നിറഞ്ഞുകവിഞ്ഞ് മെട്രോ
ഈമാസം 17ന് ഏഴാം പിറന്നാൾ ആഘോഷിക്കുന്ന കൊച്ചി മെട്രോയിലെ ഇപ്പോഴത്തെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തോളമാണ്. മേയിലെ 14 ദിവസം ഒരുലക്ഷത്തിന് മുകളിലായിരുന്നു യാത്രക്കാരുടെ എണ്ണം. 12 ദിവസം 95,000ത്തിന് മുകളിലായിരുന്നു. ഇതിൽ ആറുദിവസവും 99,000ത്തോളം പേരുണ്ടായിരുന്നു. 2017 ജൂൺ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. 19ന് കമേഴ്സ്യൽ സർവിസ് ആരംഭിക്കുകയും ചെയ്തു. കാക്കനാട് പൂർത്തീകരിക്കുമ്പോൾ യാത്രക്കാരുടെ എണ്ണം വൻതോതിൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആർ.എൽ.
11.2 കിലോമീറ്ററിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽനിന്നാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, സിവിൽ സ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി എന്നിങ്ങനെയാണ് സ്റ്റേഷനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.