തൃപ്പൂണിത്തുറയിലെ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ബുധനാഴ്ച
text_fieldsകൊച്ചി: കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നാടിന് സമർപ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. ഈ സമയം തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ട ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും.
പുതുതായി നിർമ്മിച്ച തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45 മുതൽ കൊച്ചി മെട്രോ ഫേസ് 1-B നാടിന് സമർപ്പിക്കുന്നതിന്റെ ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ്.എൻ ജങ്ഷനിലേക്കുള്ള യാത്ര നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്റ്റേഷൻ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും. അതായത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കും.
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നമാണ്. സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് മ്യൂറൽ ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശിൽപങ്ങളുമായി ഒരുക്കിയ ഡാൻസ് മ്യൂസിയം ഈ സ്റ്റേഷന്റെ പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. ഈ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയ ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇന്‍റീരിയർ ഡിസൈനിലുമെല്ലാം രാജനഗരിയുടെ പൈതൃകം കൊണ്ടുവരുന്നതിനായി ശ്രമിച്ചിട്ടുണ്ട്.
1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. എസ്.എൻ ജങ്ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വരെ 1.16 കിലോമീറ്റർ ദൂരമാണ് ഫേസ് 1- ബി. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക. ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുൾപ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.