കൊച്ചിയിലെ മോഡലുകളുടെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
text_fieldsകൊച്ചി: കൊച്ചിയിൽ മോഡലുകൾ ദുരൂഹസാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ബന്ധുക്കൾ. ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെ പോക്‌സോ കേസെടുത്ത പശ്ചാത്തലത്തിലാണ് മോഡലുകളിലൊരാളായ അന്‍സി കബീറിന്‍റെ ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
പെണ്‍കുട്ടികളുടെ മരണത്തില്‍ റോയി വയലാട്ടിന് നേരിട്ട് പങ്കുണ്ടോ എന്ന് സി.ബി.ഐ അന്വേഷിക്കണമെന്ന് അന്‍സി കബീറിന്‍റെ ബന്ധു നസീമുദ്ദീന്‍ ആവശ്യപ്പെട്ടു. മോഡലുകള്‍ അപകടത്തില്‍ മരിച്ച ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാവാം സി.സി.ടി.വി ഹാർഡ് ഡിസ്ക് റോയി നശിപ്പിച്ചത്. സംശയങ്ങള്‍ ബലപ്പെടുന്ന രീതിയിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പുതിയ പരാതിയുമായി എത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നത് എന്നും ഇവർ പറയുന്നു.
നവംബർ ഒന്നിനായിരുന്നു മോഡലുകളായ അൻസി കബീർ (25), അഞ്ജന ഷാജൻ (24) എന്നിവർ വാഹനാപകടത്തിൽ മരിച്ചത്. നമ്പർ 18 ഹോട്ടലിൽ നിന്ന് ഇറങ്ങിയ പിന്നാലെ ഇവരുടെ കാർ ബൈപ്പാസിൽ അപകടത്തിൽപെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് എന്നയാൾ ചികിത്സയിലിരിക്കെയും മരിച്ചു. കേസിൽ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരടക്കം എട്ട് പ്രതികളുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ കുറ്റപത്രം ഈയാഴ്ച കോടതിയിൽ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.