കുഞ്ഞിനെ കൊന്ന് റോഡിൽ വലിച്ചെറിഞ്ഞ സംഭവം; തുമ്പായത് ബാർകോഡും സി.സി.ടി.വിയും
text_fieldsകൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി റോഡിലെറിഞ്ഞ സംഭവത്തിൽ അതിവേഗ അന്വേഷണത്തിൽ പൊലീസിന് തുണയായത് സി.സി.ടി.വി ദൃശ്യങ്ങളെ കൂടാതെ, കൊറിയർ കവറിലുണ്ടായിരുന്ന ബാർകോഡ്. ഓൺലൈൻ വ്യാപാര സൈറ്റായ ആമസോണിൽനിന്നുമുള്ള കൊറിയർ കവറിൽ പൊതിഞ്ഞാണ് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. ഇതിൽ ആരുടെ പേരിലാണ് അയച്ചതെന്ന വിലാസമുണ്ടായിരുന്നെങ്കിലും ഈ ഭാഗം ചോര പടർന്ന് അവ്യക്തമായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന ബാർകോഡ് സ്കാൻ ചെയ്താണ് പ്രതിയിലേക്കെത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നുതന്നെ സമീപത്തെ ഫ്ലാറ്റിൽനിന്ന് കവർ എറിയുന്നത് വ്യക്തമായിരുന്നെങ്കിലും ഇക്കാര്യം ഉറപ്പിക്കേണ്ടിയിരുന്നു. കൂടാതെ, നിരവധി യൂനിറ്റുകൾ ചേർന്ന അപ്പാർട്ട്മെൻറിൽ ഏത് ഫ്ലാറ്റിൽനിന്നാണ് എറിഞ്ഞതെന്നും ആരാണ് എറിഞ്ഞതെന്നുമുള്ള ചോദ്യങ്ങൾ ബാക്കിയായിരുന്നു. തുടർന്ന്, ബാർകോഡ് പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ഫ്ലാറ്റിന്റെ വിലാസം കിട്ടിയത്. ഇതിനു പിന്നാലെ, ഇവരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യലിനായി സ്ഥലത്തെത്തിയത്. എട്ടരയോടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിൽ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജീവനുണ്ടേൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കായിരുന്നില്ലേ...
കൊച്ചി: ‘എന്തിനു ചെയ്തു ഈ ക്രൂരത നീ അതിനോട്? കൊന്നുകളയും മുമ്പ് ഒന്നു ചിന്തിക്കാമായിരുന്നില്ലേ. അമ്മത്തൊട്ടിലിലോ എവിടേലും സുരക്ഷിതമായ സ്ഥലത്തോ ഒക്കെ ഉപേക്ഷിച്ചാൽ പോരായിരുന്നോ? എത്രയെത്ര മാതാപിതാക്കളാണ് ഒരു കുഞ്ഞിക്കാലുകാണാൻ വേണ്ടി ആറ്റുനോറ്റ് മരുന്നും വഴിപാടുമൊക്കെയായി കഴിയുന്നത്. അതിനിടക്ക് എങ്ങനെ ചെയ്യാൻ തോന്നി ഇത്?’ കൊച്ചി വിദ്യാനഗറിൽ കുഞ്ഞിനെ റോഡിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ വിവരമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർക്കും സമീപ ഫ്ലാറ്റുകാർക്കുമെല്ലാം ചോദിക്കാനും പറയാനുമുണ്ടായിരുന്നത് ഇക്കാര്യങ്ങളാണ്.
ജനിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾതന്നെ സ്വന്തം അമ്മയാൽ മാലിന്യപ്പൊതി വലിച്ചെറിയുന്ന ലാഘവത്തിൽ ജീവിതത്തിൽനിന്ന് വലിച്ചെറിയപ്പെട്ട കുഞ്ഞിനെയോർത്ത് എല്ലാവരും തേങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വാർത്തയറിഞ്ഞവർ അപ്പാർട്ട്മെൻറിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. പലരും രോഷാകുലരായി, ചിലർക്ക് കരച്ചിലടക്കാനായില്ല. എം.എൽ.എമാരും കോർപറേഷൻ കൗൺസിലർമാരുൾപ്പെടെ ജനപ്രതിനിധികളും ഉടൻ സ്ഥലത്തെത്തി. നാട്ടുകാർക്കെല്ലാം പറയാനുണ്ടായിരുന്നത് ഇത്രമാത്രം: ‘അവളാ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെങ്കിൽ തക്ക ശിക്ഷ കിട്ടണം'.
വിദ്യാനഗറിലെ പനമ്പിള്ളി നഗർ ലിങ്ക് റോഡിലാണ് സംഭവം നടന്ന ഫ്ലാറ്റ്. ഇതിന്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽനിന്ന് കൊറിയർ കവറിൽ പൊതിഞ്ഞ ആൺകുഞ്ഞിന്റെ കുരുന്ന് ദേഹം മുന്നിലെ കട്ടവിരിച്ച റോഡിലേക്കെറിയുകയായിരുന്നു. ഫ്ലാറ്റിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് തിടുക്കത്തിൽ എറിഞ്ഞപ്പോൾ ലക്ഷ്യം തെറ്റി റോഡിലേക്ക് വീണതായാണ് സൂചന. കുഞ്ഞിന്റെ ദേഹം വീണ സ്ഥലത്ത് ചോരപ്പാടുകൾ പതിഞ്ഞുകിടക്കുന്നുണ്ട്.
അമ്മ ബലാത്സംഗ അതിജീവിത; മാതാപിതാക്കൾക്ക് പങ്കില്ലെന്ന് കമീഷണർ
കൊച്ചി: നവജാതശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ എറിഞ്ഞ പ്രതിയായ അമ്മ ബലാത്സംഗത്തിനിരയായ അതിജീവിതയെന്ന് സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാംസുന്ദർ. 23 വയസ്സുള്ള അവിവാഹിതയാണിവർ. ഇവർ ഗർഭിണിയായിരുന്നെന്ന കാര്യം ഒപ്പമുള്ള മാതാപിതാക്കൾക്ക് അറിയില്ലായിരുന്നെന്നും കുറ്റകൃത്യത്തിൽ അവരുടെ പങ്കാളിത്തമില്ലെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമായതെന്നും കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കുഞ്ഞ് ജനിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നോ അതോ ചാപ്പിള്ളയായി ജനിച്ചതാണോയെന്ന കാര്യം പോസ്റ്റ്മോർട്ടത്തിനുശേഷമേ പറയാനാകൂ. ബലാത്സംഗത്തിനിരയായെന്ന് പെൺകുട്ടി പറഞ്ഞിട്ടുണ്ട്. ഇത് മറ്റൊരു കേസായി അന്വേഷിക്കും.
വീട്ടുകാരറിയാതെ ശൗചാലയത്തിൽ കയറി വാതിലടച്ച് പുലർച്ച അഞ്ചോടെയാണ് പെൺകുട്ടി പ്രസവിക്കുന്നത്. എട്ടോടെയാണ് ബാൽക്കണിയിൽനിന്ന് കുഞ്ഞിനെ എറിയുന്നത്. സംഭവത്തെ തുടർന്നുണ്ടായ ഉൾഭയത്തിൽനിന്നാകാം ഇങ്ങനെ എറിഞ്ഞത്. കുഞ്ഞ് ജീവനോടെയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല. നടപടികൾക്കുശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും കമീഷണർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.