കോടതിയിൽ വാക്കുതർക്കം: ആളൂരടക്കം ആറ് അഭിഭാഷകർക്ക് ബാർ കൗൺസിൽ നോട്ടീസ്
text_fieldsകൊച്ചി: വക്കാലത്തില്ലാതെ കോടതിയിൽ ഹാജരായി അഭിഭാഷകനുമായി കോടതി മുറിയിൽ വാക്കു തർക്കമുണ്ടാക്കിയ സംഭവത്തിൽ അഡ്വ. ബി.എ. ആളൂരടക്കം ആറ് അഭിഭാഷകർക്ക് കേരള ബാർ കൗൺസിലിന്‍റെ കാരണം കാണിക്കൽ നോട്ടീസ്. മോഡലിനെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ പ്രതിയായ ഡിംപിൾ ലാംബക്ക് വേണ്ടി സ്വയം ഹാജരായി അവർ വക്കാലത്ത് നൽകിയിട്ടുള്ള അഭിഭാഷകനുമായി പരസ്യമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടത് പരിഗണിച്ചാണ് നടപടി.
അഡ്വ. ആളൂരിനും കൂടെയുണ്ടായിരുന്ന അഭിഭാഷകരായ കെ.പി. പ്രശാന്ത്, എസ്. അനുരാജ്, കൃഷ്‌ണേന്ദു സുരേഷ്, വിഷ്‌ണു ദിലീപ്, അഡ്വ. മുഹമ്മദ് അമീർ എന്നിവർക്കുമാണ് ബാർ കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ നവംബർ 22ന് കോടതി പരിഗണിക്കവേ ഡിംപിളിനുവേണ്ടി അഡ്വ. അഫ്‌സലും അഡ്വ. ആളൂരും ഹാജരായി. ഡിംപിളിന്‍റെ അഭിഭാഷകനാണെന്ന് ഇരുവരും അവകാശവാദമുന്നയിച്ചത് തർക്കത്തിനിടയാക്കി. അഫ്‌സലിനോടു കോടതി മുറിയിൽനിന്ന് പുറത്തുപോകാൻ ആളൂർ ശബ്ദമുയർത്തി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ കോടതി ഇടപെട്ട് താക്കീതു നൽകി.
അഫ്‌സലിനാണ് വക്കാലത്ത് നൽകിയതെന്ന് ഡിംപിൾ വ്യക്തമാക്കിയതോടെ ആളൂർ പിൻവാങ്ങി. ഈ സംഭവത്തെ തുടർന്ന് സ്വമേധയ പരാതി രജിസ്റ്റർ ചെയ്താണ് ബാർ കൗൺസിലിന്‍റെ നടപടി. രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം കാരണം കാണിക്കാനാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.