കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു; കോവിഡ് മാനദണ്ഡങ്ങൾ കർശനം
text_fieldsഎറണാകുളം: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ക്രമീകരണമൊരുക്കിയാണ് സർവീസുകൾ പുനരാരംഭിച്ചത്. ഇന്നും നാളെയും രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണിവരെയും രണ്ട് മുതൽ വൈകീട്ട് എട്ടുവരെയുമാണ് സർവീസ്. ഉച്ചക്ക് ഒന്നു മുതൽ രണ്ടു വരെ അണുവിമുക്തമാക്കും. ബുധനാഴ്ച മുതൽ സാധാരണ നിലയിൽ സർവീസ് നടക്കും.
ഓരോ 20 മിനിറ്റിലുമായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുക. താപനില പരിശോധിച്ച ശേഷം മാത്രമായിരിക്കും യാത്രക്കാരെ സ്റ്റേഷനിൽ പ്രവേശിപ്പിക്കുക. യാത്രക്കാർക്ക് കൈ വൃത്തിയാക്കാൻ സാനിറ്റൈസർ സജ്ജീകരിച്ചിട്ടുണ്ടാകും.
യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സി.സി.ടി.വി കാമറകളിലൂടെ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുമായി സമ്പർക്കത്തിൽ വരുന്ന സ്ഥലങ്ങളെല്ലാം നാല് മണിക്കൂർ ഇടവേളയിൽ അണുവിമുക്തമാക്കും.
കൊച്ചി വൺ കാർഡ്, ഡിജിറ്റൽ പേയ്മെൻറ് എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകും. മറ്റ് ഇടപാടുകൾക്ക് പ്രത്യേക പണപ്പെട്ടിയും സജ്ജീകരിക്കും.
അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ കൊച്ചി മെട്രോ യാത്ര നിരക്ക് കുറച്ചിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം 50 രൂപയായിരിക്കും ഏറ്റവും ഉയർന്ന ചാർജ്. മുൻപ് ഇത് 60 രൂപയായിരുന്നു. കൊച്ചി വൺ കാർഡ് ഉടമകൾക്ക് 10 ശതമാനം ഇളവ് ലഭിക്കും.
10, 20, 30, 50 എന്നിങ്ങനെ നാല് നിരക്കുകളായിരിക്കും ആകെ ഇനിയുണ്ടാകുക. വീക്കെൻഡ്, വീക്ക് ഡേ പാസുകൾക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 125 രൂപയായിരുന്ന വീക്ക് ഡേ പാസിന് ഇനി 110 രൂപയായിരിക്കും. 250 രൂപയായിരുന്ന വീക്കെൻഡ് പാസ് 220 രൂപയുമായിരിക്കും.
പുതിയ നിരക്ക് പ്രകാരം ഒരാൾക്ക് അഞ്ച് സ്റ്റേഷനുകൾ വരെ 20 രൂപക്കും 12 സ്റ്റേഷനുകൾ വരെ 30 രൂപക്കും അതിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് 50 രൂപക്കും യാത്ര ചെയ്യാം.
ഇതോടൊപ്പം, തൈക്കൂടം - പേട്ട ഒന്നാം ഘട്ടത്തിന്‍റെ ഉദ്‌ഘാടനം 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എസ്.എൻ ജംങ്ഷൻ - തൃപ്പൂണിത്തുറ നിർമാണ ഉദ്ഘാടനവും ഒന്നാംഘട്ടം പൂർത്തിയാകുന്നതിന്‍റെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. ബഹു. കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ് പുരി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
തൈക്കൂടം - പേട്ട വരെ ഒന്നേകാൽ കിലോമീറ്റർ ദൂരമാണുള്ളത്. ഇതോടെ, ആലുവ മുതൽ പേട്ട വരെ 24 കിലോമീറ്റർ ദൂരം യാത്ര ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.