കൊച്ചി മെട്രോ മഹാരാജാസ് സ്റ്റേഷൻ-തൈക്കൂടം പാത നാടിന് സമർപ്പിച്ചു
text_fieldsകൊച്ചി: സർക്കാർ ചെലവാക്കുന്നത് പൊതുജനത്തിെൻറ പണമാണെന്നും അത് ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ നിക്ഷേപത്തിലേക്ക് പോകാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കും.
ഇക്കാര്യത്തിൽ എല്ലാ തലത്തിലും കർശന നിരീക്ഷണമുണ്ടാകുമെന്നും പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അഴിമതി പരാമർശിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഷനിൽനിന്ന് തൈക്കൂടത്തേക്കുള്ള കൊച്ചി മെട്രോ പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിദുരന്തങ്ങൾക്ക് തകർക്കാനാവാത്ത നാടായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. അത്തരം പുനർനിർമാണപ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊച്ചിയുടെ നിത്യജീവിതത്തിെൻറ ഭാഗമാണ് മെട്രോ. കേവലം മെട്രോ റെയിൽ സർവിസിനപ്പുറം സമഗ്ര ഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചിയെ മാറ്റാൻ നടപടി തുടങ്ങിക്കഴിഞ്ഞു. വാട്ടർ മെട്രോ പദ്ധതി ഇതിെൻറ ഭാഗമാണ്. ഇതിനായി ഏറ്റെടുക്കുന്ന സർക്കാർഭൂമി മുഴുവൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ) കൈമാറി. സ്വകാര്യഭൂമി ഏറ്റെടുക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. കൊച്ചിയുടെ ജലഗതാഗത സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് 743 കോടി ചെലവിൽ നടപ്പാക്കുന്ന വാട്ടർ മെട്രോ പദ്ധതി 2020 മാർച്ചിൽ പൂർത്തിയാക്കും. വേമ്പനാട്ടുകായലിെൻറ തീരപ്രദേശങ്ങളിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടാൻ പദ്ധതി സഹായിക്കും. ദേശീയ ജലപാത കമീഷൻ ചെയ്യുന്നതോടെ ബേക്കൽ മുതൽ കോവളംവരെ വലിയൊരു ടൂറിസം സാധ്യത തുറന്നുകിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാട്ടര്‍ മെട്രോയുടെ വൈറ്റില ടെര്മിനലിെൻറയും പേട്ട-എസ്.എൻ ജങ്ഷൻ മെട്രോ പാതയുടെയും നിർമാണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭവന, നഗര വികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും മഹാരാജാസ് സ്റ്റേഷനിൽനിന്ന് കടവന്ത്ര വരെ മെട്രോയിൽ സഞ്ചരിച്ചു. തൈക്കൂടം പാതയിൽ യാത്രക്കാർക്കായുള്ള കൊച്ചി മെട്രോ സർവിസ് ബുധനാഴ്ച തുടങ്ങും.
ആരവങ്ങളേറ്റുവാങ്ങി ‘മെട്രോ മാൻ’
കൊച്ചി: മെട്രോ തൈക്കൂടം വരെ നീട്ടിയതിെൻറ ഉദ്ഘാടനവേദിയിലും താരമായത് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ‘മെട്രോ മാൻ’ എന്നറിയപ്പെടുന്ന ഡോ. ഇ. ശ്രീധരൻ. ഓരോ തവണ പേര് പറയുമ്പോഴും നിലക്കാത്ത കൈയടിയാണ് സദസ്സിൽനിന്നുയർന്നത്. സ്വാഗത പ്രസംഗം മുതൽ കേന്ദ്രമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രസംഗത്തിലുൾപ്പെടെ ശ്രീധരെൻറ പേര് പരാമർശിച്ചപ്പോൾ വൻ കരഘോഷം ഉയർന്നു.
റെക്കോഡ് വേഗത്തിൽ മെട്രോ നിർമാണം പുരോഗമിച്ചതിെൻറ നേരവകാശിയായതിനാലാണ് ഇത്രയധികം കരഘോഷം സദസ്സിൽനിന്ന് ശ്രീധരന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സദസ്സിൽനിന്ന് ഏറ്റവും കൂടുതൽ കൈയടി േനടുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ശ്രീധരനെക്കുറിച്ച് സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.