കൊച്ചി മെട്രോ യാത്ര 14 ദിവസം പാതി നിരക്കിൽ
text_fieldsകൊച്ചി: നഗരത്തിെൻറ പ്രധാനഭാഗങ്ങളാകെ കീഴടക്കി മഹാരാജാസ് കോളജ് സ്റ്റേഷനിൽനിന്നും തൈക്കൂടം വരെ കൊച്ചി മെട്രോ ഓടിയെത്തുന്നത് നിരവധി സമ്മാനങ്ങളുമായി. പുതിയ പാതയുടെ ഉദ്ഘാടനവും ഉത്സവ സീസണും കണക്കിലെടുത്ത് സെപ്റ്റംബർ നാല് മുതൽ 18 വരെ കെ.എം.ആർ.എൽ ഇളവുകൾ പ്രഖ്യാപിച്ചു. മെട്രോ വൺ കാർഡ് ഉപയോഗിക്കുന്നവരുൾപ്പെടെ എല്ലാ യാത്രക്കാർക്കും നിരക്കിൽ അൻപത് ശതമാനം ഇളവ് ലഭിക്കും. നിലവില്‍ ട്രിപ്പ് പാസ് ഉള്ള യാത്രക്കാര്‍ക്ക് അമ്പത് ശതമാനം നിരക്ക് കാഷ് ബാക്കായി ലഭിക്കും. എല്ലാ മെട്രോ സ്റ്റേഷനുകളിലും പാർക്കിങ് സെപ്റ്റംബർ 25 വരെ സൗജന്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നഴ്സുമാർക്ക് സൗജന്യ യാത്രയുമൊരുക്കുന്നുണ്ട്. ആതുരശുശ്രൂഷ രംഗത്ത് അവർ നൽകുന്ന സേവനങ്ങളോടുള്ള ആദരവ് എന്ന നിലയിലാണ് നഗരത്തിലെ 350 ഓളം നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നതെന്ന് കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമൊത്തായിരിക്കും യാത്ര. ഈ ദിവസം കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്ന നഴ്സുമാര്‍ക്ക് കാഷ് ബാക്ക് ഓഫറുമുണ്ട്. തുടർന്ന് നഗരത്തിലെ വിവിധ വൃദ്ധസദനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് വേണ്ടിയും പ്രത്യേക യാത്ര നടത്തും. 2.84 കോടി യാത്രക്കാരാണ് 2017ൽ ഉദ്ഘാടനം ചെയ്തശേഷം കൊച്ചിമെട്രോ ഉപയോഗിച്ചത്.
മഹാരാജാസ് കോളജ് സ്റ്റേഷൻ മുതൽ തൈക്കൂടം വരെയുള്ള സർവിസിന് സുരക്ഷ കമീഷണറുടെ അനുമതി പത്രം കെ.എം.ആർ.എല്ലിന് കൈമാറി. ചൊവ്വാഴ്ച രാവിലെ 11ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പേട്ടയിൽനിന്നും എസ്.എൻ ജങ്ഷനിലേക്കുള്ള പാതയുടെ നിർമാണോദ്ഘാടനവും ജലമെട്രോ പദ്ധതിയുടെ ആദ്യ ടെർമിനലിെൻറ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും.
കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി, സംസ്ഥാന ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, കൊച്ചി നഗരസഭ മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.ടി തോമസ്, എം.സ്വരാജ്, ചീഫ് സെക്രട്ടറി ടോംജോസ്, കെ.എം.ആർ.എൽ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ്, ഡി.എം.ആർ.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ, ജില്ല കലക്ടർ എസ്.സുഹാസ് എന്നിവർ പങ്കെടുക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള സർവിസ് ബുധനാഴ്ചയായിരിക്കും ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.