കൊച്ചി മെട്രോയുടെ സർവിസ് ട്രയലിന് തുടക്കമായി VIDEO
text_fieldsകൊച്ചി: കൊച്ചി മെട്രോയുടെ ഒന്നിലധികം ട്രെയിനുകൾ ഉപയോഗിച്ചുള്ള സർവിസ് ട്രയലിന് തുടക്കമായി. സർവിസ് നടത്താൻ കേന്ദ്ര മെട്രോ റെയിൽ സുരക്ഷ കമീഷണറുടെ അന്തിമാനുമതി ലഭിച്ചതിന് പിന്നാലെയാണ് സർവിസ് ട്രയൽ നടത്തുന്നത്. രാവിലെ ആറു മണിക്ക് ആലുവയിൽ നിന്ന് രണ്ട് ട്രാക്കുകളിലാണ് ട്രയൽ പുരോഗമിക്കുന്നത്. സിഗ്നൽ സംവിധാനവും യാത്രക്കാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനൗൺസ്മെന്റ് സംവിധാനവുമാണ് ട്രയലിൽ ഉൾപ്പെടുന്നത്. ശേഷിക്കുന്ന അനുബന്ധ സംവിധാനങ്ങളുടെ പൂർത്തീകരണം, യാത്രക്കാർക്ക് സ്മാർട്ട് കാർഡ് വിതരണം എന്നിവയാണ് ഇനി നടക്കാനുള്ളതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർ അറിയിച്ചു.
മെട്രോ സർവീസിന്റെ ഉദ്ഘാടന തീയതി മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. അടുത്തമാസം ആദ്യം തന്നെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് മുമ്പ് കേരളത്തിൽ എത്തുന്നുണ്ടെങ്കിൽ ഇൗ മാസം അവസാനം നടക്കാനും സാധ്യതയുണ്ട്. ഇൗ മാസം പകുതിക്ക് ശേഷം എന്ന് വേണമെങ്കിലും ഉദ്ഘാടനം നടത്താവുന്ന വിധത്തിലാണ് ഒരുക്കം പുരോഗമിക്കുന്നത്.
ഇന്ന് സർവിസ് ട്രയൽ തുടങ്ങിയെങ്കിലും പൂർണസജ്ജമായ സർവിസിെൻറ രൂപത്തിലായിരിക്കില്ല. അനുബന്ധ സംവിധാനങ്ങളും സൗകര്യങ്ങളും പരീക്ഷണ കാലയളവിൽ ഘട്ടംഘട്ടമായി ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സംവിധാനവും പൂർണമായും തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതുവരെ സർവിസ് ട്രയൽ തുടരും. തുടർന്ന് സർവിസുകളുടെ സമയക്രമം ഉൾപ്പെടുത്തി ഷെഡ്യൂൾ തയാറാക്കും. മൂന്നു കോച്ചുള്ള ആറു ട്രെയിനാകും തുടക്കത്തിൽ സർവിസ് നടത്തുക. രാവിലെ ആറു മുതൽ രാത്രി 11 വരെ 10 മിനിറ്റ് ഇടവിട്ടാകും സർവിസ്. തിരക്ക് കുറവുള്ള സമയങ്ങളിൽ ഇൗ ഇടവേള ദീർഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
ആലുവ മുതൽ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഉദ്ഘാടന സജ്ജമായത്. ഇതിനിടയിൽ 11 സ്റ്റേഷനുണ്ട്. മിനിമം നിരക്ക് 10 രൂപ. ആലുവ മുതൽ കമ്പനിപ്പടി വരെ 20 രൂപ, കളമശേരി വരെ 30 രൂപ, ഇടപ്പള്ളി വരെ 40 രൂപ എന്നിങ്ങനെയാണ് പ്രാഥമികമായി നിശ്ചയിച്ചിട്ടുള്ളത്. ആലുവയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 20 മിനിറ്റ് കൊണ്ട് പാലാരിവട്ടത്തെത്തും. ദിശാബോർഡുകൾ, സീസി ടി.വി കാമറ തുടങ്ങി സുരക്ഷാ കമീഷണർ നിർദേശിച്ച മറ്റു കാര്യങ്ങൾ അഞ്ചു ദിവസത്തിനകം പൂർത്തിയാക്കും. സ്ഥിരം യാത്രക്കാർക്ക് നൽകുന്ന ‘കൊച്ചി വൺ കാർഡ്’ എന്ന സ്മാർട്ട് കാർഡ് രൂപത്തിലുള്ള ടിക്കറ്റ് നിരക്കിളവോടെ സിനിമ കാണാനും ഷോപ്പിങ് നടത്താനുമുള്ള സൗകര്യമടക്കം പല ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.