കൊച്ചിയെ ലോകം ശ്രദ്ധിക്കുന്ന നഗരമാക്കും –മുഖ്യമന്ത്രി
text_fieldsകൊച്ചി: മെട്രോക്ക് പുറമെ ഏറ്റവും മികച്ച സമാന്തര ഗതാഗത സംവിധാനങ്ങളൊരുക്കി കൊച്ചിയെ ലോകം ശ്രദ്ധിക്കുന്ന നഗരവും സുപ്രധാന സാമ്പത്തിക കേന്ദ്രവുമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിെൻറ ഭാഗമായ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചി മെട്രോ ലാഭകരമാക്കാൻ മറ്റു സംവിധാനങ്ങളും ഒരുക്കും. തൃപ്പൂണിത്തുറ വരെ മെട്രോ നിര്‍മാണം പൂർത്തിയാക്കാൻ നടപടി എടുത്തു. സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി കലൂർ--കാക്കനാട് ഇൻഫോപാർക്ക് 11 കിലോമീറ്റര്‍ പാതയുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് പിന്നീട് പരിഗണിക്കും. മെട്രോയും വാട്ടര്‍ മെട്രോയും മികച്ച ബസ് സര്‍വിസുകളും അടങ്ങുന്ന പൊതുഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യം. 747 കോടി ചെലവ് വരുന്ന വാട്ടര്‍ മെട്രോ പദ്ധതി വൈകാതെ നടപ്പാക്കും. വേമ്പനാട്ട് കായല്‍തീരത്തും ദ്വീപുകളിലുമുള്ളവർക്ക് ഉപജീവനം കണ്ടെത്താൻ പദ്ധതി സഹായിക്കും.
കൊച്ചിക്കായി വൈദ്യു, സി.എൻ.ജി ബസുകളും പരിഗണനയിലുണ്ട്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതികളും മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയും സമയബന്ധിതമായി നടപ്പാക്കും. ദേശീയ ജലപാത വികസനം 2020ഓടെ പൂര്‍ത്തീകരിക്കും. ഇടപ്പള്ളി മുതല്‍ കലൂര്‍ വരെ 24 കോടി ചെലവഴിച്ച് ഡ്രെയ്നേജ്- കം- വാക്ക് വേ നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി. തോമസ് എം.പി, എം.എൽ.എമാരായ ഹൈബി ഈഡന്, അന്‍വര്‍ സാദത്ത്, ജോണ്‍ ഫെര്‍ണാണ്ടസ,് റോജി എം. ജോണ്‍, മേയര്‍ സൗമിനി ജയിന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, കലക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുല്ല, ഇ. ശ്രീധരന്, കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തുനേരേത്ത കലൂർ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഷനില്‍ പുതിയ പാതയിലെ സർവിസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ജനപ്രതിനിധികളും മഹാരാജാസ് വരെയും തിരിച്ച് കലൂര്‍ സ്റ്റേഷന് വരെയും മെട്രോയില്‍ യാത്ര ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.